മുംബൈ : അന്തരിച്ച സ്‌പിൻ ഇതിഹാസം ഷെയ്‌ൻ വോണുമായുള്ള ഓരോ കൂടിക്കാഴ്‌ചയും ഓരോ പാഠാനുഭവമായിരുന്നുവെന്ന് ഇന്ത്യൻ താരം വിരാട് കോലി. ചില ഘട്ടങ്ങളിൽ അദ്ദേഹത്തിന്‍റെ പ്രവർത്തികൾ പകർത്താൻ ശ്രമിച്ചിട്ടുണ്ടെന്നും അത്രത്തോളം സ്വാധീനം വോണ്‍ ക്രിക്കറ്റിൽ ചെലുത്തിയിട്ടുണ്ടെന്നും കോലി പറഞ്ഞു. വോണുമായി കളിക്കളത്തിന് പുറത്തും സംസാരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അത് താൻ ഭാഗ്യമായി കരുതുന്നുവെന്നും കോലി കൂട്ടിച്ചേർത്തു.
വോണ്‍ എപ്പോഴും വളരെ പോസിറ്റീവായിരുന്നു. അദ്ദേഹത്തിന്‍റെ സംഭാഷണങ്ങൾ എല്ലായ്‌പ്പോഴും ക്രിയാത്മകമായിരുന്നു. അതിൽ നിന്ന് ക്രിക്കറ്റിനെക്കുറിച്ച് പ്രത്യേകിച്ച് ടെസ്റ്റ് ക്രിക്കറ്റിനെക്കുറിച്ച് കൂടുതൽ പഠിക്കാൻ സാധിക്കും. ക്രിക്കറ്റിനെ അദ്ദേഹം അത്രത്തോളം സ്‌നേഹിച്ചിരുന്നു - കോലി പറഞ്ഞു.
വോണിന്‍റെ മരണം എല്ലാവരേയും ഞെട്ടിച്ചു. എന്നാൽ നമുക്കൊരു പുഞ്ചിരികൊണ്ട് അദ്ദേഹത്തിന്‍റെ ക്രിക്കറ്റ് കരിയറിലേക്കും, നേട്ടങ്ങളിലേക്കും തിരിഞ്ഞുനോക്കാൻ സാധിക്കും. അദ്ദേഹം ജീവിക്കാൻ ആഗ്രഹിച്ച രീതിയിൽ തന്നെയാണ് ജീവിച്ചത്. ഒരു പക്ഷേ ഞാൻ കണ്ടുമുട്ടിയതിൽ ഏറ്റവും ആത്മവിശ്വാസമുള്ള വ്യക്തിത്വമാണ് അദ്ദേഹം. കോലി കൂട്ടിച്ചേർത്തു.
മാർച്ച് 4-ന് തായ്‌ലൻഡിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നാണ് ലോകം കണ്ട എക്കാലത്തെയും മികച്ച ലെഗ് സ്‌പിന്നർമാരിൽ ഒരാളായ ഷെയ്‌ൻ വോണ്‍ തന്‍റെ 52-ാം വയസിൽ അന്തരിച്ചത്. ലെഗ് സ്‌പിൻ എന്ന ബൗളിങ് രീതിക്ക് ക്രിക്കറ്റിൽ ഇത്രത്തോളം പ്രാധാന്യം കൊണ്ടുവന്നതിൽ വോണിന്‍റെ പങ്ക് വളരെ വലുതാണ്. 15 വർഷം നീണ്ട കരിയറിൽ 145 ടെസ്റ്റുകളിൽ നിന്ന് 708 വിക്കറ്റുകൾ അദ്ദേഹം നേടിയിട്ടുണ്ട്.