അബുദബി : ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക. ആറ് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക വിജയം പിടിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 18.2 ഓവറില്‍ മുഴുവന്‍ വിക്കറ്റും നഷ്ടപ്പെടുത്തി 84 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 13.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. സ്കോര്‍: ബംഗ്ലാദേശ് 84/10 (18.2), ദക്ഷിണാഫ്രിക്ക 86/4 (13.3).
31 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ തെംബാ ബാവുമയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. വാന്‍ഡെര്‍ (22), ക്വിന്റണ്‍ ഡിക്കോക്ക് (16), റീസ ഹെന്‍ഡ്രിക്‌സ് (4), ഏയ്ഡന്‍ മാര്‍ക്രം (0) എന്നിവരാണ് പുറത്തായ മറ്റ് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍. ഡേവിഡ് മില്ലര്‍ (5) പുറത്താവാതെ നിന്നു. ബംഗ്ലാദേശിനായി ടസ്കിന്‍ അഹമ്മദ് 18 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തു.
അതേസമയം തുടക്കം മുതല്‍ ആഞ്ഞടിച്ച ദക്ഷിണാഫ്രിക്കന്‍ പേസര്‍മാരാണ് ബംഗ്ലാദേശിനെ കുറഞ്ഞ സ്കോറിലൊതുക്കിയത്. 27 റണ്‍സെടുത്ത മെഹ്ദി ഹസ്സനാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ലിറ്റണ്‍ ദാസ് 24 റണ്‍സെടുത്തപ്പോള്‍ ഷമീം ഹുസൈന്‍ 11 റണ്‍സെടുത്തു. മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ക്കൊന്നും രണ്ടക്കം കാണാനായില്ല.
ദക്ഷിണാഫ്രിക്കയ്‌ക്കായി ആൻറിച്ച് നോർട്ട്ജെ 3.2 ഓവറില്‍ എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. കഗിസോ റബാഡ നാല് ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് സ്വന്തമാക്കി. തബ്രായിസ് ഷംസി രണ്ട് വിക്കറ്റും, ഡ്വെയ്ൻ പ്രിട്ടോറിയസ് ഒരു വിക്കറ്റും നേടി.
also read: കോലിയുടെ മകൾക്ക് നേരെ ബലാത്സംഗ ഭീഷണി ; പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വനിത കമ്മിഷൻ
ജയത്തോടെ നാലുകളികളില്‍ മൂന്ന് ജയവുമായി ആറ് പോയിന്‍റുള്ള ദക്ഷിണാഫ്രിക്ക സെമി ഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കി. നിലവില്‍ ഗ്രൂപ്പ് ഒന്നില്‍ ഇംഗ്ലണ്ടിന് പിന്നില്‍ രണ്ടാം സ്ഥാനത്താണവര്‍. എന്നാല്‍ തുടര്‍ച്ചയായ നാലാം തോല്‍വിയോടെ ബംഗ്ലാദേശിന്‍റെ സെമി പ്രതീക്ഷകള്‍ അവസാനിച്ചു.