അഡ്‌ലെയ്‌ഡ്: ടി20 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരായ പോരാട്ടത്തിനൊരുങ്ങുകയാണ് ഇംഗ്ലണ്ട് താരങ്ങള്‍. വ്യാഴാഴ്‌ച അഡ്‌ലെയ്‌ഡിലാണ് മത്സരം നടക്കുക. ഇതിനിടെ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെ പ്രശംസകൊണ്ട് മൂടിയിരിക്കുകയാണ് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മൊയീന്‍ അലി.
ടി20 ക്രിക്കറ്റിനെ വേറെ ലെവലിലെത്തിച്ച സൂര്യ ലോകത്തെ ഏറ്റവും മികച്ച ബാറ്ററാണെന്ന് മൊയീന്‍ അലി പറഞ്ഞു. "അയാള്‍ അസാമാന്യ കളിക്കാരനാണ്. എനിക്ക് തോന്നുന്നത് ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരം.
ടി20 ക്രിക്കറ്റിനെ അയാള്‍ വേറെ ലെവലിലെത്തിച്ചു. എവിടെ പന്തെറിയണം എന്നറിയാതെ ബോളര്‍മാരെ കുഴയ്‌ക്കുന്ന ബാറ്റര്‍മാരില്‍ ഒന്നാം സ്ഥാനത്ത് അയാളുണ്ട്. സൂര്യയ്‌ക്കെതിരെ പന്തെറിയുകയും അയാളുടെ ബലഹീനത കണ്ടെത്തുകയും ചെയ്യുന്നത് എളുപ്പമല്ല", മൊയീന്‍ അലി പറഞ്ഞു.
ഈ വര്‍ഷം ജൂണില്‍ ഇംഗ്ലണ്ടിനെതിരെയാണ് സൂര്യകുമാര്‍ യാദവ് തന്‍റെ ആദ്യ ടി20 സെഞ്ച്വറി കണ്ടെത്തിയത്. അന്ന് 14 ഫോറുകളും ആറ് സിക്‌സുകളുടെയും അകമ്പടിയോടെ 117 റണ്‍സെടുത്ത സൂര്യയെ മൊയീന്‍ അലിയാണ് പുറത്താക്കിയത്. വമ്പന്‍ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ മത്സരത്തില്‍ പരാജയപ്പെട്ടുവെങ്കിലും ടീമിന്‍റെ തോല്‍വി ഭാരം കുറച്ചത് സൂര്യയുടെ ഇന്നിങ്‌സാണ്.
സൂര്യയുടെ ഈ പ്രകടനത്തെക്കുറിച്ചും മൊയീന്‍ അലി സംസാരിച്ചു. "പുറത്താക്കും മുമ്പ് സൂര്യ എന്നെ കൊന്നു കൊലവിളിച്ചിരുന്നു. ഇന്ത്യക്ക് മുന്നില്‍ അന്ന് വലിയ ലക്ഷ്യമാണുണ്ടായിരുന്നെങ്കിലും അവന്‍ ടീമിനെ അടുത്തെത്തിച്ചു.
ക്ഷീണിച്ചപ്പോള്‍ മാത്രമാണ് എനിക്ക് അവനെ പുറത്താക്കാന്‍ സാധിച്ചത്. അങ്ങനെയാണ് എനിക്ക് സൂര്യയുടെ വിക്കറ്റ് കിട്ടിയത്. അസാമാന്യ പ്രകടനമാണ് അന്ന് സൂര്യ നടത്തിയത്. അവന്‍റെ ചില ഷോട്ടുകള്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ചതായിരുന്നു", മൊയീന്‍ അലി പറഞ്ഞു നിര്‍ത്തി.
also read: 'ഒരിക്കലും എഴുതിത്തള്ളപ്പെടാതിരിക്കാനുള്ള അവകാശം കോലിയ്‌ക്കുണ്ട്' ; പുകഴ്‌ത്തി ബെന്‍ സ്റ്റോക്‌സ്