ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യ 243 റണ്‍സിന്‍റെ വമ്പന്‍ ജയം സ്വന്തമാക്കിയെങ്കിലും സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ച വിരാട് കോലിയുടെ സെഞ്ച്വറിയാണ്. ഈഡന്‍ ഗാര്‍ഡന്‍സില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തന്‍റെ പിറന്നാള്‍ ദിനത്തില്‍ ബാറ്റ് ചെയ്യാനെത്തിയ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി 121 പന്ത് നേരിട്ട് 101 റണ്‍സാണ് നേടിയത്. ഈ പ്രകടനത്തോടെ ഏകദിന കരിയറില്‍ 49 സെഞ്ച്വറികളെന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നേട്ടത്തിനൊപ്പം എത്താനും വിരാട് കോലിക്കായിരുന്നു.
എന്നാല്‍, തന്‍റെ വ്യക്തിഗത നേട്ടത്തിനായി വിരാട് കോലി 'സെല്‍ഫിഷ് ഇന്നിങ്‌സാണ്' ഈഡനില്‍ കളിച്ചതെന്ന വിമര്‍ശനങ്ങളാണ് ഒരു കൂട്ടം ആരാധകര്‍ പൊതുവെ ഉയര്‍ത്തുന്നത്. അതിനുള്ള കാരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നത് രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ് പ്രകടനങ്ങളും. ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത പ്രോട്ടീസിനെതിരെ ആദ്യ പത്ത് ഓവറില്‍ അടിച്ചെടുത്തത് 91 റണ്‍സാണ്.
24 പന്തില്‍ 40 റണ്‍സ് നേടിയ രോഹിത് ശര്‍മയുടെ വിക്കറ്റായിരുന്നു ആദ്യ പത്തോവറിനുള്ളില്‍ ഇന്ത്യയ്‌ക്ക് നഷ്‌ടമായത്. 11-ാം ഓവറിലെ മൂന്നാം പന്തില്‍ ഗില്ലിനെയും നഷ്‌ടപ്പെട്ടതോടെ ടീം ഇന്ത്യയുടെ സ്കോറിങ് വേഗതയും കുറഞ്ഞു. സ്‌പിന്നര്‍മാരെ ദക്ഷിണാഫ്രിക്ക ബൗളിങ് ഏല്‍പ്പിച്ചതോടെയാണ് കാര്യങ്ങളെല്ലാം കീഴ്‌മേല്‍ മറിഞ്ഞത്.
മൂന്നാം വിക്കറ്റില്‍ ഒന്നിച്ച വിരാട് കോലിയും ശ്രേയസ് അയ്യരും നിലയുറപ്പിക്കാനായി കരുതലോടെ ബാറ്റ് വീശി. ഇതോടെ 12-20 വരെയുള്ള ഓവറില്‍ ഇന്ത്യ ആകെ നേടിയത് 30 റണ്‍സാണ്. അടുത്ത 10 ഓവറില്‍ 55 റണ്‍സും ഇന്ത്യന്‍ ബാറ്റര്‍മാര്‍ സ്കോര്‍ബോര്‍ഡിലേക്ക് ചേര്‍ത്തു.
ദക്ഷിണാഫ്രിക്കന്‍ നിരയില്‍ അപകടകാരിയായ കേശവ് മഹാരാജിന് പിച്ചില്‍ നിന്നും സഹായം ലഭിക്കുന്നത് മനസിലാക്കിയ വിരാട് കോലിയും ശ്രേയസ് അയ്യരും ചേര്‍ന്ന് സമയം കണ്ടെത്തിയാണ് സ്കോര്‍ ഉയര്‍ത്തിയത്. 50 റണ്‍സ് കൂട്ടുകെട്ട് പൂര്‍ത്തിയാക്കുന്നതിന് ഇരുവരും 86 പന്ത് നേരിട്ടിരുന്നു.
തുടര്‍ന്നാണ് ഇരുവരും ഗിയര്‍മാറ്റിയത്. കോലി ഒരു വശത്ത് നിലയുറപ്പിച്ചിരുന്ന സാഹചര്യത്തില്‍ ആദ്യം അറ്റാക്കിങ് ഷോട്ടുകള്‍ കളിച്ച് റണ്‍സ് കണ്ടെത്തിയത് ശ്രേയസ് അയ്യരാണ്. എന്നാല്‍, 37-ാം ഓവര്‍ വരെ മാത്രമായിരുന്നു അയ്യര്‍ക്ക് മത്സരത്തില്‍ ആയുസുണ്ടായിരുന്നത്. ലുങ്കി എന്‍ഗിഡി എറിഞ്ഞ ഓവറില്‍ വമ്പന്‍ ഷോട്ടിന് ശ്രമിച്ചായിരുന്നു ശ്രേയസ് അയ്യര്‍ (87 പന്തില്‍ 77) പുറത്തായത്.
പുതിയതായി ക്രീസിലെത്തുന്ന ബാറ്റര്‍ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമായിരിക്കില്ലെന്ന് ശ്രേയസ് അയ്യരുടെ വിക്കറ്റോടെ തന്നെ വ്യക്തമായിരുന്നു. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന കെഎല്‍ രാഹുല്‍ ടൈമിങ് കണ്ടെത്താന്‍ പാടുപെടുന്നതും മത്സരത്തില്‍ കണ്ടതാണ്. 17 പന്തില്‍ 8 റണ്‍സായിരുന്നു രാഹുലിന് നേടാനായത്.
അവസാന 10 ഓവറില്‍ ഇന്ത്യ അടിച്ചെടുത്തത് 87 റണ്‍സാണ്. രവീന്ദ്ര ജഡേജയുടെയും സൂര്യകുമാര്‍ യാദവിന്‍റെയും കാമിയോ ഇന്നിങ്‌സുകളാണ് മത്സരത്തില്‍ ഇന്ത്യയ്‌ക്ക് വമ്പന്‍ സ്കോര്‍ സമ്മാനിച്ചത്. അവസാന പത്തോവറില്‍ രണ്ട് ബൗണ്ടറി മാത്രം നേടിയ വിരാട് കോലി സൂര്യയ്‌ക്കും ജഡേജയ്‌ക്കും വമ്പന്‍ ഷോട്ടുകള്‍ പായിക്കാനുള്ള അവസരം ഒരുക്കി നല്‍കുകയാണ് തന്‍റെ ഇന്നിങ്‌സിലൂടെ ചെയ്‌തത്. മത്സരശേഷം തന്‍റെ വ്യക്തിഗത നേട്ടത്തിനായല്ല, ടീം നല്‍കിയ റോള്‍ നല്ലതുപോലെ ചെയ്യുന്നതിനാണ് പ്രാധാന്യം നല്‍കിയതെന്ന് വിരാട് കോലി തന്നെ വ്യക്തമാക്കിയിരുന്നു.
'കളിക്കളത്തിന് പുറത്തുനിന്നുള്ളവര്‍ വ്യത്യസ്തമായ രീതിയിലായിരിക്കും ഓരോ മത്സരത്തേയും നോക്കി കാണുന്നത്. ന്യൂബോളില്‍ ഓപ്പണര്‍മാര്‍ അതിവേഗം റണ്‍സ് ഉയര്‍ത്തിയാല്‍ എല്ലാവരും ചിന്തിക്കുന്നത് ഇനി വരുന്നവരും അതുപോലെ റണ്‍സ് കണ്ടെത്തുമെന്നായിരിക്കും. എന്നാല്‍, പന്ത് പഴയതാകുമ്പോള്‍ സാഹചര്യവും മാറുന്നുണ്ട്.
ടീം മാനേജ്മെന്‍റ് എന്നോട് ആവശ്യപ്പെട്ടത് അവസാനം വരെയും ബാറ്റ് ചെയ്യണം എന്നാണ്. ടീം എന്നോട് ആവശ്യപ്പെട്ട കാര്യം ക്രീസിന്‍റെ ഒരുവശത്ത് ഞാന്‍ ചെയ്യുമ്പോള്‍ പിന്നീട് ക്രീസിലേക്കെത്തിയവര്‍ അവരുടെ ശൈലിയില്‍ തന്നെ ബാറ്റ് ചെയ്യുകയായിരുന്നു' എന്നായിരുന്നു മത്സരശേഷം വിരാട് കോലി അഭിപ്രായപ്പെട്ടത്.
അതേസമയം, വിരാട് കോലിയുടെ ഏകദിന കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളില്‍ ഒന്നാണ് ഈഡന്‍ ഗാര്‍ഡന്‍സില്‍ പിറന്നതെന്ന് പ്രശസ്‌ത ക്രിക്കറ്റ് അനലിസ്റ്റായ പ്രസന്ന അഗോറാം അഭിപ്രായപ്പെട്ടിരുന്നു. 'മത്സരം പുരോഗമിക്കും തോറും ഇവിടെ ബാറ്റിങ് ഏറെ ദുഷ്‌കരമാകുമെന്ന് ആദ്യം തന്നെ എനിക്ക് മനസിലായിരുന്നു. കോലി പതിയെ ആണ് സ്കോര്‍ ചെയ്‌തതെന്നും അല്ലെങ്കില്‍ ഇന്ത്യ 360 റണ്‍സിലേക്ക് എത്തുമെന്നുമാണ് പലരുടെയും വിമര്‍ശനം.
എന്നാല്‍, എന്‍റെ അഭിപ്രായത്തില്‍ ഇവിടെ മറ്റ് ടീമുകള്‍ക്ക് 326 എന്ന സ്കോര്‍ പോലും അടിച്ചെടുക്കാന്‍ സാധിക്കില്ല. കോലിയുടെ മാസ്റ്റര്‍ക്ലാസ് ഇന്നിങ്‌സാണ് ഇവിടെ കാണാന്‍ സാധിച്ചത്'- പ്രസന്ന അഗോറാം പറഞ്ഞു. ഈഡന്‍ ഗാര്‍ഡന്‍സിലെ അവസാന രണ്ട് മത്സരങ്ങളിലും 230 റണ്‍സ് നേടാന്‍ ടീമുകള്‍ ബുദ്ധിമുട്ടിയപ്പോഴാണ് ടീം ഇന്ത്യ 326 എന്ന വമ്പന്‍ സ്കോര്‍ പടുത്തുയര്‍ത്തിയത്.
ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരത്തിന് മുന്‍പ് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിങ് ഇങ്ങനെയാണ് അഭിപ്രായപ്പെട്ടത്.. 'ഈഡന്‍ ഗാര്‍ഡന്‍സിലെ ലോ ബൗണ്‍സ് പിച്ചില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ 300ന് മുകളില്‍ റണ്‍സ് സ്കോര്‍ ചെയ്‌താല്‍ മത്സരം അവിടെ തീരും. കാരണം, പ്രോട്ടീസിന് ഒരിക്കലും ആ സ്കോര്‍ പിന്തുടര്‍ന്ന് ജയിക്കാന്‍ സാധിക്കില്ല'.
ഇതേ കാഴ്‌ചയ്‌ക്ക് തന്നെയാണ് പിന്നീട് ഈഡന്‍ ഗാര്‍ഡന്‍സ് വേദിയായതും. 326 റണ്‍സ് പിന്തുടര്‍ന്ന പ്രോട്ടീസ് 27.1 ഓവറില്‍ 83 റണ്‍സില്‍ പുറത്താകുകയായിരുന്നു. രവീന്ദ്ര ജഡേജയുടെ മികവിന് മുന്നിലായിരുന്നു പ്രോട്ടീസ് ബാറ്റര്‍മാര്‍ തകര്‍ന്നുവീണത്.