മുംബൈ : ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ രാജ്യാന്തര ടി20 ക്രിക്കറ്റ് മതിയാക്കുന്നെന്ന വാര്‍ത്തകള്‍ (Rohit Sharma T20 Retirement Rumors) പുറത്തുവന്നതിന് പിന്നാലെ ആരുടെ നേതൃത്വത്തിലായിരിക്കും ടീം ഇന്ത്യ വരാനിരിക്കുന്ന ടി20 ലോകകപ്പ് (T20 World Cup 2024) കളിക്കുക എന്ന ചര്‍ച്ചകളും ആരാധകര്‍ക്കിടയില്‍ സജീവമായിട്ടുണ്ട്. 2024 ജൂണില്‍ വെസ്റ്റ് ഇന്‍ഡീസും യുഎസ്‌എയും സംയുക്തമായാണ് ടി20 ലോകകപ്പിന് ആതിഥേയത്വമരുളുന്നത്. ഈ ടൂര്‍ണമെന്‍റിലും രോഹിത് ശര്‍മ ഉണ്ടായിരിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
എന്നാല്‍, ടി20 ക്രിക്കറ്റിലേക്ക് തന്നെ പരിഗണിക്കരുതെന്ന് ബിസിസിഐ അധികൃതരോട് രോഹിത് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. നിലവില്‍, ഒരു വര്‍ഷത്തോളം കാലമായി രോഹിത് ശര്‍മ ഇന്ത്യയുടെ ടി20 ടീമിന്‍റെ ഭാഗമായിട്ട്. കഴിഞ്ഞ ടി20 ലോകകപ്പിലെ സെമി ഫൈനലില്‍ ആണ് രോഹിത് അവസാനമായി ഇന്ത്യയുടെ രാജ്യാന്തര ടി20 കുപ്പായമണിഞ്ഞത്.
അതിനുശേഷം ഇന്ത്യയ്‌ക്കായി ഏകദിന, ടെസ്റ്റ് മത്സരങ്ങള്‍ മാത്രമാണ് രോഹിത് കളിച്ചിരുന്നത്. ഇക്കാലയളവില്‍ നടന്ന ഭൂരിഭാഗം മത്സരങ്ങളിലും രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് (Hardik Pandya) ഇന്ത്യന്‍ ടീമിനെ ടി20യില്‍ നയിച്ചത്. കെഎല്‍ രാഹുലിനെ വൈസ് ക്യാപ്‌റ്റന്‍ സ്ഥാനത്ത് നിന്നും നീക്കിയതോടെയായിരുന്നു പാണ്ഡ്യയ്‌ക്ക് ഇന്ത്യന്‍ സീനിയര്‍ ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചതും.
ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് പുറമെ ജസ്‌പ്രീത് ബുംറയ്‌ക്കും സൂര്യകുമാര്‍ യാദവിനും ടി20യില്‍ ഇന്ത്യന്‍ സീനിയര്‍ ടീമിനെ നയിക്കാനുള്ള അവസരം ലഭിച്ചു. ക്യാപ്‌റ്റന്‍സിയില്‍ ടീം മാനേജ്‌മെന്‍റ് പരീക്ഷണം തുടരുന്ന സാഹചര്യത്തിലാണ് ആരാധകര്‍ക്കിടയിലും ചോദ്യങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ വ്യക്തതയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ ബിസിസിഐ വൃത്തങ്ങള്‍.
രോഹിത് ശര്‍മ ടി20 ക്രിക്കറ്റ് മതിയാക്കാന്‍ തന്നെയാണ് തീരുമാനിക്കുന്നതെങ്കില്‍ ഹാര്‍ദിക് പാണ്ഡ്യ ലോകകപ്പില്‍ ഇന്ത്യയെ നയിക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. 'രോഹിത് ടി20 ക്രിക്കറ്റ് വിടാനാണ് തീരുമാനിക്കുന്നതെങ്കില്‍ ഹാര്‍ദിക് പാണ്ഡ്യ മാത്രമായിരിക്കും പകരം നായകനാകുന്നത്. അല്ലാതെ, രോഹിത് ടീമിനൊപ്പം തുടരുകയാണെങ്കില്‍ ഹാര്‍ദിക് അദ്ദേഹത്തിന്‍റെ ഡെപ്യൂട്ടി മാത്രമായിരിക്കും'- ഒരു ദേശീയ മാധ്യമത്തോട് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.
Also Read : രോഹിതിനും വിരാട് കോലിക്കും വരുന്ന ടി20 ലോകകപ്പും കളിക്കാം..! സൂചന നല്‍കി ബിസിസിഐ
അതേസമയം, കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ഇന്ത്യയുടെ ടി20 ടീമില്‍ നിന്നും പുറത്താണെങ്കിലും രോഹിത് ശര്‍മയെ വരുന്ന ടി20 ലോകകപ്പിലേക്കും ബിസിസിഐ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദിന ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെയാണ് ബിസിസിഐ അധികൃതര്‍ രോഹിത്തിനെ വീണ്ടും ടി20 ടീമിലും ഉള്‍പ്പെടുത്തുന്ന കാര്യം ആലോചിക്കുന്നത്. രോഹിത് ശര്‍മയ്‌ക്കൊപ്പം വിരാട് കോലിയേയും ടി20 ലോകകപ്പിലേക്ക് പരിഗണിക്കുന്നതായാണ് സൂചന.