ന്യൂഡൽഹി: വിരാട് കോലി ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് നായകസ്ഥാനം രാജിവച്ചു. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ തോൽവിക്ക് പിന്നാലെയാണ് രാജി. തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ താരം തന്നെയാണ് സ്ഥാനമൊഴിയുന്ന കാര്യം അറിയിച്ചത്. അടുത്തിടെ കോലി ഇന്ത്യയുടെ ടി20 നായകസ്ഥാനം രാജിവച്ചിരുന്നു. പിന്നാലെ താരത്തെ ഏകദിന നായകസ്ഥാനത്തിൽ നിന്നും ഒഴിവാക്കിയിരുന്നു.
കോലിയുടെ പോസ്റ്റിന്‍റെ പൂർണരൂപം
'ടീമിനെ ശരിയായ ദിശയിലേക്ക് കൊണ്ടുപോയത് 7 വർഷമായി കഠിനാധ്വാനവും സ്ഥിരോൽസാഹവുമാണ്. ഞാൻ തികച്ചും സത്യസന്ധതയോടെ ജോലി ചെയ്തു. അവിടെ ഒന്നും അവശേഷിപ്പിച്ചില്ല. എല്ലാ കാര്യങ്ങളും ഒരു ഘട്ടത്തിൽ അവസാനിപ്പിക്കണം. ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻ എന്ന നിലയിൽ ഇപ്പോഴാണ് അതിന് പറ്റിയ സമയം.
ഈ യാത്രയിൽ നിരവധി ഉയർച്ചകളും താഴ്‌ചകളും ഉണ്ടായിട്ടുണ്ട്. പക്ഷേ ഒരിക്കലും പരിശ്രമത്തിന്‍റെ കുറവോ വിശ്വാസക്കുറവോ ഉണ്ടായിട്ടില്ല. ഞാൻ ചെയ്യുന്നതിലെല്ലാം എന്‍റെ 120 ശതമാനം നൽകണമെന്ന് ഇപ്പോഴും വിശ്വസിക്കുന്നു. ഒരു പക്ഷേ അത് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ അത് ശരിയായ കാര്യമല്ല എന്നെനിക്ക് അറിയാം.
- — Virat Kohli (@imVkohli) January 15, 2022 " class="align-text-top noRightClick twitterSection" data="
— Virat Kohli (@imVkohli) January 15, 2022
">— Virat Kohli (@imVkohli) January 15, 2022
ഇത്രയും കാലം എന്‍റെ രാജ്യത്തെ നയിക്കാൻ എനിക്ക് അവസരം നൽകിയതിന് ബിസിസിഐയോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു, അതിലും പ്രധാനമായി, ആദ്യ ദിവസം മുതൽ ടീമിനെക്കുറിച്ച് എനിക്ക് ഉണ്ടായിരുന്ന കാഴ്‌ചപ്പാട് ഒരു സാഹചര്യത്തിലും കൈവിടാതിരുന്ന എല്ലാ സഹതാരങ്ങൾക്കും നന്ദി. നിങ്ങൾ ഈ യാത്ര അവിസ്‌മരണീയവും മനോഹരവുമാക്കി.
ടെസ്റ്റ് ക്രിക്കറ്റിൽ ഞങ്ങളെ തുടർച്ചയായി മുകളിലേക്ക് നയിച്ച ഈ വാഹനത്തിന് പിന്നിലെ എഞ്ചിനായിരുന്ന രവി ഭായിക്കും മറ്റ് സപ്പോർട്ടിങ് സ്റ്റാഫിനും നന്ദി. എന്‍റെ കാഴ്‌ചപ്പാടിന് ജീവൻ നൽകുന്നതിൽ നിങ്ങൾ വലിയ പങ്ക് വഹിച്ചു. അവസാനമായി, ഒരു ക്യാപ്റ്റനെന്ന നിലയിൽ എന്നെ വിശ്വസിക്കുകയും ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ട് കൊണ്ടുപോകാൻ കഴിവുള്ള ഒരു വ്യക്തിയായി എന്നെ കണ്ടെത്തുകയും ചെയ്ത എംഎസ് ധോണിക്ക് വലിയ നന്ദി'. കോലി കുറിച്ചു.
ഏറ്റവും മികച്ച നായകൻ
ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് നായകൻമാരിൽ ഒരാളാണ് കോലി. 2014ൽ ആണ് ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് വിരാട് കോലി എത്തുന്നത്. ഓസ്ട്രേലയയിൽ വച്ച് ധോണി പാതി വഴിയിൽ ക്യാപ്റ്റൻസി ഒഴിയുകയാണെന്ന് പ്രഖ്യാപിച്ചപ്പോളാണ് കോലിയെത്തേടി നായക പദവി എത്തിയത്.
ഇന്ത്യ ടെസ്റ്റിൽ ഏറ്റവുമധികം വിജയം നേടിയത് കോലിയുടെ ക്യാപ്‌റ്റൻസിക്ക് കീഴിലാണ്. നയിച്ച 68 ടെസ്റ്റുകളിൽ 40 എണ്ണത്തിൽ വിജയം നേടിത്തരാൻ കോലിക്കായി. 58.82 ആണ് കോലിയുടെ ടെസ്റ്റിലെ വിജയശതമാനം. കൂടാതെ ഇന്ത്യയെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനൽ വരെ എത്തിക്കാനും കോലിക്ക് സാധിച്ചു.
ALSO READ: തര്‍ക്കം കോടതിയില്‍ ; ജോക്കോവിച്ച് വീണ്ടും തടങ്കലിലെന്ന് റിപ്പോര്‍ട്ട്