ന്യൂഡല്‍ഹി: ടി20 ലോകകപ്പ് 2022 ലെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ ആരംഭിക്കാനിരിക്കെ സെമിഫൈനലിലെത്തുന്ന നാല് ടീമുകളെ പ്രവചിച്ച് ഇന്ത്യയുടെ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ദ ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തിലാണ് സച്ചിന്‍റെ പ്രവചനം. ടൂര്‍ണമെന്‍റില്‍ ഇന്ത്യ കിരീടം നേടുമെന്ന് പ്രതീക്ഷിക്കുന്നതായും സച്ചിന്‍ വ്യക്തമാക്കി.
ടി20 ലോകകപ്പിന്‍റെ സെമിഫൈനലില്‍ തീര്‍ച്ചയായും ഇന്ത്യ സ്ഥാനം പിടിക്കും. ഇത്തവണ ഇന്ത്യയ്‌ക്ക് കിരീടം നേടാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയെ കൂടാതെ അതേ ഗ്രൂപ്പില്‍ നിന്നും പാകിസ്ഥാനും അവസാന നാലില്‍ സ്ഥാനം പിടിക്കുമെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.
നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകളാണ് സച്ചിന്‍ സെമി സാധ്യത പ്രവചിക്കുന്ന മറ്റ് രണ്ട് ടീമുകള്‍. ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയും ടൂര്‍ണമെന്റിലെ കറുത്ത കുതിരകളാണ്. അവര്‍ക്കും സെമി സാധ്യതയുണ്ടെന്ന് സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ജസ്‌പ്രീത് ബുംറയില്ലാത്തത് ഇന്ത്യന്‍ ടീമിന്‍റെ പ്രകടനത്തെ ബാധിക്കുമെന്നും സച്ചിന്‍ അഭിപ്രായപ്പെട്ടു. ബുംറയെപ്പൊലോരു ലോകോത്തര ബോളറുടെ അഭാവം മനസിലാക്കി ഇന്ത്യയ്‌ക്ക് ടീമിനെ തയ്യാറാക്കാന്‍ സാധിച്ചു. ബുംറയ്‌ക്ക് പകരക്കാരനായി ഷമിയെ ഉള്‍പ്പെടുത്തിയ തീരുമാനം ശരിവയ്‌ക്കുന്ന പ്രകടനമാണ് ഓസ്‌ട്രേലിയയ്‌ക്കെതിരായ സന്നാഹ മത്സരത്തില്‍ കണ്ടതെന്നും സച്ചിന്‍ പറഞ്ഞു.