ആളൂര്‍: വിജയ് ഹസാരെ ട്രോഫിയില്‍ വിജയ വഴിയില്‍ തിരിച്ചെത്തി കേരളം. ഗ്രൂപ്പ് എ യിലെ മൂന്നാം മത്സരത്തില്‍ ഒഡിഷയ്‌ക്ക് എതിരെ 78 റണ്‍സിനാണ് കേരളം ജയം നേടിയത്. (Vijay Hazare Trophy 2023 Kerala vs Odisha Highlights). ആളൂരില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ കേരളം നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 286 റണ്‍സായിരുന്നു നേടിയിരുന്നത്.
വിഷ്‌ണു വിനോദിന്‍റെ (Vishnu Vinod) സെഞ്ചുറിയാണ് കേരളത്തിന് കരുത്തായത്. 85 പന്തുകളില്‍ അഞ്ച് ബൗണ്ടറിയും എട്ട് സിക്‌സും സഹിതം 120 റണ്‍സായിരുന്നു വിഷ്‌ണു അടിച്ചെടുത്തത്. മറുപടിക്കിറങ്ങിയ ഒഡിഷ 43.3 ഓവറില്‍ 208 റണ്‍സിന് ഓള്‍ഔട്ടായി.
7.3 ഓവറില്‍ 37 റണ്‍സിന് നാല് വിക്കറ്റ് നേടിയ ശ്രേയസ് ഗോപാലിന്‍റെ പ്രകടനമാണ് ഒഡിഷയുടെ നടുവൊടിച്ചത്. ബേസില്‍ തമ്പി, അഖില്‍ സ്‌കറിയ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. 116 പന്തുകളില്‍ 92 റണ്‍സെടുത്ത ഷാന്തനു മിശ്ര ഒഡിഷയ്‌ക്കായി തിളങ്ങി.
സ്‌കോര്‍ ബോര്‍ഡ് തുറക്കും മുമ്പ് ആദ്യ ഓവറില്‍ തന്നെ ഒഡിഷയ്‌ക്ക് തിരിച്ചടിയേറ്റു. ഓപ്പണര്‍ അനുരാഗ് സാരംഗിയെ (0) ബേസില്‍ തമ്പി ബൗള്‍ഡാക്കി. പിന്നീട് ഷാന്തനു മിശ്ര ഒരറ്റത്ത് നിന്നെങ്കിലും ശുബ്രാന്‍ഷു സേനാപതി (16), ഗോവിന്ദ പൊഡാര്‍ (7) എന്നിവര്‍ വേഗം തന്നെ തിരിച്ച് കയറി. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ ബിപ്ലബ് സാമന്തറായിയും ഷാന്തനു മിശ്രയും ചേര്‍ന്ന് 54 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി.
ബിപ്ലബ് സാമന്തറായിയെ (34) മടക്കിയ വൈശാഖ് ചന്ദ്രനാണ് കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കിയത്. രാജേഷ് ധുപറിന് (1) പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. ഇതിന് ശേഷം അഭിഷേക് യാദവിനൊപ്പം രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ച ഷാന്തനു മിശ്രയെ അഖില്‍ സ്‌കറിയ വിക്കറ്റ് കീപ്പര്‍ സഞ്‌ജു സാംസണിന്‍റെ കയ്യിലെത്തിച്ചു.
ഇതോടെ കേരളത്തിന് കാര്യങ്ങളും എളുപ്പമായി. അധികം വൈകാതെ അഭിഷേകും (21) പിന്നാലെ തന്നെ കാര്‍ത്തിക് ബിശ്വാള്‍ (7), ദേബബ്രതാ പ്രധാന്‍ (1) രാജേഷ് മോഹന്തി (0) എന്നിവരും മടങ്ങിയതോടെ ഒഡിഷ ഇന്നിങ്‌സും അവസാനിച്ചു. പ്രയാഷ് സിങ് (20*) പുറത്താവാതെ നിന്നു.
നേരത്തെ കേരളത്തിന് വിഷ്‌ണുവിന് പുറമെ അഖില്‍ സ്‌കറിയ (58 പന്തില്‍ 34), അബ്‌ദുള്‍ ബാസിത് (27 പന്തില്‍ 48*) എന്നിവരുടെ പ്രകടനമാണ് നിര്‍ണായകമായത്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (21 പന്തില്‍ 15), മുഹമ്മദ് അസറുദ്ദീന്‍ (12), രോഹന്‍ കുന്നുമ്മല്‍ (17), സച്ചിന്‍ ബേബി (2), ശ്രേയസ് ഗോപാല്‍ (13), വൈശാഖ് ചന്ദ്രന്‍ (4), ബേസില്‍ തമ്പി (3) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന.
അബ്‌ദുള്‍ ബാസിത്തിനൊപ്പം അഖിന്‍ സത്താര്‍ (0) പുറത്താവാതെ നിന്നു. ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തില്‍ സൗരാഷ്‌ട്രയെ തോല്‍പ്പിച്ച കേരളം തൊട്ടടുത്ത കളിയില്‍ മുംബൈയോട് പരാജയപ്പെട്ടിരുന്നു.
ALSO READ: തിരിച്ചുവരവില്‍ ഹാര്‍ദിക് പഴയ ഹാര്‍ദിക് അല്ലെന്ന് അറിയാം...ഇത് മുംബൈയുടെ 'ഇന്ത്യൻ പവർപ്ലേ'....