ന്യൂഡല്‍ഹി: ടി20 ലോകകപ്പ് സെമിയിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമിനെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനമുയരുകയാണ്. രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയും മാനേജ്‌മെന്‍റിന്‍റെ മോശം തീരുമാനങ്ങളുമാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഇതിനിടെ ഇന്ത്യയുടെ ടി20 ടീമില്‍ കാര്യമായ മാറ്റങ്ങള്‍ വേണമെന്ന ആവശ്യങ്ങളും ശക്തമാവുകയാണ്.
ഇന്ത്യയുടെ ടി20 ടീമിന്‍റെ പരിശീലക സ്ഥാനത്ത് നിന്നും രാഹുൽ ദ്രാവിഡിനെ മാറ്റാൻ മാനേജ്‌മെന്‍റിന് താൽപ്പര്യമില്ലെങ്കിൽ അദ്ദേഹത്തെ സഹായിക്കാന്‍ മറ്റൊരാളെ കൊണ്ടുവരണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ താരം ഹര്‍ഭജന്‍ സിങ്. "ഇത് ക്യാപ്റ്റന്‍റെ കാര്യം മാത്രമല്ല. ടി20 ഫോര്‍മാറ്റ് മനസിലാകുന്ന അടുത്തിടെ വിരമിച്ച ഒരാളെ നിങ്ങള്‍ തീര്‍ച്ചയായും ടീമിലേക്ക് കൊണ്ടുവരണം.
രാഹുൽ ദ്രാവിഡിനോടോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിയാണ് ഇതു പറയുന്നത്. അദ്ദേഹത്തോടൊപ്പം ഞാന്‍ ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. അദ്ദേഹം ബുദ്ധിമാനാണ്. ടി20 ടീമിന്‍റെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്നും അദ്ദേഹത്തെ മാറ്റാൻ നിങ്ങൾക്ക് താൽപ്പര്യമില്ലെങ്കിൽ അദ്ദേഹത്തെ സഹായിക്കൂ" ഹർഭജൻ സിങ് പറഞ്ഞു.
ആശിഷ് നെഹ്‌റയെപ്പോലെയുള്ള ഒരാളാണ് ഇന്ത്യയുടെ ടി20 പരിശീലകനായി വേണ്ടതെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു. "ഇപ്പോൾ വിരമിച്ച ഒരാളെ കൊണ്ടുവരിക, ആശിഷ് നെഹ്‌റയെപ്പോലെ മികച്ച ക്രിക്കറ്റ് തലച്ചോർ ലഭിച്ച ഒരാളെ. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റൻസിന്‍റെ പരിശീലകനെന്ന നിലയിൽ അദ്ദേഹം എന്താണ് ചെയ്തതെന്ന് നമുക്കറിയാം. ഞാൻ ഉദ്ദേശിക്കുന്നത് ആശിഷിനെ മാത്രമല്ല, ഈ ഫോർമാറ്റ് അറിയുന്ന ആർക്കും ആകാം". ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.