ദുബായ്: ടി 20 ലോകകപ്പ് സൂപ്പർ 12ലെ അവസാന മത്സരത്തില്‍ നമീബിയയ്ക്ക് എതിരെ ഇന്ത്യയ്ക്ക് ജയിക്കാൻ 133 റൺസ്. ടൂർണമെന്‍റില്‍ നിന്ന് പുറത്തായ ഇന്ത്യ മുൻ നിര താരങ്ങൾക്കൊന്നും വിശ്രമം നല്‍കാതെയാണ് ദുർബലരായ നമീബിയയ്ക്ക് എതിരെ ഇറങ്ങിയത്. മിസ്‌റ്ററി സ്‌പിന്നർ വരുൺ ചക്രവർത്തിക്ക് പകരം രാഹുല്‍ ചഹാർ വന്നത് മാത്രമാണ് ഇന്ത്യൻ ടീമിലെ മാറ്റം.
ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത നായകൻ വിരാട് കോലിയുടെ തീരുമാനം ശരിവെയ്ക്കും വിധമാണ് ഇന്ത്യൻ ബൗളർമാർ പന്തെറിഞ്ഞത്. 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റൺസ് എടുക്കാനെ നമീബിയയ്ക്ക് കഴിഞ്ഞുള്ളൂ.
26 റൺസ് നേടിയ ഡേവിഡ് വൈസിയാണ് നമീബിയയുടെ ടോപ് സ്കോറർ. സ്റ്റീഫൻ ബാർഡ് ( 21), ജാൻ ഫ്രൈലിങ്ക് ( 15), മൈക്കല്‍ വാൻ ലിങ്കൻ ( 14), റൂബൻ ട്രുപെല്‍മാൻ (13), ജെറാഡ് ഇറാസ്‌മസ് ( 12) എന്നിവരാണ് രണ്ടക്കം കടന്ന ബാറ്റർമാർ. ഇന്ത്യൻ ബൗളർമാർ 17 റൺസ് എക്‌സ്‌ട്രാസ് ആയും നല്‍കി.
സ്‌പിൻ വല നെയ്‌ത് ഇന്ത്യ
നാല് ഓവറില്‍ 16 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ രവി ജഡേജയും നാല് ഓവറില്‍ 20 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ അശ്വിനും ചേർന്നാണ് നമീബിയയെ വരിഞ്ഞു മുറുക്കിയത്. ജസ്‌പ്രീത് ബുംറ നാല് ഓവറില്‍ 19 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടി.