അഡ്‌ലെയ്‌ഡ്: ടി20 ലോകകപ്പിന്‍റെ സെമിയില്‍ ഇംഗ്ലണ്ടിനെ നേരിടാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. നാളെ (10.11.22) നടക്കുന്ന മത്സരത്തിന് മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളതെങ്കിലും അന്തിമ ഇലവനിലെ അനിശ്ചിതത്വം തുടരുകയാണ്. വിവിധ ടീമുകള്‍ക്കെതിരെ വ്യത്യസ്‌ത താരങ്ങളേയും കോമ്പിനേഷനും പരീക്ഷിച്ചാണ് ഇന്ത്യ ലോകകപ്പ് ടീം തെരഞ്ഞെടുപ്പ് നടത്തിയത്.
എന്നാല്‍ ഒരു അന്തിമ ഇലവനുറപ്പിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിട്ടില്ലെന്നതാണ് വാസ്‌തവം. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായ റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക് എന്നിവരുടെ തെരഞ്ഞെടുപ്പിലാണ് ഇന്ത്യയ്‌ക്ക് തലവേദന. സൂപ്പര്‍ 12ല്‍ ഏറെ മത്സരങ്ങളിലും വെറ്ററന്‍ താരം ദിനേശ് കാര്‍ത്തികാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നിലയില്‍ പ്ലേയിങ് ഇലവനിലെത്തിയത്. ഫിനിഷറെന്ന നിലയില്‍ ടീമിലെത്തിയ കാര്‍ത്തികിനും കാര്യമായി തിളങ്ങാന്‍ കഴിഞ്ഞിട്ടില്ല.
സിംബാബ്‌വെയ്‌ക്കെതിരായ അവസാന മത്സരത്തില്‍ കാര്‍ത്തികിനെ പുറത്തിരുത്തി റിഷഭ് പന്തിനെ കളിപ്പിച്ചു. എന്നാല്‍ അവസരം മുതലാക്കാന്‍ കഴിയാതിരുന്ന താരം അഞ്ച് പന്തില്‍ മൂന്ന് റണ്‍സുമായി തിരിച്ച് കയറി. ഇതോടെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ആരാവും വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് എത്തുകയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
തല്‍സ്ഥാനത്തേക്ക് പന്തിനേയും, കാര്‍ത്തികിനേയും പിന്തുണച്ച് മുന്‍ താരങ്ങളടക്കം രംഗത്തെത്തിയിരുന്നു. ഇടങ്കയ്യനായ പന്തിന്‍റെ തെരഞ്ഞെടുപ്പ് ഗുണം ചെയ്യുമെന്നാണ് ഒരു വിഭാഗം പറയുന്നത്. എന്നാല്‍ ഫിനിഷറുടെ റോളില്‍ കളിക്കാന്‍ കാര്‍ത്തികിന് മാത്രമേ കഴിയൂവെന്നാണ് മറുവിഭാഗത്തിന്‍റെ വാദം. എന്നാല്‍ മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്ത സമ്മേളനത്തില്‍ ഇതേക്കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ തയ്യാറായിരുന്നില്ല.
നാളെ എന്താണ് സംഭവിക്കുക എന്ന് ഇപ്പോള്‍ തനിക്ക് പറയാനാവില്ലെന്നും രണ്ട് പേരും പരിഗണനയിലുണ്ടെന്നുമാണ് താരം പറഞ്ഞത്. ടൂര്‍ണമെന്‍റില്‍ ഒരു മത്സരം പോലും കളിക്കാതിരുന്നതിനാലാണ് സിംബാബ്‌വെയ്‌ക്കെതിരെ പന്തിന് അവസരം നല്‍കിയെന്ന് രോഹിത് നേരത്തെ പറഞ്ഞിരുന്നു. ഇന്നത്തെ വാര്‍ത്ത സമ്മേളനത്തിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ ഇതാവര്‍ത്തിക്കുകയായിരുന്നു.
അവസരം നല്‍കാതെ ഒരു കളിക്കാരനെ ഇവിടം വരെ കൊണ്ടുവരുന്നത് അനീതിയാണ്. സെമിയിലും ഫൈനലിലും മാറ്റം വേണ്ടി വന്നാലുള്ള സാധ്യതയും തങ്ങള്‍ പരിഗണിച്ചുവെന്നും രോഹിത് പറഞ്ഞു. ഇതോടെ ആരാവും ഇംഗ്ലണ്ടിനെതിരെ ആരാവും വിക്കറ്റിനു പിന്നിലുണ്ടാവുകയെന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.