ന്യൂഡല്‍ഹി : ടി20 ലോകകപ്പിന് ശേഷം വിരാട് കോലി വൈറ്റ് ബോള്‍ (ഏകദിനം, ടി20 ) ക്രിക്കറ്റിലെ നായക സ്ഥാനം ഒഴിയുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ബിസിസിഐ ട്രഷറർ അരുൺ ധുമാൽ. അസംബന്ധമെന്നായിരുന്നു ഇതേക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ പ്രതികരണം.
'പ്രചരിക്കുന്നതൊക്കെ അസംബന്ധമാണ്. അത്തരത്തില്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ഇതെല്ലാം നിങ്ങള്‍ മാധ്യമങ്ങളുടെ പ്രചാരണങ്ങളാണ്. ഈ വിഷയം ബിസിസിഐ ചര്‍ച്ച ചെയ്‌തിട്ടില്ല. ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റിലും കോലി തന്നെ ക്യാപ്റ്റനായി തുടരും.' അരുൺ ധുമാൽ പറഞ്ഞു.
ടി20 ലോക കപ്പിന് ശേഷം കോലി വൈറ്റ് ബോള്‍ ക്രിക്കറ്റിലെ നായക സ്ഥാനം ഒഴിയുമെന്നും പകരം രോഹിത് നായകനാവുമെന്നും ഒരു ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്‌തത്.
ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്‍റെ ഭാഗമായാണ് താരം സ്ഥാനമൊഴിയുന്നതെന്നായിരുന്നു റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.