അബുദബി: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ വെസ്റ്റ്ഇന്‍ഡീസിനെതിരെ ഓസ്‌ട്രേലിയക്ക് തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ വിന്‍ഡീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഉയര്‍ത്തിയ 158 റണ്‍സ് വിജയ ലക്ഷ്യം 22 പന്തുകള്‍ ബാക്കി നില്‍ക്കെ വെറും രണ്ട് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തിയാണ് ഓസീസ് മറി കടന്നത്. സ്കോര്‍: വെസ്റ്റ്ഇന്‍ഡീസ്- 157/7(20), ഓസ്‌ട്രേലിയ 161/2(16.2)
അര്‍ധ സെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണറുടേയും മിച്ചല്‍ മാര്‍ഷിന്‍റേയും പ്രകടനമാണ് ഓസീസിന് അനായസ വിജയം സമ്മാനിച്ചത്. വാര്‍ണര്‍ 56 പന്തില്‍ 89 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഒമ്പത് ഫോറുകളും നാല് സിക്‌സുകളുമാണ് താരം പറത്തിയത്.
മാര്‍ഷ് 32 പന്തില്‍ 53 റണ്‍സെടുത്ത് പുറത്തായി. അഞ്ച് ഫോറും രണ്ട് സിക്‌സുമാണ് താരം കണ്ടെത്തിയത്. ഒമ്പത് റണ്‍സെടുത്ത അരോണ്‍ ഫിഞ്ചാണ് പുറത്തായ മറ്റൊരു താരം.
വിന്‍ഡീസിനായി അകേല്‍ ഹൊസേന്‍ നാല് ഓവറില്‍ 29 റണ്‍സ് വിട്ടുകൊടുത്തും ക്രിസ് ഗെയ്‌ല്‍ ഒരു ഓവറില്‍ ഏഴ് റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റുകള്‍ വീഴ്‌ത്തി.
നേരത്തെ ടോസ് നേടിയ ഓസീസ് വിന്‍ഡീസിനെ ബാറ്റിങ്ങിനക്കുകയായിരുന്നു. 31 പന്തില്‍ 44 റണ്‍സെടുത്ത കീറണ്‍ പൊള്ളാര്‍ഡാണ് വിന്‍ഡീസിന്‍റെ ടോപ് സ്‌കോറര്‍. എവിന്‍ ലൂയിസ് (29), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (27), ക്രിസ് ഗെയ്‌ല്‍ (15), നിക്കോളാസ് പുരാന്‍ (4), റോസ്റ്റണ്‍ ചേസ് (0), ഡ്വെയ്ന്‍ ബ്രാവോ (10) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന.
ഏഴ് പന്തില്‍ 18 റണ്‍സുമായി ആന്ദ്രേ റസ്സലും ഒരു പന്തില്‍ ഒരു റണ്‍സുമായി ജേസണ്‍ ഹോള്‍ഡറും പുറത്താവാതെ നിന്നു. ഓസീസിനായി നാലോവറില്‍ 39 റണ്‍സ് വഴങ്ങിയ ജോഷ് ഹേസല്‍വുഡ് നാല് വിക്കറ്റ് വീഴ്‌ത്തി. ആദം സാംപ 20 റണ്‍സ് വിട്ടുകൊടുത്തും പാറ്റ് കമ്മിന്‍സ് 37 റണ്‍സ് വഴങ്ങിയും മിച്ചല്‍ സ്റ്റാര്‍ക്ക് 33 റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.
അതേസമയം മത്സരത്തിലെ വിജയത്തോടെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കാന്‍ ഓസീസിനായി. ഗ്രൂപ്പ് ഒന്നില്‍ ഇന്നത്തെ മത്സരത്തില്‍ ദക്ഷിണാ്രിക്ക വലിയ മാര്‍ജിനില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചില്ലെങ്കില്‍ ഓസീസിന് സെമിയിലെത്താം.
കളിച്ച നാല് മത്സരങ്ങളും വിജയിച്ച ഇംഗ്ലണ്ട് നേരത്ത തന്നെ സെമി ബെര്‍ത്ത് ഉറപ്പിച്ചിട്ടുണ്ട്. കളിച്ച അഞ്ച് മത്സരങ്ങില്‍ നാലെണ്ണെത്തില്‍ തോല്‍വി വഴങ്ങിയ വിന്‍ഡീസ് പുറത്തായി.