ന്യൂഡല്‍ഹി: ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ റിഷഭ് പന്ത് ഇന്ത്യന്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം അര്‍ഹിച്ചിരുന്നെന്ന് മുന്‍ താരം വിരേന്ദര്‍ സെവാഗ്. ഓസ്‌ട്രേലിയന്‍ സാഹചര്യങ്ങളിലെ മത്സരപരിചയം ചൂണ്ടിക്കാട്ടിയാണ് പന്തിന് ടീമില്‍ സ്ഥാനം നല്‍കണമെന്ന് സെവാഗ് ആവശ്യപ്പെട്ടത്. പ്രോട്ടീസിനെതിരായ മത്സരത്തിന് ശേഷം ക്രിക്ബസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റിഷഭ് പന്ത് ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കായി ടെസ്‌റ്റും ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. കളിച്ച മത്സരങ്ങളില്‍ മികച്ച പ്രകടനങ്ങളും പുറത്തെടുത്തിട്ടുണ്ട്. ഈ സാഹചര്യങ്ങളില്‍ എങ്ങനെ കളിക്കണമെന്ന് അവനറിയാം.
ദിനേശ് കാര്‍ത്തിക്ക് അവസാനമായി ഓസ്‌ട്രേലിയയിലും, ഇത്തരം ബൗണ്‍സി വിക്കറ്റുകളിലും കളിച്ചത് എപ്പോഴെന്നും സെവാഗ് ചോദിച്ചു. ഇത് ബെംഗളൂരുവിലെ വിക്കറ്റല്ല. ഹൂഡക്ക് പകരമെങ്കിലും പന്ത് ടീമില്‍ സ്ഥാനം അര്‍ഹിച്ചിരുന്നു.
അവന് ഇവിടെ കളിച്ച പരിചയമുണ്ട്. ഗാബയിലെ പന്തിന്‍റെ ഇന്നിങ്സ് ഒരു ഇതിഹാസമാണെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു. എനിക്ക് നിര്‍ദേശങ്ങള്‍ നല്‍കാന്‍ മാത്രമേ സാധിക്കൂ.
തീരുമാനങ്ങള്‍ എടുക്കേണ്ടത് ടീം മാനേജ്മെന്‍റാണ്. പരിക്ക് കാര്യമല്ലെങ്കില്‍ ബംഗ്ലാദേശിനെതിരായ അടുത്ത മത്സരത്തില്‍ അവര്‍ വീണ്ടും കാര്‍ത്തിക്കിനെ ടീമില്‍ ഉള്‍പ്പെടുത്തും. എന്‍റെ അഭിപ്രായത്തില്‍ പന്ത് ആദ്യം മുതലെ ടീമിലുണ്ടാകേണ്ടതായിരുന്നുവെന്നും സെവാഗ് പറഞ്ഞു.
ALSO READ: 'ഇന്ത്യന്‍ ടീമിന് ഇപ്പോഴാണ് റിഷഭ് പന്തിനെ ആവശ്യം': കപില്‍ ദേവ്