ജയ്‌പൂർ : വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന്‍റെ സെമി പ്രതീക്ഷകൾ തകർത്തെറിഞ്ഞ് സർവീസസ്. ക്വാർട്ടർ ഫൈനലിൽ നാണംകെട്ട തോൽവിയാണ് കേരളം ഏറ്റുവാങ്ങിയത്. കേരളം ഉയർത്തിയ 176 റണ്‍സ് വിജയ ലക്ഷ്യം 30.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ സർവീസസ് മറികടക്കുകയായിരുന്നു.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് 24 റണ്‍സ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ നഷ്‌ടമായിരുന്നു. എന്നാൽ മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന വിനൂപ് മനോഹരനും, രോഹൻ കുന്നുമ്മലും ചേർന്ന് കേരളത്തെ മെല്ലെ കരകയറ്റി. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 81റണ്‍സിന്‍റെ കൂട്ടുകെട്ട് പടുത്തുയർത്തി.
എന്നാൽ 41 റണ്‍സെടുത്ത വിനൂപ് പുറത്തായതോടെ കേരളം തകർന്നു. പിന്നാലെയെത്തിയ മുഹമ്മദ് അസ്‌ഹറുദ്ദീൻ(7), ജലജ് സക്‌സേന(0), സഞ്ജു സാംസണ്‍(2), സച്ചിൻ ബേബി(12), വിഷ്‌ണു വിനോദ്(4), സിജോമോൻ ജോസഫ്(9) തുടങ്ങിയ താരങ്ങൾ ഒന്നിനുപുറകെ ഒന്നായി മടങ്ങി.
എന്നാൽ ഒരു വശത്ത് വിക്കറ്റ് പൊഴിയുമ്പോഴും കരുത്തായി പിടിച്ചുനിന്ന രോഹൻ കുന്നുമ്മലാണ് കേരളത്തെ വൻ തകർച്ചയിൽ നിന്ന് കരകയറ്റിയത്. 106 പന്തുകളിൽ നിന്ന് ഏഴ് ഫോറിന്‍റെയും രണ്ട് സിക്‌സിന്‍റെയും അകമ്പടിയോടെ 85 റണ്‍സ് നേടിയ ശേഷമാണ് രോഹൻ ക്രീസ് വിട്ടത്. സര്‍വീസസിനായി ദിവേഷ് പത്താനിയ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ പുള്‍കിത് നാരംഗും അഭിഷേക് തിവാരിയും രണ്ട് വിക്കറ്റ് വീതം നേടി.
176 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ സര്‍വീസസിനായി ഓപ്പണര്‍ രവി ചൗഹാന്‍ 90 പന്തുകളില്‍ നിന്ന് 95 റണ്‍സെടുത്തു. 65 റണ്‍സെടുത്ത നായകന്‍ രജത് പാലിവാളും തിളങ്ങിയതോടെ മത്സരം അനായാസം സർവീസസ് കൈപ്പിടിയിലൊതുക്കുകയായിരുന്നു.