അഡ്‌ലെയ്‌ഡ്: ടി20 ലോകകപ്പ് സൂപ്പര്‍ 12ല്‍ ഏറെ മത്സരങ്ങളിലും വെറ്ററന്‍ താരം ദിനേശ് കാര്‍ത്തികാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നിലയില്‍ പ്ലേയിങ് ഇലവനിലെത്തിയത്. സിംബാബ്‌വെയ്‌ക്കെതിരായ അവസാന മത്സരത്തില്‍ കാര്‍ത്തികിനെ പുറത്തിരുത്തി റിഷഭ് പന്തിന് അവസരം നല്‍കിയിരുന്നു. എന്നാല്‍ അവസരം മുതലാക്കാന്‍ കഴിയാതിരുന്ന താരം അഞ്ച് പന്തില്‍ മൂന്ന് റണ്‍സുമായി തിരിച്ച് കയറി.
ഫിനിഷറെന്ന നിലയില്‍ ടീമിലെത്തിയ കാര്‍ത്തികിനും കാര്യമായി തിളങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഇതോടെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ആരാവും വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് എത്തുകയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇക്കാര്യത്തില്‍ തന്‍റെ അഭിപ്രായം വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ പരിശീലകന്‍ രവി ശാസ്‌ത്രി.
ഇംഗ്ലണ്ടിനെതിരെ റിഷഭ് പന്തിന് അവസരം നല്‍കണമെന്നാണ് ശാസ്‌ത്രി പറയുന്നത്. ഇടങ്കയ്യന്‍ ബാറ്ററെന്ന നിലയിലും മുന്‍ കാലങ്ങളില്‍ ഇംഗ്ലണ്ടിനെതിരെയുള്ള പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലും പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യുമെന്ന് ശാസ്‌ത്രി പറഞ്ഞു.
''കാര്‍ത്തിക് ഒരു മികച്ച ടീം പ്ലെയറാണ്. എന്നാല്‍ ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് എന്നിങ്ങനെ മികച്ച ബോളിങ് അറ്റാക്കുള്ള ടീമുകള്‍ക്കെതിരെ കളിക്കുമ്പോള്‍ ഇടങ്കയ്യനായ പന്തിന് അവസരം നല്‍കണം. അടുത്തിടെ ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനം നടത്താന്‍ പന്തിന് കഴിഞ്ഞിരുന്നു. ഒരു ഏകദിന മത്സരം വിജയപ്പിക്കാനും പന്തിനായി.
പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നാണ് എന്‍റെ അഭിപ്രായം. കാരണം അവന്‍ എക്‌സ് ഫാക്റ്ററുള്ള കളിക്കാരനാണ്. അഡ്‌ലെയ്ഡിലെ ഷോര്‍ട്ട് ബൗണ്ടറികള്‍ ഇടങ്കയ്യന്‍ ബാറ്റര്‍മാര്‍ക്ക് മുതലാക്കാന്‍ സാധിക്കും. ടീമില്‍ ഒരു ഇടങ്കയ്യന്‍ ബാറ്ററെങ്കിലുമുള്ളത് ഗുണം ചെയ്യും". ശാസ്‌ത്രി പറഞ്ഞു.
ഇംഗ്ലണ്ടിനെതിരെ പന്തിന് അവസരം ലഭിച്ചേക്കുമെന്നാണ് സംസാരം. ഒരു മത്സരത്തിലെ മോശം പ്രകടനത്തെ തുടര്‍ന്ന് പന്തിനെ വിലയിരുത്തില്ലെന്ന് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം വ്യാഴാഴ്‌ചയാണ് ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനല്‍ മത്സരം നടക്കുക.
Also read: T20 World Cup: പുൾ ഷോട്ട് ശ്രമം പരാജയം, രോഹിത്തിന്‍റെ കൈയില്‍ പന്തിടിച്ചു; ഇന്ത്യയ്‌ക്ക് ആശങ്ക