അഡ്‌ലെയ്‌ഡ്: ടി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്‌ടത്തിൽ 184 റണ്‍സ് നേടി. അർധ സെഞ്ച്വറിയുമായി തിളങ്ങിയ വിരാട് കോലിയും(64), കെഎൽ രാഹുലും(50) ചേർന്നാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് എത്തിച്ചത്. സൂര്യകുമാർ യാദവ് 16 പന്തിൽ 30 റണ്‍സുമായി പുറത്തായി.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. മൂന്നാം ഓവറിൽ തന്നെ നായകൻ രോഹിത് ശർമയെ(2) ഇന്ത്യക്ക് നഷ്‌ടമായി. എന്നാൽ തുടർന്ന് ഒന്നിച്ച കെഎൽ രാഹുൽ വിരാട് കോലി കൂട്ടുകെട്ട് ഇന്ത്യയെ മുന്നോട്ട് നയിച്ചു. ഇരുവരും ചേർന്ന് 67 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഇതിനിടെ അർധശതകം പൂർത്തിയാക്കിയതിന് പിന്നാലെ രാഹുൽ പുറത്തായി.
എന്നാൽ തുടർന്നെത്തിയ സൂര്യകൂമാർ യാദവ് വമ്പൻ അടികളുമായി സ്‌കോർ ഉയർത്തി. എന്നാൽ ടീം സ്‌കോർ 116ൽ നിൽക്കെ സൂര്യകുമാറിനെയും ഇന്ത്യക്ക് നഷ്‌ടമായി. പിന്നാലെ ഹാർദിക് പാണ്ഡ്യ(5), ദിനേഷ് കാർത്തിക്(7), അക്‌സർ പട്ടേല്‍ (7) എന്നിവർ പെട്ടെന്ന് പുറത്തായത് ഇന്ത്യയുടെ സ്‌കോറിങിന്‍റെ വേഗം കുറച്ചു.
എന്നാൽ അവസാന ഓവറുകളിൽ കോലിയും അശ്വിനും ചേർന്ന് സ്‌കോർ ഉയർത്തുകയായിരുന്നു. അശ്വിൻ 13 റണ്‍സുമായി പുറത്താകാതെ നിന്നു. ബംഗ്ലാദേശിനായി ഹസൻ മുഹ്‌മദ് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ഷാക്കിബ് അൽ ഹസൻ രണ്ട് വിക്കറ്റ് നേടി.