ചെന്നൈ : ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ (Cricket World Cup 2023) ആദ്യ മത്സരത്തിനായി തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിന്‍റെ സ്‌റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയെ (Virat Kohli) കാണാന്‍ നേരിട്ടെത്തി യുവ ആരാധകന്‍. ഓസ്‌ട്രേലിയയ്‌ക്കെതിരെ ഞായറാഴ്‌ച (ഒക്‌ടോബര്‍ 8) ന് നടക്കാനിരിക്കുന്ന മത്സരത്തിന്‍റെ (India Vs Australia Match In World Cup) മുന്നോടിയായി ചെന്നൈയിലെ ചെപ്പോക്കിലെ എംഎ ചിദംബരം സ്‌റ്റേഡിയത്തില്‍ (MA Chidambaram Stadium) പരിശീലനം നടത്തുന്നതിനിടെയായിരുന്നു, ചെന്നൈ വേലാച്ചേരി സ്വദേശിയും ഭിന്നശേഷിക്കാരനുമായ 19 കാരന്‍ ശ്രീനിവാസിന്‍റെ സമ്മാനപ്പൊതിയുമായുള്ള വരവ്. തന്നെ കാണാന്‍ പ്രത്യേക അതിഥിയെത്തിയെന്നറിഞ്ഞതോടെ കോഹ്‌ലിയും ഓടിയെത്തി.
പിന്നീട് കണ്ടത് തന്‍റെ ആഗ്രഹം മനസിലാക്കി മുടക്കുപറയാതെ ഓടിയടുത്ത കോഹ്‌ലിക്ക് ആരാധകന്‍ വക, ഹൃദയം കൊണ്ടുള്ള ഒരു സമ്മാനക്കൈമാറ്റം. അവശതകളെല്ലാം മറന്ന് ഏതാണ്ട് 40 മണിക്കൂറിലധികം പണിപ്പെട്ട് കളര്‍ പെന്‍സിലില്‍ തീര്‍ത്ത കോഹ്‌ലിയുടെ തന്നെ ചിത്രമാണ് ശ്രീനിവാസ് അദ്ദേഹത്തിനായി സമ്മാനിച്ചത്. ഇത് കണ്ടതോടെ ലോകം വാഴ്‌ത്തുന്ന ക്രിക്കറ്റര്‍ക്ക് പറഞ്ഞറിയിക്കാനാവാത്ത സന്തോഷവും. പിന്നീട് അല്‍പസമയം തന്‍റെ പ്രിയ ആരാധകന് ചെവികൊടുത്ത്, ആശംസകളും നല്ല വാക്കുകളും പറഞ്ഞ് മുന്‍ ഇന്ത്യന്‍ നായകന്‍ മടങ്ങി.
അപ്രതീക്ഷിത കൂടിക്കാഴ്‌ച: വിരാട് കോഹ്‌ലിയെ കാണാന്‍ വര്‍ഷങ്ങളോളമായി താന്‍ കാത്തിരിക്കുന്നുവെന്നായിരുന്നു, അദ്ദേഹവുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം ഇടിവി ഭാരതിനോടുള്ള ശ്രീനിവാസിന്‍റെ പ്രതികരണം. ഞാൻ 12 വയസ് മുതൽ ക്രിക്കറ്റ് കാണുന്നയാളാണ്. അതുകൊണ്ടുതന്നെ എനിക്ക് ക്രിക്കറ്റിൽ പ്രത്യേക താൽപര്യമുണ്ട്. വിരാട് കോഹ്‌ലിയെ കാണാൻ രണ്ട് വർഷമായി ഞാൻ കാത്തിരിക്കുകയായിരുന്നുവെന്നും എന്നാല്‍ ഇന്നാണ് ആ സ്വപ്‌നം സഫലമായതെന്നും ശ്രീനിവാസ് പറഞ്ഞു. വിരാട് കോഹ്‌ലിയെ കാണാന്‍ കര്‍ണാടകയിലെ ബെംഗളൂരുവില്‍ ഞാന്‍ ചെന്നിരുന്നു. എന്നാല്‍ അന്ന് അതിനുള്ള അവസരം ലഭിച്ചില്ല. പക്ഷേ ഇന്ന് ഒട്ടും പ്രതീക്ഷിക്കാതെ എനിക്ക് ആ അവസരം ലഭിച്ചുവെന്ന് ശ്രീനിവാസ് സന്തോഷം പങ്കുവച്ചു.
എന്നെ കണ്ടപ്പോള്‍ തന്നെ അദ്ദേഹം എന്‍റെ അടുത്തേക്ക് വന്നു. എന്‍റെ പെയിന്‍റിങ് അദ്ദേഹത്തെ കാണിച്ചപ്പോള്‍ വല്ലാതെ സന്തോഷം പ്രകടിപ്പിച്ചു. അതില്‍ ഒപ്പിടേണ്ടതുണ്ടോ എന്ന് ചോദിച്ചു. എന്നാല്‍ കൂടെ നിന്ന് ചിത്രമെടുക്കാമോ എന്ന് ഞാന്‍ ചോദിച്ചു. അദ്ദേഹം ഉടന്‍ തന്നെ എനിക്കൊപ്പം ചിത്രമെടുക്കുകയായിരുന്നുവെന്ന് ശ്രീനിവാസ് വാചാലനായി. നിലവില്‍ മുന്‍ ക്രിക്കറ്റ് നായകന്‍ മഹീന്ദ്ര സിങ് ധോണിയുടെ ചിത്രത്തിന്‍റെ പണിപ്പുരയിലാണെന്നും ഉടന്‍ തന്നെ അദ്ദേഹത്തെ കാണാന്‍ ആഗ്രഹിക്കുന്നതായും ശ്രീനിവാസ് മനസുതുറന്നു.