കൊളംബോ: ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റിന്‍റെ ഫൈനലില്‍ ശ്രീലങ്കയെ നേരിടാനിരിക്കുന്ന ഇന്ത്യയ്‌ക്ക് കനത്ത തിരിച്ചടി. പരിക്കേറ്റ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലിന് നാളെ നടക്കുന്ന മത്സരത്തില്‍ കളിക്കാനാവില്ല (Axar Patel unlikely to play India vs Sri Lanka Asia Cup 2023 Final due to injury). സൂപ്പർ ഫോറില്‍ തങ്ങളുടെ അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ കളിക്കവെ അക്‌സറിന് വിവിധ പരിക്കുകളേറ്റിരുന്നു.
തുടയിലെ പേശികള്‍ക്കും വിരലിലുമാണ് അക്‌സറിന് പരിക്കേറ്റിരുന്നത് (Axar Patel Injury). ഇവ സാരമുള്ളതല്ലെങ്കിലും മുന്‍കരുതലിന്‍റെ ഭാഗമായി വിശ്രമം അനുവദിക്കാനാണ് മാനേജ്‌മെന്‍റിന്‍റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ (ODI World Cup 2023 India Squad) 15 അംഗ സ്‌ക്വാഡിലും ഉള്‍പ്പെട്ട താരമാണ് അക്‌സര്‍ പട്ടേല്‍ (Axar Patel).
അക്‌സറിന്‍റെ പകരക്കാരനായി മറ്റൊരു സ്‌പിന്‍ ഓള്‍റൗണ്ടറായ വാഷിങ്‌ടണ്‍ സുന്ദര്‍ (Washington Sundar) കൊളംബോയില്‍ ടീമിനൊപ്പം ചേര്‍ന്നതായാണ് വിവരം (Washington Sundar to replace Axar Patel in Asia Cup 2023). ഈ വര്‍ഷം ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരായ ഹോം പരമ്പരയിലാണ് വാഷിങ്‌ടണ്‍ സുന്ദര്‍ ഇന്ത്യയ്‌ക്കായി കളിച്ചത്. പരിക്ക് ഉള്‍പ്പെടെയുള്ള വിവിധ കാരണങ്ങളാല്‍ ഇതിന് ശേഷം ഇന്ത്യന്‍ ടീമിലേക്ക് എത്താന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല.
ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ സ്‌ക്വഡില്‍ ഉള്‍പ്പെട്ട സുന്ദര്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലായിരുന്നു ഉണ്ടായിരുന്നത്. ഇവിടെ നിന്നുമാണ് താരം കൊളംബോയിലേക്ക് പറന്നത്. അതേസമയം ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ തോല്‍വിയില്‍ അക്‌സറിന്‍റെ പുറത്താവല്‍ ഏറെ നിര്‍ണായകമായിരുന്നു.
സെഞ്ചുറിയുമായി പൊരുതിയ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിന്‍റെ മടക്കത്തിന് ശേഷം എട്ടാമനായി ക്രീസിലെത്തിയ അക്‌സര്‍ ബംഗ്ലാദേശ് ബോളര്‍മാരെ മികച്ച രീതിയില്‍ നേരിട്ടതോടെ ഇന്ത്യയ്‌ക്ക് വിജയ പ്രതീക്ഷയുണ്ടായിരുന്നു. മുസ്‌തഫിസുര്‍ റഹ്‌മാനെതിരെ സിക്‌സര്‍ കണ്ടെത്താനുള്ള ശ്രമത്തിനിടെ 49-ാം ഓവറിന്‍റെ നാലാം പന്തിലാണ് അക്‌സര്‍ പുറത്താവുന്നത്.
34 പന്തില്‍ 42 റണ്‍സെടുത്ത താരം മടങ്ങുമ്പോള്‍ എട്ട് പന്തുകളില്‍ നിന്നായി 12 റണ്‍സായിരുന്നു ഇന്ത്യയുടെ വിജയത്തിന് വേണ്ടിയിരുന്നത്. എന്നാല്‍ ഒരു പന്ത് ബാക്കി നില്‍ക്കെ ഓള്‍ഔട്ടായ ഇന്ത്യ ആറ് റണ്‍സിന്‍റെ തോല്‍വി വഴങ്ങി. അതേസമയം നാളെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തിലാണ് ഇന്ത്യ- ശ്രീലങ്ക ഏഷ്യ കപ്പ് ഫൈനല്‍ നടക്കുന്നത്. റൗണ്ട് റോബിന്‍ രീതിയില്‍ നടന്ന സൂപ്പര്‍ ഫോറില്‍ ഇന്ത്യ ഒന്നും ശ്രീലങ്ക രണ്ടും സ്ഥാനക്കാരായാണ് ഫൈനലിലെത്തിയത്.
ALSO READ: Wankhede Stadium Auction Seats: ധോണിയുടെ ലോകകപ്പ് സിക്‌സർ പതിച്ച സീറ്റുകൾ ലേലത്തിന്...