അഡ്‌ലെയ്‌ഡ്: ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്‌ചവച്ച ബംഗ്ലാദേശ് താരം ലിറ്റൻ ദാസിന് വിരാട് കോലിയുടെ വക സ്‌നേഹ സമ്മാനം. മത്സര ശേഷം കോലി തന്‍റെ ബാറ്റുകളിലൊന്ന് ലിറ്റൻ ദാസിന് സമ്മാനിക്കുകയായിരുന്നു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി) ക്രിക്കറ്റ് ഓപ്പറേഷന്‍സ് ചെയര്‍മാന്‍ ജലാല്‍ യൂനുസ് ആണ് ഇക്കാര്യം അറിയിച്ചത്.
'ഭക്ഷണം കഴിക്കാന്‍ ഡൈനിങ് ഏരിയയില്‍ ഇരിക്കുമ്പോള്‍ കോലി ഇവിടെ എത്തിയാണ് ബാറ്റ് കൈമാറിയത്. ദാസിനെ സംബന്ധിച്ച് ഇത് വലിയ അംഗീകാരവും പ്രചോദനവുമാണ്. സാങ്കേതിക മികവോടെ ദാസ് ഷോട്ടുകള്‍ കളിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. ടെസ്റ്റിലും ഏകദിനത്തിലും അവന്‍റെ മികവ് എല്ലാവര്‍ക്കും അറിയാം. ഇപ്പോഴിതാ അവന്‍ ടി20 ക്രിക്കറ്റിലും അത് പ്രദര്‍ശിപ്പിക്കുകയാണ്', ജലാല്‍ യൂനുസ് പറഞ്ഞു.
ഇന്ത്യക്കെതിരായ മത്സരത്തിൽ 21 പന്തിലാണ് ലിറ്റൻ ദാസ് അർധ സെഞ്ച്വറി തികച്ചത്. ഇന്ത്യൻ ബോളർമാരെ തലങ്ങും വിലങ്ങും പായിച്ച ലിറ്റൻ ദാസിന്‍റെ മികവിൽ ബംഗ്ലാദേശ് ആറ് ഓവറിൽ 60 റണ്‍സ് നേടിയിരുന്നു. കെഎൽ രാഹുലിന്‍റെ ത്രോയിൽ റണ്ണൗട്ടാകുമ്പോൾ 27 പന്തിൽ നിന്ന് 60 റണ്‍സ് താരത്തിന്‍റെ അക്കൗണ്ടിലുണ്ടായിരുന്നു. ഒരു പക്ഷേ ലിറ്റൻ ക്രീസിലുണ്ടായിരുന്നെങ്കിൽ ബംഗ്ലാദേശ് ഇന്ത്യയെ അട്ടിമറിച്ച് വിജയം സ്വന്തമാക്കിയേനെ.
185 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശ് ഏഴ് ഓവറില്‍ 66 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ മഴ കളി തടസ്സപ്പെടുത്തി. ഈ ഘട്ടത്തില്‍ ഡിആര്‍എസ് പ്രകാരം ജയിക്കാന്‍ ആവശ്യമായ റണ്‍സ് കടമ്പ പിന്നിട്ട് ബംഗ്ലാദേശ് 17 റണ്‍സ് മുന്നിലെത്തിയത് ദാസിന്‍റെ മികവിലാണ്. മഴ മാറിയതോടെ ബംഗ്ലാദേശിന്‍റെ വിജയ ലക്ഷ്യം 16 ഓവറിൽ 151 റണ്‍സ് ആയി പുതുക്കുകയായിരുന്നു. എന്നാൽ ബംഗ്ലാദേശിന് 145 റണ്‍സ് നേടാനേ സാധിച്ചുള്ളു.