ഇസ്ലാമാബാദ്: പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജയ്‌ക്ക് എതിരെ ആരോപണം ഉന്നയിച്ച് മുൻ പാക് താരം തൻവീർ അഹമ്മദ്. റമീസ് രാജ പല പുതിയ പരീക്ഷണങ്ങളും നടത്തി പാകിസ്ഥാൻ ക്രിക്കറ്റിനെ നശിപ്പിക്കുകയാണെന്നും, ക്രിക്കറ്റിനെ മെച്ചപ്പെടുത്തുന്നതിന് പകരം സമയം പാഴാക്കാനാണ് അദ്ദേഹം സമയം ചെലവഴിക്കുന്നതെന്നും തൻവീർ അഹമ്മദ് പറഞ്ഞു.
പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്‍റെ ചെയർമാനായി അധികാരമേറ്റതിന് ശേഷം റമീസ് രാജ പൂർത്തിയാക്കിയ ഒരു നല്ല കാര്യം നിങ്ങൾക്ക് പറയാമോ?. റമീസ് രാജയെ പിസിബി ചെയർമാനായി നിയമിച്ചാൽ കാര്യങ്ങൾ മെച്ചപ്പെടുമെന്ന് ഞാൻ വിശ്വസിച്ചു. എന്നാൽ പഴയതിന് സമാനമായി തന്നെ കാര്യങ്ങൾ ഇപ്പോഴും പോയിക്കൊണ്ടിരിക്കുന്നു, തൻവീർ അഹമ്മദ് പറഞ്ഞു.
പിസിബിയുടെ സ്‌ക്വാഡ് തിരഞ്ഞെടുപ്പും തൊഴിൽ മാനദണ്ഡങ്ങളും ഇപ്പോഴും മെറിറ്റ് അടിസ്ഥാനമാക്കിയുള്ളതല്ല. തന്‍റെ മുൻഗാമികളെ പോലെയാണ് റമീസും. പാകിസ്ഥാൻ ക്രിക്കറ്റിനെ മെച്ചപ്പെടുത്തുന്നതിനെക്കാൾ അനാവശ്യമായി സമയം കളയാനാണ് അദ്ദേഹം ഇഷ്‌ടപ്പെടുന്നതെന്നും തൻവീർ അഹമ്മദ് പറഞ്ഞു.
അടുത്തിടെ റമീസ് പ്രഖ്യാപിച്ച ജൂനിയർ പാകിസ്ഥാൻ ക്രിക്കറ്റ് ലീഗിനെയും തൻവീർ എതിർത്തു. ജൂനിയർ പിഎസ്‌എൽ സംഘടിപ്പിക്കുന്നതിന് പകരം രണ്ട് ദിവസത്തെ അല്ലെങ്കിൽ മൂന്ന് ദിവസത്തെ മത്സരങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ ചെയർമാൻ ശ്രദ്ധ കേന്ദ്രീകരിക്കണമായിരുന്നു. ഇത്തരം തീരുമാനങ്ങളിലൂടെ റമീസ് പാകിസ്ഥാൻ ക്രിക്കറ്റിനെ നശിപ്പിക്കാൻ പോകുകയാണ്, തൻവീർ അഹമ്മദ് കൂട്ടിച്ചേർത്തു.