ന്യൂഡല്‍ഹി: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ അടുത്തിടെയാണ് സെലക്‌ടര്‍മാര്‍ പ്രഖ്യാപിച്ചത്. പരിക്കിനെ തുടര്‍ന്ന് ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ പുറത്തായപ്പോള്‍ പേസര്‍ ജസ്‌പ്രീത് ബുംറ ടീലേക്ക് തിരിച്ചെത്തിയത് ടീമിന് കരുത്താണ്. ബുംറയുടെ തിരിച്ചുവരവ് ഇന്ത്യയ്‌ക്ക് നിര്‍ണായകമാവുമ്പോള്‍ ജഡേജയുടെ പുറത്താവല്‍ വലിയ നഷ്‌ടമാണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ശ്രീലങ്കന്‍ ഇതിഹാസ താരം മഹേല ജയവർധനെ.
ഐസിസി റിവ്യൂവിലാണ് ജയവര്‍ധനെയുടെ പ്രതികരണം. ജഡേജയുടെ അഭാവം ഇന്ത്യയ്‌ക്ക് വെല്ലുവിളിയാണ്. അഞ്ചാം നമ്പറില്‍ ഇടങ്കയ്യനായ ജഡേജയെ നന്നായി യോജിപ്പിക്കാന്‍ ടീമിന് കഴിഞ്ഞിരുന്നു. ആദ്യ ആറില്‍ ജഡേജയും ഹാര്‍ദിക് പാണ്ഡ്യയുമെത്തുന്നത് ബാറ്റിങ് ഓര്‍ഡറില്‍ മികച്ച ഫ്ലക്‌സിബിലിറ്റി നല്‍കുന്നതായിരുന്നു.
ഇരുവരുടേയും ഓള്‍ റൗണ്ടര്‍ പ്രകടനവും ഇന്ത്യയ്‌ക്ക് ഏറെ ഗുണം ചെയ്യുമായിരുന്നുവെന്നും ജയവര്‍ധനെ പറഞ്ഞു. ബുംറ തിരിച്ചെത്തിയതോടെ ബൗളിങ് യൂണിറ്റിന്‍റെ കരുത്ത് വര്‍ധിച്ചതായും ജയവർധനെ കൂട്ടിച്ചേര്‍ത്തു. ബുംറയുടെ തിരിച്ചുവരവ് ന്യൂബോളിലും ബാക്ക് എന്‍ഡിലും വലിയ വിടവാണ് നികത്തുന്നതെന്നും ജയവർധനെ പറഞ്ഞു.
വിരാട് കോലി ഫോമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യയ്‌ക്ക് ആത്മവിശ്വാസം നല്‍കുന്നതാണെന്നും ജയവർധനെ വ്യക്തമാക്കി. ഏഷ്യ കപ്പില്‍ കോലി നന്നായി ബാറ്റ് ചെയ്‌തു. തന്‍റെ കഴിവ് എന്താണെന്ന് അദ്ദേഹം കാണിച്ചു. വിരാടിനെപ്പോലൊരു കളിക്കാരന്‍ ടീമിന് ആത്മവിശ്വാസവും എതിരാളികള്‍ക്ക് ആശങ്കയുമാണ്. ജയവര്‍ധനെ പറഞ്ഞ് നിര്‍ത്തി.
മോശം ഫോമിനെ തുടര്‍ന്ന് വലിയ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലായിരുന്നു കോലി ഏഷ്യ കപ്പിനിറങ്ങിയത്. എന്നാല്‍ റണ്ണടിച്ച് കൂട്ടിയ താരം ടൂര്‍ണമെന്‍റിലൂടെ ഗംഭീര തിരിച്ച് വരവാണ് നടത്തിയത്. സൂപ്പര്‍ ഫോറില്‍ അഫ്‌ഗാനിസ്ഥാനെതിരായ മത്സരത്തില്‍ സെഞ്ചുറി നേടി താരം തിളങ്ങിയിരുന്നു.ടി20 ഫോര്‍മാറ്റില്‍ കോലിയുടെ ആദ്യ സെഞ്ചുറിയായിരുന്നുവിത്.
also read: രോഹിത്തും കോലിയും പുറത്തായാല്‍ ഇന്ത്യയുടെ പാതികഥ കഴിഞ്ഞുവെന്ന് അസ്‌ഗർ അഫ്‌ഗാൻ