ഏകദിന ലോകകപ്പിലെ ഇന്ത്യ പാകിസ്ഥാന്‍ മത്സരങ്ങള്‍ക്കെല്ലാം എപ്പോഴും ഒരു ഇതിഹാസ കഥയുടെ മാറ്റുണ്ടാകാറുണ്ട്. അത്തരത്തിലൊരു ക്ലാസിക്ക് പോരാട്ടമായിരുന്നു ഇന്ത്യയും പാകിസ്ഥാനും 2003ല്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഉണ്ടായത്. ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, കെനിയ എന്നീ രാജ്യങ്ങള്‍ സംയുക്തമായിട്ടാണ് അന്ന് ആ ലോകകപ്പ് സംഘടിപ്പിച്ചത്.
2003ലെ ലോകകപ്പില്‍ സെഞ്ചൂറിയനിലായിരുന്നു ഇന്ത്യ പാക് മത്സരം. ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ സയീദ് അന്‍വറിന്‍റെ സെഞ്ച്വറിയുടെ കരുത്തില്‍ 273 റണ്‍സാണ് നിശ്ചിത ഓവറില്‍ അടിച്ചെടുത്ത്. വസീം അക്രം, വഖാര്‍ യൂനിസ്, ഷെയ്‌ബ് അക്തര്‍ എന്നിവരടങ്ങുന്ന പേസ് നിരയെ തല്ലിത്തകര്‍ത്ത് വേണമായിരുന്നു ഇന്ത്യയ്ക്ക് വിജയലക്ഷ്യത്തിലേക്ക് എത്താന്‍. പേരുകേട്ട പാക് ബൗളിങ് നിരയെ തച്ചുതകര്‍ക്കാന്‍ ഇന്ത്യയ്‌ക്കാകുമോ എന്ന ആശങ്ക ആരാധകര്‍ക്കുണ്ടായിരുന്നു.
എന്നാല്‍, ഇന്ത്യയ്‌ക്ക് വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനെത്തിയ സച്ചിന്‍ ടെണ്ടുല്‍ക്കറും വിരേന്ദര്‍ സെവാഗും ചേര്‍ന്ന് ആ ആശങ്കകള്‍ തല്ലിയകറ്റി. ഒന്നാം വിക്കറ്റില്‍ പിറന്നത് 50 റണ്‍സിലധികം റണ്‍സ്. അനായാസം തന്നെ ഇന്ത്യ ജയത്തിലേക്ക് എത്തുമെന്ന് തോന്നിപ്പിച്ച നിമിഷം. എന്നാല്‍, അടുത്തടുത്ത പന്തുകളില്‍ വീരേന്ദര്‍ സെവാഗിനെയും സൗരവ് ഗാംഗുലിയേയും വഖാര്‍ യൂനിസ് മടക്കിയപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ ഒന്ന് ഞെട്ടി.
എന്നാല്‍ മറുവശത്തുണ്ടായിരുന്ന സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തകര്‍ത്തടിച്ചപ്പോള്‍ ഇന്ത്യന്‍ ആരാധകരുടെ ആശങ്കകളും അകന്നു. 75 പന്തില്‍ 98 റണ്‍സുമായി സച്ചിന്‍ വീണെങ്കിലും ദ്രാവിഡും മുഹമ്മദ് കൈഫും യുവരാജ് സിങും ചേര്‍ന്ന് ഇന്ത്യയെ ജയത്തിലേക്ക് എത്തിക്കുകയായിരുന്നു.
ലോകകപ്പ് ചരിത്രത്തില്‍ പാകിസ്ഥാനെതിരെ ആദ്യ സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടത്തിനരികിലായിരുന്നു സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അന്ന് വീണത്. ആ റെക്കോഡിനായി ഇന്ത്യന്‍ ആരാധകര്‍ കാത്തിരുന്നത് 12 വര്‍ഷങ്ങളാണ്. 2015ല്‍ ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും സംയുക്തമായി നടത്തിയ ലോകകപ്പില്‍ വിരാട് കോലി ലേകകപ്പില്‍ പാകിസ്ഥാനെതിരെ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി മാറി (First Indian To Score Century Against Pakistan In Cricket World Cup).
അഡ്‌ലെയ്‌ഡ് ഓവലില്‍ നടന്ന മത്സരത്തില്‍ 126 പന്ത് നേരിട്ട കോലി 107 റണ്‍സ് നേടിയാണ് പുറത്തായത്. ഈ കളിയില്‍ 76 റണ്‍സിന്‍റെ ജയമാണ് അന്ന് ഇന്ത്യന്‍ ടീം നേടിയത്. കഴിഞ്ഞ ഏകദിന ലോകകപ്പിലും പാകിസ്ഥാനെതിരെ ഒരു ഇന്ത്യന്‍ താരത്തിന്‍റെ സെഞ്ച്വറി പിറന്നിരുന്നു.
നിലവിലെ ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മയാണ് അന്ന് പാകിസ്ഥാനെതിരെ ലോകകപ്പില്‍ സെഞ്ച്വറി നേടിയത്. ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ 113 പന്തില്‍ നിന്നും 140 റണ്‍സായിരുന്നു അന്ന് രോഹിതിന്‍റെ സമ്പാദ്യം.
ശുഭ്‌മാന്‍ ഗില്‍, കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, വിരാട് കോലി, രോഹിത് ശര്‍മ... ഇക്കുറിയും വമ്പന്മാര്‍ നിരവധി പേരുണ്ട്. അഹമ്മദാബാദില്‍ നടക്കുന്ന ലോകകപ്പ് മത്സരത്തില്‍ പാകിസ്ഥാനെ നേരിടാന്‍ ടീം ഇന്ത്യ ഇറങ്ങുമ്പോള്‍ ഇവരില്‍ ആരുടെ ബാറ്റില്‍ നിന്നും റണ്‍സ് ഒഴുകുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.