മുംബൈ: ഇന്ത്യയുടെ മോശം പ്രകടനത്തിന് പിന്നാലെ പുറത്താക്കിയ ചേതൻ ശർമയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിക്ക് പകരം മുന്‍ പേസര്‍ വെങ്കിടേഷ് പ്രസാദ് അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റിയെ ബിസിസിഐ തെരഞ്ഞെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. പുതിയ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനെയും സെലക്‌ടര്‍മാരെയും ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കുമെന്നാണ് സൂചന.
'പുതിയ സെലക്ഷൻ കമ്മിറ്റിയുടെ അന്തിമരൂപം ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കും. നിലവിൽ ലഭിച്ചിട്ടുള്ള അപേക്ഷകളിൽ ഏറ്റവും പരിചയസമ്പന്നനായ ക്രിക്കറ്റ് താരങ്ങളിൽ ഒരാളാണ് വെങ്കിടേഷ് പ്രസാദ്. ഔപചാരികമായ ചർച്ചകളൊന്നും നടന്നിട്ടില്ലെങ്കിലും പുതിയ ചെയർമാനായി എല്ലാവരിൽ നിന്നും അദ്ദേഹത്തിന് വിശ്വാസ വോട്ട് ലഭിക്കാൻ സാധ്യതയുണ്ട്.' ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.
അതേസമയം ടി20 ക്രിക്കറ്റ് കളിച്ച് പരിചയമുള്ള ഒരാൾ സെലക്ഷൻ കമ്മിറ്റിയുടെ ഭാഗമാകണമെന്നാണ് ബിസിസിഐയുടെ നിർദേശം. എന്നാൽ ഇത്തരത്തിൽ ഒരാളെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ടീമിനെ പുനർനിർമ്മിക്കുന്നതിനുള്ള കാഴ്‌ചപ്പാടുള്ള സെലക്‌ടർമാരെ തെരഞ്ഞെടുക്കുമെന്നാണ് ബിസിസിഐ ഉപദേശക സമിതി അംഗങ്ങളായ അശോക് മല്‍ഹോത്ര, ജതിന് പരഞ്ജ്പെ, സുലക്ഷണ നായിക്ക് എന്നിവരുടെ നിലപാട്.
ഇന്ത്യക്കായി 33 ടെസ്റ്റുകളിലും 161 ഏകദിനങ്ങളിലും കളിച്ചിട്ടുള്ള താരമാണ് 53കാരനായ വെങ്കിടേഷ് പ്രസാദ്. ടെസ്റ്റിൽ 96 വിക്കറ്റുകളും ഏകദിനത്തിൽ 196 വിക്കറ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. 1994ല്‍ ന്യൂസിലന്‍ഡിനെതിരെ ഏകദിനം കളിച്ചാണ് പ്രസാദ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 1996ല്‍ ബെര്‍മിങ്ങ്ഹാമില്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റിലും അരങ്ങേറി.
രണ്ടാമത്തെ മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേട്ടം കൊയ്‌ത പ്രസാദ് ടെസ്റ്റ് ടീമില്‍ തന്‍റെ സാന്നിധ്യം ഉറപ്പിക്കുകയും ചെയ്‌തു. 1996ല്‍ ദക്ഷിണാഫ്രിക്കെതിരെ 10 വിക്കറ്റ് നേട്ടവും പ്രസാദ് സ്വന്തമാക്കിയിരുന്നു. 2001ല്‍ ശ്രീലങ്കക്കെതിരായ ടെസ്റ്റിലാണ് പ്രസാദ് അവസാനമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞത്. തുടര്‍ന്ന് 2005ല്‍ അദ്ദേഹം ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു.