ന്യൂഡൽഹി: ഇന്ത്യൻ ഏകദിന ടീമിലെ നായക സ്ഥാനത്ത് നിന്ന് മാറ്റിയതിനെ കുറിച്ച് ആദ്യ പ്രതികരണത്തില്‍ അതൃപ്‌തി പരസ്യമാക്കി വിരാട് കോലി. ചീഫ് സെലക്‌ടറും മറ്റ് സെലക്ഷൻ കമ്മിറ്റി അംഗങ്ങളും ചേർന്ന് രോഹിത് ശർമയെ ഏകദിന ക്യാപ്റ്റനായി തെരഞ്ഞെടുത്ത ശേഷമാണ് അക്കാര്യം തന്നെ അറിയിച്ചത്. അതിനു മുൻപ് താനുമായി ചർച്ച പോലും നടത്തിയില്ല.
ടെസ്റ്റ് ടീമിനെ തെരഞ്ഞെടുക്കുന്നതിന് ഒന്നര മണിക്കൂർ മുൻപ് മാത്രമാണ് ചീഫ് സെലക്‌ടർ (ചേതൻ ശർമ) വിളിച്ചത്. ടെസ്റ്റ് ടീമുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചു. ഫോൺ കോൾ അവസാനിക്കുന്നതിന് തൊട്ടുമുൻപ് ഇനി ഏകദിന ടീമിന്‍റെ ക്യാപ്റ്റൻ വിരാട് ആയിരിക്കില്ല എന്നും പറഞ്ഞു. അഞ്ച് സെലക്‌ടർമാരും ഒരുമിച്ചാണ് തീരുമാനമെടുത്തതെന്നും ചീഫ് സെലക്‌ടർ അറിയിച്ചുവെന്നാണ് വിരാട് കോലി വാർത്ത സമ്മേളനത്തില്‍ വ്യക്തമാക്കിയത്.
ഏകദിന പരമ്പരയില്‍ കളിക്കും
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ നിന്ന് പിൻമാറുന്നു എന്ന വാർത്തകൾക്കും മുൻ ഏകദിന നായകൻ വിരാമമിട്ടു. ഇന്ത്യൻ ടീമിൽ കളിക്കുന്നതിനായി താൻ എപ്പോഴും തയ്യാറാണെന്നും ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ പങ്കെടുക്കുമെന്നും കോലി വ്യക്‌തമാക്കി. ക്യാപ്‌റ്റൻ സ്ഥാനത്തുനിന്ന് നീക്കിയ ശേഷം നടത്തിയ ആദ്യത്തെ വാർത്ത സമ്മേളനത്തിലാണ് കോലി വിവാദങ്ങൾക്ക് വിശദീകരണവുമായി എത്തിയത്.
'ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കായുള്ള സെലക്ഷനായി ഞാൻ തയ്യാറാണ്. മത്സരത്തിൽ നിന്ന് വിശ്രമം എടുക്കുന്നതിനെക്കുറിച്ച് ഞാൻ ബിസിസിഐയുമായി ആശയവിനിമയം നടത്തിയിട്ടില്ല. ഞാൻ പരമ്പരയിൽ പങ്കെടുക്കുമോ എന്നത് എന്നോടല്ല ഞാൻ പിൻമാറുന്നു എന്ന് എഴുതിയവരോടാണ് ചോദിക്കേണ്ടത്. ഞാൻ വിശ്രമം ആവശ്യപ്പെട്ടിട്ടില്ല', കോലി വ്യക്‌തമാക്കി.
രോഹിതുമായി പ്രശ്‌നങ്ങളില്ല
രോഹിത് ശർമ്മയുമായി തനിക്ക് യാതൊരുവിധ പ്രശ്‌നവും ഇല്ലെന്നും വിരാട് കോലി പറഞ്ഞു. 'രോഹിത്തും ഞാനുമായി ഒരു വിധത്തിലുള്ള പ്രശ്നങ്ങളും നിലനിൽക്കുന്നില്ല. ഇത് ഞാൻ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വ്യക്‌തമാക്കിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴും ഞാൻ അത് തന്നെ പറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്‍റെ ഭാഗത്തുനിന്നുള്ള ഒരു പ്രവർത്തനവും ഇന്ത്യൻ ക്രിക്കറ്റിന് ഒരിക്കലും ദോഷകരമാകില്ലെന്ന് എനിക്ക് ഉറപ്പ് നൽകാൻ കഴിയും. ഇത് ഇന്ത്യൻ ക്രിക്കറ്റിനോടുള്ള എന്‍റെ പ്രതിബദ്ധതയാണ്'. കോലി വ്യക്‌തമാക്കി.
ടീമിന് പൂർണ പിന്തുണ
ഇന്ത്യൻ ടീമിലെ ഒരു ബാറ്റ്സ്‌മാൻ എന്ന നിലയിൽ ക്യാപ്റ്റൻ രോഹിതിനും മുഖ്യ പരിശീലകൻ ദ്രാവിഡിനും പൂർണ്ണ പിന്തുണ നൽകുമെന്ന് കോലി വ്യക്‌തമാക്കി. 'ടീമിനെ ശരിയായ ദിശയിലേക്ക് നയിക്കുക എന്നതാണ് എന്‍റെ ഉത്തരവാദിത്തം. ആ ചിന്താഗതി ഒരിക്കലും മാറിയിട്ടില്ല, അത് ഒരിക്കലും മാറില്ല. രോഹിത് വളരെ കഴിവുള്ള ക്യാപ്റ്റനാണ്. വളരെ സന്തുലിതനായ പരിശീലകനാണ് രാഹുൽ ഭായ്. ഇരുവർക്കും എന്‍റെ സമ്പൂർണ പിന്തുണയുണ്ടാകും'. വിരാട് പറഞ്ഞു.
ഇനി ദക്ഷിണാഫ്രിക്കയില്‍
ഡിസംബര്‍ 26 മുതല്‍ 30 വരെ സെഞ്ചൂറിയനിലാണ് ആദ്യ ടെസ്റ്റ്. ജനുവരി മൂന്നു മുതല്‍ ഏഴു വരെ ജോഹന്നാസ്ബര്‍ഗില്‍ രണ്ടാം ടെസ്റ്റും ജനുവരി 11 മുതല്‍ 15 വരെ കേപ്‌ടൗണില്‍ മൂന്നാം ടെസ്റ്റും നടക്കും. പിന്നാലെ മൂന്ന് മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പരയും നടക്കും.
ALSO READ: 'സ്‌പോർട്‌സിനേക്കാൾ വലുതല്ല ആരും'; കോലി-രോഹിത് വിഷയത്തിൽ പ്രതികരണവുമായി കേന്ദ്ര കായികമന്ത്രി