ദുബായ് : 2023-ലെ ഐസിസിയുടെ മികച്ച പുരുഷ താരമാകാനുള്ള മത്സരം ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍. സർ ഗാർഫീൽഡ് സോബേഴ്‌സ് ട്രോഫിയ്‌ക്ക് നാമനിര്‍ദേശം ലഭിച്ച നാല് പേരില്‍ ഇന്ത്യയുടെയും ഓസീസിന്‍റേയും രണ്ട് വീതം താരങ്ങള്‍. ഇന്ത്യയുടെ വിരാട് കോലി, രവീന്ദ്ര ജഡേജ ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സ്, ട്രാവിസ് ഹെഡ് എന്നിവര്‍ക്കാണ് നാമനിര്‍ദേശം ലഭിച്ചിരിക്കുന്നത് (Virat Kohli and Ravindra Jadeja nominated for ICC Mens Cricketer of the Year 2023).
ഈ വര്‍ഷം 35 മത്സരങ്ങളില്‍ നിന്നും 2048 റണ്‍സ് അടിച്ചുകൂട്ടിയാണ് ഇന്ത്യയുെട റണ്‍മഷീന്‍ പട്ടികയില്‍ തന്‍റെ പേരുചേര്‍ത്തിരിക്കുന്നത്. 2022-ലെ ടി20 ലോകകപ്പിന് ശേഷം ഫോര്‍മാറ്റില്‍ കളിക്കാത്ത കോലി ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റിലാണ് തന്‍റെ റണ്‍വേട്ട നടത്തിയരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍, 2023-ലെ ബോർഡർ-ഗവാസ്‌കർ പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ കോലിയുടെ പ്രകടനം ഇന്ത്യയ്‌ക്ക് ഏറെ മുതല്‍ക്കൂട്ടായതായിരുന്നു.
ഡൽഹിയിലെ ശ്രമകരമായ സാഹചര്യങ്ങളിൽ 44 റണ്‍സടിച്ച് കോലിയുടെ മികവില്‍ ആദ്യ ഇന്നിങ്‌സില്‍ മികച്ച സ്‌കോറിലെത്തിയ ആതിഥേയര്‍ മത്സരം പിടിച്ചിരുന്നു. പരമ്പരയിലെ അവസാന മത്സരത്തില്‍ സെഞ്ചുറി നേടിയ താരം ഫോര്‍മാറ്റില്‍ വീണ്ടും മൂന്നക്കം തൊടുന്നതിനായുള്ള ഏറെ നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കുകയും ചെയ്‌തു.
നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ 186 റൺസായിരുന്നു താരം നേടിയത്. 2019 -ന് ശേഷമുള്ള താരത്തിന്‍റെ ആദ്യ ടെസ്റ്റ് സെഞ്ചുറിയാണിത്. പിന്നീട് വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന പരമ്പരയിലും സെഞ്ചുറിയുമായി 35-കാരന്‍ തിളങ്ങിയിരുന്നു. 121 റൺസായിരുന്നു താരം അടിച്ചെടുത്തത്.
നിരവധിയായ റെക്കോഡുകള്‍ പേരിലെഴുതിച്ചേര്‍ത്ത് വമ്പന്‍ മികവായിരുന്നു കോലി ഏകദിന ഫോര്‍മാറ്റില്‍ നടത്തിയത്. ഏഴ് സെഞ്ചുറികളാണ് താരം അടിച്ചത്. ഇതോടെ ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ താരമായും കോലി മാറി.
നിലവില്‍ 50 ഏകദിന സെഞ്ചുറികളാണ് കോലിയുെട അക്കൗണ്ടിലുള്ളത്. 49 സെഞ്ചുറികളായിരുന്നു സച്ചിന്‍ ഫോര്‍മാറ്റില്‍ നേടിയത്. ഇന്ത്യന്‍ മണ്ണില്‍ അരങ്ങേറിയ ഏകദിന ലോകകപ്പിലെ റണ്‍വേട്ടക്കാരനായിരുന്നു താരം. 11 മത്സരങ്ങളില്‍ നിന്നും 765 റണ്‍സായിരുന്നു താരം നേടിയത്. ലോകകപ്പിന്‍റെ ഒരു പതിപ്പില്‍ ഇതാദ്യമായാണ് ഒരു താരം ഇത്രയും റണ്‍സടിക്കുന്നത്.
35 മത്സരങ്ങളില്‍ നിന്നും 66 വിക്കറ്റുകളും 613 റണ്‍സുമാണ് ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറായ ജഡേജയുടെ സമ്പാദ്യം. പരിക്കിനെ തുടര്‍ന്ന് വര്‍ഷാരംഭത്തില്‍ പുറത്തിരിക്കേണ്ടി വന്ന താരം ഓസീസിനെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലൂടെയാണ് ടീമിലേക്ക് തിരികെ എത്തിയത്. അഞ്ച് മത്സര പരമ്പരയില്‍ 22 വിക്കറ്റുകളാണ് താരം നേടിയത്.
ഏകദിന ഫോര്‍മാറ്റില്‍ തന്‍റെ കരിയര്‍ ബെസ്റ്റ് പ്രകടനവും ജഡേജ നടത്തിയത് ഈ വര്‍ഷമാണ്. ഏകദിന ലോക കപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ ഈഡന്‍ ഗാര്‍ഡന്‍സില്‍ 33 റണ്‍സിന് അഞ്ച് വിക്കറ്റുകളായിരുന്നു താരം വീഴ്‌ത്തിയത്. ടൂര്‍ണമെന്‍റില്‍ ആകെ 24.87 ശരാശരിയില്‍ 16 വിക്കറ്റുകളും ജഡേജ സ്വന്തമാക്കി.
ALSO READ: മോശം പിച്ചുകളെക്കുറിച്ച് ഇന്ത്യ പരാതി പറയാറില്ല, പോരാട്ടമികവാണ് പുറത്തെടുക്കാറ്: ആകാശ് ചോപ്ര
അതേസമയം 24 മത്സരങ്ങളില്‍ നിന്നും 59 വിക്കറ്റുകളും 422 റണ്‍സുമാണ് ഓസ്‌ട്രേലിയ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് നേടിയിട്ടുള്ളത്. ഏകദിന ലോകകപ്പിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഓസീസിന്‍റെ ഹീറോയാണ് ട്രാവിസ് ഹെഡ്. 31 മത്സരങ്ങളില്‍ നിന്നും 1698 റണ്‍സാണ് സമ്പാദ്യം.