ധാക്ക : ഖത്തര്‍ ലോകകപ്പില്‍ നിന്നുമുള്ള പോര്‍ച്ചുഗലിന്‍റെ പുറത്താവലിന് പിന്നാലെ മനം തകര്‍ന്ന സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ചേര്‍ത്തുപിടിച്ച് ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോലി. ഏതെങ്കിലും ഒരു കിരീടത്തിന്, ഫുട്‌ബോളിന് ക്രിസ്റ്റ്യാനോ നല്‍കിയ സംഭാവനകള്‍, ഇല്ലാതാക്കാനാവില്ലെന്ന് കോലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഏതൊരു കായികതാരത്തിനും യഥാർഥ പ്രചോദനമായ ക്രിസ്റ്റ്യാനോ തന്‍റെ എക്കാലത്തേയും ഇതിഹാസമാണെന്നും കോലി തന്‍റെ കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
'നിങ്ങള്‍ ഈ കായികരംഗത്തിനും ലോകമെമ്പാടുമുള്ള കായിക പ്രേമികൾക്കുമായി നല്‍കിയ സംഭാവനകളില്‍ നിന്ന് എന്തെങ്കിലും എടുത്തുകളയാൻ ഒരു കിരീടത്തിനും കഴിയില്ല. നിങ്ങൾ കളിക്കുന്നത് കാണുമ്പോൾ എനിക്കും ലോകമെമ്പാടുമുള്ള പലർക്കും എന്ത് തോന്നുന്നുവെന്നും, ആളുകളിൽ നിങ്ങൾ ചെലുത്തിയ സ്വാധീനവും വിശദീകരിക്കാൻ ഒരു കിരീടത്തിനും കഴിയില്ല.
- " class="align-text-top noRightClick twitterSection" data="
">
അത് ദൈവത്തിന്‍റെ സമ്മാനമാണ്. എല്ലായ്‌പ്പോഴും തന്‍റെ ഹൃദയം തുറന്ന് കളിക്കുന്ന ഒരു മനുഷ്യന് ഒരു യഥാർഥ അനുഗ്രഹവും. കഠിനാധ്വാനത്തിന്‍റെയും അർപ്പണബോധത്തിന്‍റെയും പ്രതിരൂപവും,ഏതൊരു കായികതാരത്തിനും യഥാർഥ പ്രചോദനവുമാണ് നിങ്ങള്‍. എന്‍റെ എക്കാലത്തേയും ഇതിഹാസവും" - കോലി കുറിച്ചു.
ഖത്തര്‍ ലോകകപ്പിന്‍റെ ക്വാര്‍ട്ടറില്‍ മൊറോക്കോയൊടേറ്റ തോല്‍വിയോടെയാണ് ക്രിസ്റ്റ്യാനോയുടെ പോര്‍ച്ചുഗല്‍ പുറത്താവുന്നത്. ഇതിന് പിന്നാലെ ക്രിസ്റ്റ്യാനോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഹൃദയഭേദകമായ കുറിപ്പ് തരംഗമായിരുന്നു.
പോർച്ചുഗലിനായി ഒരു ലോകകപ്പ് നേടുക എന്നത് തന്‍റെ കരിയറിലെ ഏറ്റവും വലിയ സ്വപ്നവും ലക്ഷ്യവുമായിരുന്നുവെന്നാണ് ക്രിസ്റ്റ്യാനോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഈ ലക്ഷ്യം സാധിക്കാതെ പോയതിലെ ദുഃഖത്തിന്‍റെ ആഴം വ്യക്തമാക്കുന്നത് കൂടിയായിരുന്നു താരത്തിന്‍റെ പോസ്റ്റ്.