ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ തോൽവിയുടെ ആഘാതത്തിലാണ് ടീം ഇന്ത്യ. ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ വിജയത്തിന്‍റെ ആത്മവിശ്വാസത്തിൽ ഏകദിന പരമ്പരക്കെത്തിയ ഇന്ത്യക്ക് പക്ഷേ ഓസീസിന്‍റെ അപ്രതീക്ഷിത തിരിച്ചടിയിൽ കൈ പൊള്ളുകയായിരുന്നു. ഓസ്‌ട്രേലിയക്കെതിരായ ഈ തോൽവി ഏകദിന ലോകകപ്പ് പടിവാതിൽക്കൽ നിൽക്കെ ഇന്ത്യൻ ടീമിന്‍റെ സമയോചിതമായ ഉണർവാണ് ആഹ്വാനം ചെയ്യുന്നത്.
2023 ഒക്‌ടോബർ അഞ്ചിന് ആരംഭിക്കുന്ന ഏകദിന ലോകകപ്പിന് വേണ്ടി തയ്യാറെടുക്കുന്ന ഇന്ത്യയെ സംബന്ധിച്ച് ഏറെ ആശങ്കകൾക്ക് വഴിവെയ്‌ക്കുന്നതാണ് ഓസീസിനെതിരായ പരമ്പരയിലെ തോൽവി. സ്ഥിരതയില്ലാത്ത ഓപ്പണിങ് കൂട്ടുകെട്ടും, നാലാം നമ്പറിൽ ആര് എന്ന ചോദ്യവും, മികച്ച പേസർമാരുടെ അഭാവവും ഇന്ത്യക്ക് ലോകകപ്പിൽ വലിയ വെല്ലുവിളിയാകും. ലോകകപ്പിന് മുന്നോടിയായി എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം കാണേണ്ടത് ടീം ഇന്ത്യക്ക് അത്യാവശ്യമാണ്.
രോഹിത് ശർമക്കൊപ്പം ആര് ഇന്നിങ്സ് ഓപ്പണ്‍ ചെയ്യും എന്ന ചോദ്യത്തിന് കൃത്യമായൊരു ഉത്തരം ഇതുവരെ കണ്ടെത്താനായിട്ടില്ല. യുവതാരം ശുഭ്‌മാൻ ഗിൽ തന്നെയാകും രോഹിതിനൊപ്പം ഓപ്പണറായി എത്തുക എന്നത് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. എന്നാൽ ഇക്കഴിഞ്ഞ ഏകദിന പരമ്പരയിലെ ഗില്ലിന്‍റെ പ്രകടനം താരത്തിന്‍റെ സ്ഥാനങ്ങൾക്ക് ചെറിയ കോട്ടം വരുത്തി എന്ന് പറയാതെ വയ്യ.
അതേസമയം ലോകകപ്പ് പോലുള്ളൊരു വലിയ ടൂർണമെന്‍റിൽ പരിചയ സമ്പന്നനായ ശിഖർ ധവാനെ തിരികെ കൊണ്ട് വരണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഏറെ നാളായി ഇന്ത്യൻ ടീമിന് പുറത്താണ് ധവാൻ. കൂടാതെ ഏകദിനത്തിൽ ഡബിൾ സെഞ്ച്വറി നേടി തിളങ്ങിയ ഇഷാൻ കിഷനും ഓപ്പണറായി അവസരം കാത്ത് ടീമിന് പുറത്തുണ്ട്.
ഗോൾഡണ്‍ ഡക്കുകൾ: ടി20യിലെ തകർപ്പൻ പ്രകടനത്തിന്‍റെ പേരില്‍ ഏകദിന ടീമിൽ ഇടം നേടിയ സൂര്യകുമാർ യാദവിന്‍റെ ഹാട്രിക് ഗോൾഡൻ ഡക്കുകളും ടീമിനെ ഞെട്ടിച്ചിട്ടുണ്ട്. താരത്തിന്‍റെ മോശം പ്രകടനം ഇതിനകം തന്നെ കടുത്ത വിമർശനങ്ങൾക്കാണ് വഴിവെച്ചിട്ടുള്ളത്. വരാനിരിക്കുന്ന ലോകകപ്പിൽ പരിക്കിന്‍റെ പിടിയിലായ ശ്രേയസ് അയ്യർക്ക് കളിക്കാൻ സാധിച്ചില്ലെങ്കിൽ നാലാം നമ്പർ പൊസിഷനിലേക്ക് പരിഗണിച്ചിരുന്നത് സൂര്യകുമാറിനെയായിരുന്നു.
എന്നാൽ ഏകദിന പരമ്പരയിലെ പ്രകടനം ലോകകപ്പ് ടീമിലേക്കുള്ള സൂര്യകുമാറിന്‍റെ സ്ഥാനത്തിന് വിള്ളലുണ്ടാക്കി എന്നതാണ് യാഥാർഥ്യം. ആദ്യ രണ്ട് ഏകദിനങ്ങളിൽ മിച്ചൽ സ്റ്റാർക്കിനായിരുന്നു താരത്തിന്‍റെ വിക്കറ്റ് ലഭിച്ചിരുന്നത്. എന്നാൽ അവസാന ഏകദിനത്തിൽ ആഷ്‌ടണ്‍ ആഗറിന്‍റെ ഫ്രണ്ട് ഫൂട്ടിൽ കളിക്കേണ്ടിയിരുന്ന ഒരു ഡെലിവറി ബാക്ക് ഫൂട്ടിൽ കളിച്ച് താരം അനാവശ്യമായി പുറത്താകുകയായിരുന്നു. അതിനാൽ തന്നെ നാലാം നമ്പറിൽ ആരെ ഉറപ്പിക്കും എന്ന ആശയക്കുഴപ്പത്തിലായിരിക്കും ടീം മാനേജ്‌മെന്‍റ്.
ഇന്ത്യയുടെ അടുത്ത ഏകദിന മത്സരങ്ങൾ ജൂലൈയിലാണ് ആരംഭിക്കുന്നത്. ഈ കാലയളവിൽ ശ്രേയസ് അയ്യർക്ക് പരിക്കിൽ നിന്ന് മുക്‌തമായി തിരിച്ചെത്താനായില്ലെങ്കിൽ നാലാം നമ്പറിൽ വീണ്ടും സൂര്യകുമാറിന് അവസരം നൽകാനാണ് സാധ്യത. എന്നാൽ ഈ പൊസിഷനിൽ സൂര്യകുമാറിന് പകരം സഞ്ജു സാംസണെ പരിഗണിക്കണമെന്ന ആവശ്യം ബിസിസിഐ മുഖവിലയ്‌ക്ക് പോലും എടുക്കുന്നില്ല എന്നതാണ് മറ്റൊരു തമാശ.
സഞ്ജുവിന് അവഗണന: മധ്യനിരയിൽ സഞ്ജു സാംസണ് അവസരം നൽകണമെന്നാണ് ആരാധകരുടെ പ്രധാന ആവശ്യം. എന്നാൽ സൂര്യകുമാറിനെ ഇന്ത്യൻ സെലക്‌ടർമാർ വിട്ടുകളായാൻ സാധ്യതയില്ല. അപ്പോൾ സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താൻ മധ്യനിരയിൽ കളിക്കുന്ന വിക്കറ്റ് കീപ്പർ ബാറ്റർ കെഎൽ രാഹുലിനെ ഒഴിവാക്കേണ്ടി വരും. എന്നാൽ കഴിഞ്ഞ പരമ്പരയിൽ 116 റണ്‍സുമായി ഇന്ത്യയുടെ ടോപ് സ്‌കോററായ രാഹുലിനെ തള്ളിക്കളയാനും സെലക്‌ടർമാർക്കാവില്ല.
വാഹനാപകടത്തിൽ പരിക്കേറ്റതിനാൽ റിഷഭ് പന്തിന് വരിനിരിക്കുന്ന ഏകദിന ലോകകപ്പ് കളിക്കാനാകില്ല. അതിനാൽ തന്നെ ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പർ ബാറ്ററുടെ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. പക്ഷേ വിക്കറ്റ് കീപ്പർമാരായ കെഎൽ രാഹുലിനേയും, ഇഷാൻ കിഷനെയും മറികടന്ന് സഞ്ജു സാംസണെ സെലക്‌ടർമാർ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തുമോ എന്നത് ചോദ്യചിഹ്നമാണ്.
ബൗളർമാർ ആരൊക്കെ: സ്റ്റാർ പേസർ ജസ്‌പ്രീത് ബുംറ പരിക്കിന്‍റെ പിടിയിലായതിനാല്‍ ഏകദിന ടീമിലേക്ക് അടുത്തൊന്നും ഒരു മടങ്ങി വരവുണ്ടാകില്ലെന്നുറപ്പാണ്. പകരം ഷമിയും സിറാജും ചേർന്ന് പേസ് ബൗളിങ് ഡിപ്പാർട്ട്മെന്‍റിനെ നയിക്കും. മൂന്നാം പേസറായി ഹർദിക് പാണ്ഡ്യ തകർപ്പൻ ഫോമിലാണ്. മറ്റൊരു പേസറായി ഷാർദുല്‍ താക്കൂറിനെ കളിപ്പിക്കാൻ ടീം മാനേജ്‌മെന്‍റ് തയ്യാറാകില്ല എന്ന സൂചനയാണ് ഓസീസിന് എതിരായ അവസാന മത്സരം സൂചിപ്പിക്കുന്നത്. ഓൾറൗണ്ടർമാരായി രവി ജഡേജ, അക്‌സർ പട്ടേല്‍ എന്നിവരാകും ടീമിലുണ്ടാകുക. അതിനൊപ്പം കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, രവി ബിഷ്‌ണോയി എന്നിവർ മൂന്നാം സ്‌പിന്നറുടെ റോളിലേക്ക് മത്സരിക്കുന്നുണ്ട്. ഇവരില്‍ റൺസ് വിട്ടുകൊടുക്കാതെ വിക്കറ്റ് എടുക്കുന്നത് ആരാകും എന്ന് പരീക്ഷിക്കുകയാണ് ടീം മാനേജ്‌മെന്‍റിന് മുന്നിലുള്ള വെല്ലുവിളി.
പടിക്കൽ കലമുടയ്‌ക്കുമോ?: ഒക്‌ടോബർ അഞ്ചിന് ആരംഭിച്ച് നവംബർ 19നാണ് ലോകകപ്പ് അവസാനിക്കുന്നത്. ലോകകപ്പിനായി ടൂർണമെന്‍റിന് മൂന്ന് മാസം മുന്നേ അതായത് ജൂലൈയിൽ ഇന്ത്യ തയ്യാറെടുപ്പുകൾ ആരംഭിക്കും. ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ ഇന്ത്യക്ക് വ്യക്‌തമായ ആധിപത്യം സ്ഥാപിക്കാനാകുമെന്നായിരുന്നു കണക്കുകൂട്ടൽ.
എന്നാൽ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ തോൽവി ആ ചിന്തകളെല്ലാം തകർത്തെറിഞ്ഞിരിക്കുകയാണ്. ഇന്ത്യൻ പിച്ചുകളിൽ പോലും ഇന്ത്യക്ക് വ്യക്‌തമായ ആധിപത്യം ഉറപ്പിക്കാനാകാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്. ബാറ്റിങ്ങിന്‍റെ കാര്യത്തിൽ കുറച്ചു നാളുകളായി ഉഴപ്പൻ സമീപനമാണ് ഇന്ത്യ കാഴ്‌ചവെക്കുന്നത്.
പവർപ്ലേയിൽ എതിൽ ടീമിനെ ആക്രമിച്ച് കളിക്കാനുള്ള ആർജവം ഇന്ത്യൻ ബാറ്റർമാർ കാട്ടുന്നില്ല. അവസാന ഓവറുകളിൽ തകർത്തടിക്കേണ്ട മധ്യനിരയും ഉറങ്ങിയ സമീപനമാണ് പുറത്തെടുക്കുന്നത്. സ്‌പിന്നർമാക്കെതിരെ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്‌ത് കളിക്കുന്നതിൽ പോലും ഇന്ത്യൻ ബാറ്റർമാർ പരാജയപ്പെടുന്ന കാഴ്‌ചയാണ് ഇക്കഴിഞ്ഞ പരമ്പരയിലൂടെ കാണാനായത്.
മധ്യ ഓവറുകളിലെ സ്ട്രൈക്ക് റൊട്ടേഷൻ ഇന്നും ഇന്ത്യൻ നിരയിൽ പരിഹരിക്കപ്പെടാതെ കിടക്കുന്ന തലവേദനയാണ്. ഇവയെല്ലാം ലോകകപ്പിന് മുന്നേ പരിഗണിച്ച് പരിഹരിച്ചെങ്കിൽ മാത്രമേ സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പിൽ ഇന്ത്യക്ക് തലയുയർത്തി നിൽക്കാനാകുകയുള്ളൂ.