അഡ്‌ലെയ്‌ഡ്: ടി20 ലോകകപ്പ് സെമിയില്‍ ഇന്ത്യയ്‌ക്കെതിരെ ഇറങ്ങും മുമ്പ് ഇംഗ്ലണ്ടിന് ആശങ്കയായി സൂപ്പര്‍ താരങ്ങളുടെ പരിക്ക്. ബാറ്റര്‍ ഡേവിഡ് മലാനും പേസര്‍ മാര്‍ക് വുഡുമാണ് പരിക്കിന്‍റെ പിടിയിലുള്ളത്. ഇന്ത്യയ്‌ക്കെതിരെ ഇരുവരും കളിക്കുമോയെന്ന കാര്യത്തില്‍ മത്സരദിനമായ നാളെയാണ് തീരുമാനമുണ്ടാവുകയെന്ന് ഇംഗ്ലീഷ് നായകന്‍ ജോസ് ബട്‌ലര്‍ പറഞ്ഞു.
മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്ത സമ്മേളനത്തിലാണ് ബട്‌ലറുടെ പ്രതികരണം. പരിക്ക് പൂര്‍ണമായും ഭേദമാകുന്നതിന് ഇരുവര്‍ക്കും സമയം നല്‍കും. മെഡിക്കല്‍ സംഘത്തില്‍ പൂര്‍ണ വിശ്വാസമുണ്ട്. ഇരുവര്‍ക്കും വേഗത്തില്‍ സുഖം പ്രാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നാളെ നടക്കുന്ന ഫിറ്റ്‌നസ് പരിശോധനയ്‌ക്ക് ശേഷമാവും ഇരുവരെയും പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെന്നും ബട്‌ലര്‍ വ്യക്തമാക്കി. സൂപ്പര്‍ 12ല്‍ ശ്രീലങ്കയ്‌ക്കെതിരായ അവസാന മത്സരത്തിലാണ് ഡേവിഡ് മലാന് പരിക്കേറ്റത്. താരത്തിന് കളിക്കാനായില്ലെങ്കില്‍ പകരക്കാരനായി ഫില്‍ സാള്‍ട്ട് പ്ലേയിങ് ഇലവനിലെത്തും.
സ്റ്റാര്‍ പേസറായ മാര്‍ക് വുഡ് പുറത്തായാല്‍ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയാണുണ്ടാവുക. ഇംഗ്ലീഷ് പേസ് നിരയില്‍ പ്രധാനിയായ വുഡ് തുടര്‍ച്ചയായി 145 കിലോമീറ്ററിലേറെ വേഗത്തില്‍ പന്തെറിയാനാവുന്ന താരമാണ്. സൂപ്പര്‍ 12ല്‍ കളിച്ച നാല് മത്സരങ്ങളില്‍ നിന്നും ഒമ്പത് വിക്കറ്റ് നേടാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്.
അതേസമയം നാളെ അഡ്‌ലെയ്‌ഡിലാണ് ഇംഗ്ലണ്ട് ഇന്ത്യയ്‌ക്കെതിരെ ഇറങ്ങുക. ഇന്ത്യന്‍ സമയം ഉച്ചക്ക് 1.30നാണ് മത്സരം. ഗ്രൂപ്പ് രണ്ടില്‍ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയുറപ്പിച്ചത്. ഗ്രൂപ്പ് രണ്ടില്‍ രണ്ടാം സ്ഥാനക്കാരായിരുന്നു ഇംഗ്ലണ്ട്.
Also read: 'അവന്‍ വിചിത്ര പ്രതിഭ'; സൂര്യയെ ഭയക്കണമെന്ന് ഇംഗ്ലീഷ് താരങ്ങളോട് നാസര്‍ ഹുസൈന്‍