സിഡ്‌നി: ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ സുവര്‍ണ ഏടാണ് കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയന്‍ മണ്ണില്‍ നേടിയ ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫി വിജയം. പരമ്പരയിലുടനീളം ഓസ്‌ട്രേലിയന്‍ കാണികളുടെ ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റത്തോട് ഉള്‍പ്പെടെ പൊരുതിയാണ് ഇന്ത്യ പരമ്പര പിടിച്ചത്. സിഡ്‌നിയില്‍ നടന്ന മൂന്നാം മത്സരത്തിലാണ് വംശീയ അധിക്ഷേപങ്ങള്‍ കൂടുതല്‍ നേരിട്ടതെന്ന് പരമ്പരയില്‍ ഇന്ത്യയെ നയിച്ച അജിങ്ക്യ രഹാനെ നേരത്തെ പറഞ്ഞിരുന്നു.
പേസര്‍ മുഹമ്മദ് സിറാജിനെതിരെ ആയിരുന്നു ഓസീസ് കാണികള്‍ കടുത്ത രീതിയിലുള്ള വംശീയ അധിക്ഷേപം നടത്തിയത്. ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയ സംഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് അന്ന് ഓസ്‌ട്രേലിയന്‍ ടീമിന്‍റെ ക്യാപ്‌റ്റനായിരുന്ന ടിം പെയ്‌ന്‍.
'അന്ന് സിറാജിന്‍റെ അടുത്തേക്ക് ചെന്നത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. അവന്‍റെ കണ്ണുകള്‍ നിറഞ്ഞ്, കണ്ണീര്‍ കവിളിലൂടെ ഒഴുകുകയായിരുന്നു. ആ മോശം പെരുമാറ്റം അവനെ വല്ലാതെ ബാധിക്കുകയും ആഴത്തില്‍ മുറിവേല്‍പ്പിക്കുകയും ചെയ്‌തിരുന്നു. അച്ഛന്‍റെ വിയോഗത്തിലൂടെ കടന്നുപോകുന്ന ഒരു കുട്ടി കൂടിയായിരുന്നു അവന്‍. പരമ്പരാഗതമായി ഓസ്‌ട്രേലിയക്കാര്‍ സന്ദര്‍ശക ക്രിക്കറ്റ് ടീമുകളോട് നന്നായി പെരുമാറുന്നവരാണ്. എന്നാല്‍ അന്ന് അങ്ങനെ സംഭവിച്ചത് തീര്‍ത്തും നിരാശാജനകമാണ്', പെയ്‌ന്‍ പറഞ്ഞു.
also read: 'ഡ്രസിങ് റൂമില്‍ ഇരിക്കാനല്ല, കളിക്കാനാണ് വന്നത്': വംശീയ അധിക്ഷേപത്തെ കുറിച്ച് രഹാനെ
ബോര്‍ഡര്‍ - ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പര അടിസ്ഥാനമാക്കി വൂട്ട് നിര്‍മിച്ച ഡോക്യുമെന്‍ററിയിലാണ് പെയ്‌ന്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. തന്‍റെ കരിയറിലെ രണ്ടാം ടെസ്റ്റ് മത്സരത്തിനായിരുന്നു അന്ന് സിറാജ് ഇറങ്ങിയിരുന്നത്. ടെസ്റ്റ് പരമ്പരയ്‌ക്ക് തൊട്ടുമുമ്പ് പിതാവ് മരിച്ചെങ്കിലും നാട്ടിലേക്ക് മടങ്ങുന്നതിന് പകരം ടീമിനൊപ്പം തുടരാന്‍ സിറാജ് തീരുമാനിക്കുകയായിരുന്നു.