മുംബൈ: ടി20 ലോകകപ്പിനിറങ്ങുന്ന ഇന്ത്യന്‍ ടീമിന്‍റെ ബോളിങ് ഡിപ്പാര്‍ട്ട്‌മെന്‍റുമായി ബന്ധപ്പെട്ട് ഏറെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പരിക്കേറ്റതിനെ തുടര്‍ന്ന് സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറ പുറത്തായതോടെ ടീമിന്‍റെ ബോളിങ് യൂണിന് മൂര്‍ച്ച കുറഞ്ഞുവെന്നാണ് പൊതുവെ വിലയിരുത്തല്‍. ബുംറയ്‌ക്ക് പകരം മുഹമ്മദ് ഷമിയെയാണ് പകരക്കാരനായി ടീമിലുള്‍പ്പെടുത്തിയത്.
അര്‍ഷ്‌ദീപ് സിങ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരാണ് ടീമിലെ മറ്റ് പേസര്‍മാര്‍. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ അഞ്ചാം പേസ് ഓപ്‌ഷന്‍. ബുംറയില്ലെങ്കില്‍ ഇന്ത്യയുടെ ബോളിങ് യൂണിറ്റിനെ നയിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട താരമാണ് ഭുവി.
എന്നാല്‍ സമീപ കാലത്തായി തന്‍റെ മികച്ച പ്രകടനം നടത്താന്‍ ഭുവിയ്‌ക്ക് കഴിഞ്ഞിരുന്നില്ല. 2021 മുതൽ ഇന്ത്യക്കായി 23 ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള താരത്തിന് 15 വിക്കറ്റുകൾ മാത്രമാണ് ലഭിച്ചത്. ഡെത്ത് ഓവറുകളില്‍ എറിഞ്ഞ 159 പന്തുകളില്‍ 10.03 ഇക്കോണമിയില്‍ 266 റണ്‍സാണ് താരം വഴങ്ങിയത്.
ടീമിലെ മറ്റൊരു പേസറായ ഹര്‍ഷലിനും സമീപകാലത്തായി തന്‍റെ മികവിലേക്ക് ഉയരാന്‍ കഴിഞ്ഞിട്ടില്ല. പരിക്കിനെ തുടര്‍ന്ന് ഏറെ നാള്‍ പുറത്തിരുന്നാണ് താരം ടീമിലേക്ക് തിരിച്ചെത്തിയത്. മറുവശത്ത് കഴിഞ്ഞ ടി20 ലോകകപ്പിലാണ് ഷമി ഇന്ത്യയ്‌ക്കായി അവസാന ടി20 മത്സരം കളിച്ചത്.
ഇതോടെ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ആരൊക്കെയാവും ഇടം നേടുകയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ മൂന്ന് പേസര്‍മാരുമായി ഇന്ത്യ കളിക്കുകയാണെങ്കില്‍ ആരെല്ലാമാവും ടീമിലെത്തുകയെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ താരം റോബിന്‍ ഉത്തപ്പ.
അര്‍ഷ്‌ദീപ് സിങ്ങും മുഹമ്മദ് ഷമിയും തീര്‍ച്ചയായും പ്ലേയിങ് ഇലവനിലുണ്ടാവുമെന്ന് ഉത്തപ്പ പറഞ്ഞു. മൂന്നാം പേസറെന്ന നിലയില്‍ ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ തമ്മിലാണ് മത്സരമെന്നും ഉത്തപ്പ കൂട്ടിച്ചേര്‍ത്തു. ഒക്‌ടോബര്‍ 23ന് ചിരവൈരികളായ പാകിസ്ഥാനെതിരെയാണ് ലോകകപ്പില്‍ ഇന്ത്യ ആദ്യ മത്സരം കളിക്കുന്നത്. അവസാന മൂന്ന് ഏറ്റുമുട്ടലുകളില്‍ രണ്ടിലും ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്ഥാന് കഴിഞ്ഞിരുന്നു.
also read: 'ബുംറയില്ലാത്തത് തിരിച്ചടി, പക്ഷേ അവര്‍ക്ക് ഹാര്‍ദിക്കുണ്ട്' ; ഇന്ത്യയുടെ എതിരാളികളോട് ആഖിബ് ജാവേദ്