പെർത്ത്: ടി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്‌ക്ക് 134 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്‌ടത്തിൽ 133 റണ്‍സ് നേടാനേ സാധിച്ചുള്ളു. തീ തുപ്പുന്ന ദക്ഷിണാഫ്രിക്കൻ പേസ് നിരയുടെ മുന്നിൽ ഇന്ത്യൻ ബാറ്റർമാരെല്ലാം തകർന്ന് വീണപ്പോൾ അർധ സെഞ്ച്വറിയുമായി സൂര്യകുമാർ യാദവ് (68) ഇന്ത്യയുടെ രക്ഷകനാവുകയായിരുന്നു.
സൂര്യകുമാറിനെ കൂടാതെ കോലിയും (12) രോഹിതുമാണ് (15) രണ്ടക്കം കടന്ന മറ്റ് താരങ്ങൾ. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത നായകൻ രോഹിത് ശർമ്മയുടെ തീരുമാനം തെറ്റുകയായിരുന്നു. വമ്പൻ ഷോട്ടുകളുമായി തുടങ്ങിയ രോഹിതിന്‍റെ (15) വിക്കറ്റ് തന്നെയാണ് ഇന്ത്യക്ക് ആദ്യം നഷ്‌ടമായത്.
തൊട്ടുപിന്നാലെ തന്നെ കഴിഞ്ഞ മത്സരങ്ങളിലേത് പോലെ തന്നെ കെഎൽ രാഹുലും (9) നിലയുറപ്പിക്കാതെ മടങ്ങി. പിന്നാലെയെത്തിയ കോലി ഇന്ത്യൻ പ്രതീക്ഷകൾ ഉയർത്തി മികച്ചരീതിയിൽ ബാറ്റ് വീശി. എന്നാൽ ദക്ഷിണാഫ്രിക്കൻ ബൗണ്‍സറുകൾക്ക് മുന്നിൽ കോലിയും (12) വീണു. എന്നാൽ സൂര്യകുമാർ യാദവ് ഇന്ത്യയുടെ രക്ഷകനായി എത്തുകയായിരുന്നു.
ഒരു വശത്ത് വിക്കറ്റുകൾ പൊഴിയുമ്പോഴും മറുവശത്ത് ദക്ഷിണാഫ്രിക്കൻ ബോളർമാരെ സൂര്യ തലങ്ങും വിലങ്ങും പായിച്ചുകൊണ്ടിരുന്നു. ഇതിനിടെ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇടം നേടിയ ദീപക് ഹൂഡ സംപൂജ്യനായി മടങ്ങി. ഹാർദിക് പാണ്ഡ്യ (2), ദിനേഷ് കാർത്തിക് (6), രവിചന്ദ്രൻ അശ്വിൻ (7), മുഹമ്മദ് ഷമി (0) എന്നിവർ നിരനിരയായി മടങ്ങി.
ഭുവനേശ്വർ കുമാർ (4), അർഷദീപ് സിങ് (2) എന്നിവർ പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കക്കായി ലുങ്കി എൻഗിഡി നാല് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ വെയ്‌ൻ പാരനെൽ മൂന്ന് വിക്കറ്റും ആൻറിച്ച് നോർട്ട്ജെ ഒരു വിക്കറ്റും നേടി.