സിഡ്‌നി: രണ്ടാഴ്‌ചത്തെ ദ്രാവക ഭക്ഷണക്രമത്തിന് ശേഷം 'നെഞ്ച് വേദനയും വിയർപ്പും' അനുഭവപ്പെട്ടതായി ഷെയ്ൻ വോൺ പറഞ്ഞിരുന്നുവെന്ന് മാനേജർ ജെയിംസ് എർസ്കിൻ. തായ്‌ലൻഡിൽ അവധിക്കാലം ആഘോഷിക്കുന്നതിനായി പുറപ്പെടുന്നതിന് മുന്നെയാണ് വോണ്‍ ഇക്കാര്യം പറഞ്ഞതെന്നും എർസ്കിൻ നയന്‍ നെറ്റ്‌വര്‍ക്കിനോട് പറഞ്ഞു.
ജീവിതത്തിന്‍റെ ഭൂരിഭാഗവും വോണ്‍ പുകവലിച്ചിരുന്നു. അദ്ദേഹത്തിന് സംഭവിച്ചത് ഹൃദയാഘാതം മാത്രമായിരുന്നുവെന്നാണ് കരുതുന്നതെന്നും എർസ്കിൻ കൂട്ടിച്ചേർത്തു. ശരീരഭാരം കുറയ്ക്കുന്നതിന്‍റെ ഭാഗമായി ഡയറ്റ് ആരംഭിച്ചുവെന്ന് ചൂണ്ടിക്കാട്ടി, മരണത്തിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വോണ്‍ ഇൻസ്റ്റാഗ്രാമില്‍ തന്‍റെ ഒരു പഴയ ചിത്രം പോസ്റ്റ് ചെയ്തിരുന്നു.
അതേസമയം പ്രാഥമിക അന്വേഷണത്തിൽ വോണിന്‍റെ മരണത്തിൽ ദുരൂഹതയൊന്നും കണ്ടെത്തിയിട്ടില്ലെന്നും എന്നാൽ പോസ്റ്റ്‌മോർട്ടം നടത്തിയിട്ടുണ്ടെന്നും തായ് പൊലീസ് അറിയിച്ചു. ഹൃദയ സംബന്ധമായി അടുത്തിടെ ഒരു ഡോക്ടറെ വോണ്‍ കണ്ടിരുന്നതായി കോ സാമുയിയിലെ ബോ ഫട്ട് പൊലീസ് സ്റ്റേഷൻ സൂപ്രണ്ട് യുട്ടാന സിരിസോംബയുടെ പറഞ്ഞു.
താരത്തിനുണ്ടായിരുന്ന ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെക്കുറിച്ചു ആസ്ത്മയുടെ ചരിത്രവുമടക്കമുള്ള കാര്യങ്ങള്‍ വോണിന്‍റെ കുടുംബം പൊലീസിനെ അറിയിച്ചിട്ടുണ്ട്.
വെള്ളിയാഴ്‌ച തായ്‌ലൻഡിലെ കോ സാമുയിയിൽ വെച്ചാണ് 52കാരനായ ഷെയ്‌ന്‍ വോണ്‍ മരണത്തി കീഴടങ്ങിയത്. വോണിനെ തന്‍റെ വില്ലയിൽ ബോധ രഹിതനായി കാണപ്പെടുകയായിരുന്നു. മെഡിക്കൽ സംഘം പരമാവധി ശ്രമിച്ചെങ്കിലും അദ്ദേഹത്തെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനായില്ല.
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നറായാണ് വോണ്‍ അറിയപ്പെടുന്നത്. ശ്രീലങ്കൻ സ്‌പിൻ ഇതിഹാസം മുത്തയ്യ മുരളീധരന് ശേഷം ക്രിക്കറ്റിൽ 1000 വിക്കറ്റ് എന്ന നാഴികക്കല്ല് പിന്നിടുന്ന ഏക ക്രിക്കറ്റർ കൂടിയാണ് വോണ്‍.ടെസ്റ്റിൽ 145 മത്സരങ്ങളിൽ നിന്ന് 708 വിക്കറ്റും ഏകദിനത്തിൽ 194 മത്സരങ്ങളിൽ നിന്ന് 293 വിക്കറ്റുകളും വോണ്‍ സ്വന്തമാക്കിയിട്ടുണ്ട്.