ദുബൈ: ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് ഇന്ന് അവസാന മത്സരം. രാത്രി 7.30ന് ദുബൈയില്‍ നടക്കുന്ന മത്സരത്തില്‍ നമീബിയയാണ് ഇന്ത്യയുടെ എതിരാളി. സൂപ്പര്‍ 12ലെ അവസാന മത്സരം കൂടിയാണിത്. ടീമിന്‍റെ സെമി പ്രതീകള്‍ നേരത്തെ തന്നെ അസ്തമിച്ചതിനാല്‍ തന്നെ മത്സര ഫലത്തിന് പ്രസക്തിയില്ല.
ടി20 ക്യാപ്റ്റനെന്ന നിലയിൽ വിരാട് കോലിയുടെയും ഇന്ത്യൻ പരിശീലകനെന്ന നിലയിൽ രവി ശാസ്ത്രിയുടെയും അവസാന മത്സരം കൂടിയാണ്. ഇതോടെ മത്സരത്തില്‍ വമ്പന്‍ ജയം നേടി സെമിയിലെത്താത പുറത്തായതിനാൽ ക്ഷീണം മാറ്റാനാവും ഇന്ത്യന്‍ ശ്രമം.
മത്സരത്തില്‍ പ്രതീക്ഷകളുടെ ഭാരമില്ലാത്തതിനാൽ കൂടുതല്‍ താരങ്ങള്‍ക്ക് അവസരം നല്‍കാന്‍ സാധ്യതയുണ്ട്. ടൂര്‍ണമെന്‍റില്‍ ഇതേവരെ അവസരം ലഭിക്കാതിരുന്ന സ്പിന്നർ രാഹുൽ ചാഹാറിന് ടീമില്‍ ഇടം ലഭിച്ചേക്കും. ബാറ്റർമാരായ സൂര്യകുമാർ യാദവിനേയും ഇഷൻ കിഷനേയും ഒരുമിച്ച് പരിഗണിച്ചേക്കും.
ജസ്പ്രീത് ബുംറയ്‌ക്കോ, മുഹമ്മദ് ഷമിക്കോ വിശ്രമം അനുവദിക്കുകയാണെങ്കില്‍ ഭുവനേശ്വർ കുമാറിന് അന്തിമ ഇലവനില്‍ ഇടം ലഭിക്കും.
ടി20 ഫോര്‍മാറ്റില്‍ ആദ്യമായാണ് ഇന്ത്യയും നമീബിയയും നേര്‍ക്ക് നേര്‍ വരുന്നത്. ബൗളര്‍മാര്‍ക്ക് പിന്തുണ ലഭിക്കുന്നതാണ് ദുബൈയിലെ പിച്ച്. നേരത്തെ ഇവിടെ നടന്ന കൂടുതല്‍ മത്സരങ്ങളിലും പിന്തുടര്‍ന്ന ടീമാണ് ജയിച്ചത്. ഇതോടെ ടോസ് ലഭിക്കുന്ന ടീം ബാറ്റിങ് തെരഞ്ഞെടുക്കാനാണ് സാധ്യത.
കോലിക്ക് 50ാം മത്സരം
ടി20 നായക സ്ഥാനത്ത് വിരാട് കോലിയുടെ 50 മത്സരമാണിത്. ഇതുവരെയുള്ള 49 മത്സരങ്ങളില്‍ 29 ജയവും 16 തോൽവിയുമാണ് കോലിക്ക് കീഴില്‍ ഇന്ത്യ നേടിയത്. 63.82 ആണ് വിജയശതമാനം. അതേസമയം മുന്‍ നായകന്‍ എംഎസ് ധോണിയാണ് ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ടി20യിൽ ടീമിനെ നയിച്ച താരം. 72 മത്സരങ്ങളിലാണ് ധോണി ടീമിനെ നയിച്ചിട്ടുള്ളത്.