സിഡ്‌നി: ടി20 ലോകകപ്പിലെ നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിന് മുന്‍പായി പരിശീലനത്തിനിറങ്ങി ഇന്ത്യന്‍ ടീം. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലായിരുന്നു ടീമിന്‍റെ പരിശീലന സെഷന്‍. ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍ ഉള്‍പ്പടെയുള്ള പ്രധാന താരങ്ങളെല്ലാം മണിക്കൂറുകള്‍ നീണ്ട നെറ്റ് സെഷനില്‍ പരിശീലനം നടത്തി.
രാഹുലും ദിനേശ് കാർത്തിക്കും നെറ്റ്സിൽ രവിചന്ദ്രൻ അശ്വിനെയും യുസ്‌വേന്ദ്ര ചഹലിനെയും നേരിട്ടു. കോലിക്കൊപ്പം ത്രോ-ഡൗണുകളും കാർത്തിക് പരിശീലിച്ചു. ഹെഡ് കോച്ച് രാഹുൽ ദ്രാവിഡിന്‍റെയും ബാറ്റിങ് കോച്ച് വിക്രം റാത്തോറിന്‍റെയും മേൽനോട്ടത്തിലാണ് പരിശീലനം.
പാകിസ്ഥാനെതിരായ മത്സരത്തില്‍ കളിക്കാതിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തും സിഡ്‌നിയില്‍ പരിശീലനത്തിനിറങ്ങി. അതേസമയം സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ പരിശീലനത്തിനെത്തിയില്ല. ടീം മാനേജ്മെൻ്റ് വിശ്രമം അനുവദിച്ചതിനെ തുടര്‍ന്നാണ് ഇരുവരും പരിശീലന സെഷനില്‍ നിന്ന് വിട്ടുനിന്നത്.
പേസര്‍മാരായ മുഹമ്മദ് ഷാമി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്‌ദീപ് സിങ് എന്നിവരും സിഡ്‌നിയില്‍ നടന്ന പരിശീലന സെഷനില്‍ നിന്ന് വിട്ടുനിന്നു. ഒക്‌ടോബര്‍ 27നാണ് ഇന്ത്യ, ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ നേരിടുന്നത്. ആദ്യ മത്സരം നെതര്‍ലന്‍ഡ്‌സ് ബംഗ്ലാദേശിനോട് ഒമ്പത് റണ്‍സിന്‍റെ തോല്‍വി വഴങ്ങിയിരുന്നു.