മുംബൈ: മികച്ച പ്രകടനം പുറത്തെടുക്കാനാകാതെ വലയുന്ന മുൻ ഇന്ത്യൻ നായകൻ വിരാട് കോലി ക്രിക്കറ്റിൽ നിന്ന് ഇടവേള എടുക്കുന്നതായി സൂചന. ഐപിഎല്ലിന് ശേഷം നടക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിൽ താരം വിട്ടുനിന്നേക്കും. ഐപിഎല്ലിന് പിന്നാലെ ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡിനോടും ഇന്ത്യൻ മാനേജ്മെന്‍റിനോടും ഇക്കാര്യം സംസാരിക്കുമെന്നും കോലി സൂചിപ്പിച്ചിട്ടുണ്ട്.
മോശം പ്രകടനത്തെത്തുടർന്ന് ക്രിക്കറ്റിൽ നിന്ന് കോലി കുറച്ച് നാൾ ഇടവേള എടുക്കണമെന്ന് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്‌ത്രി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ മുൻ പരിശീലകന്‍റെ നിർദേശത്തിനോടൊപ്പം നീങ്ങാനാണ് താരത്തിന്‍റെയും പദ്ധതി. ശാസ്‌ത്രിയുടെ പ്രസ്‌താവന കേട്ടെന്നും ക്രിക്കറ്റിൽ നിന്ന് ഇടവേള എടുക്കുകയെന്ന നിർദേശം ആരോഗ്യകരമാണെന്നും കോലി ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.
ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണിപ്പോഴെന്നും വരാനിരിക്കുന്ന ഏഷ്യൻ കപ്പും ലോകകപ്പും നേടുകയാണ് ലക്ഷ്യമെന്നും കോലി പറഞ്ഞു. ഇത് തീർച്ചയായും പരിഗണിക്കേണ്ട കാര്യമാണ്. കാരണം 100 ശതമാനവും നൽകാൻ കഴിയാത്ത കാര്യങ്ങൾ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ ഒരു ഇടവേള എടുക്കാവുന്നതാണ്. ഇടവേളയെന്നത് മാനസികമായും ശാരീരികമായും സ്വയം ഉത്തേജിപ്പിക്കാനുള്ള ആരോഗ്യകരമായ ഒരു തീരുമാനമായിരിക്കും, കോലി പറഞ്ഞു.
മാച്ച് വിന്നിങ് ഇന്നിങ്സ്: അതേസമയം കഴിഞ്ഞ ദിവസം ഗുജറാത്തിനെതിരായ തകർപ്പൻ പ്രകടനത്തിലൂടെ കോലി ഫോമിലേക്ക് തിരിച്ചെത്തുന്നതിന്‍റെ സൂചനകൾ നൽകിക്കഴിഞ്ഞു. 54 പന്തിൽ എട്ട് ഫോറും രണ്ട് സിക്‌സും ഉൾപ്പെടെ 73 റണ്‍സ് നേടി ടീമിനെ വിജയത്തിലേക്കെത്തിച്ചത് കോലിയായിരുന്നു. ഈ മാച്ച് വിന്നിങ്സ് ഇന്നിങ്സിലൂടെ ഈ സീസണിലെ ആദ്യ പ്ലയർ ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കാനും കോലിക്കായി.