ദുബായ്: ടി20 ലോകകപ്പിന് മുന്നോടിയായുള്ള രണ്ടാം സന്നാഹ മത്സരത്തിലും ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ വിജയം. ഇന്ന് നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയെ ഒമ്പത് വിക്കറ്റുകള്‍ക്കാണ് ഇന്ത്യ തോല്‍പ്പിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഓസീസ് നിശ്ചത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷടത്തില്‍ ഉയര്‍ത്തിയ 153 റണ്‍സ് വിജയ ലക്ഷ്യം 13 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഇന്ത്യ അടിച്ചെടുത്തത്. സ്കോര്‍: ഓസ്ട്രേലിയ- 152/5 (20), ഇന്ത്യ- 153/1(17.5).
41 പന്തില്‍ 60 റണ്‍സെടുത്ത രോഹിത് ശര്‍മയുടെ പ്രകടനമാണ് ഇന്ത്യന്‍ വിജയം എളുപ്പമാക്കിയത്. അടുത്ത ബാറ്റർക്കായി താരം വഴിമാറിക്കൊടുക്കുകയായിരുന്നു. കെല്‍ രാഹുല്‍ 31 പന്തില്‍ 39 റണ്‍സെടുത്ത് പുറത്തായി. 27 പന്തില്‍ 38 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും 8 പന്തില്‍ 14 റണ്‍സെടുത്ത ഹര്‍ദിക് പാണ്ഡ്യയും പുറത്താവാതെ നിന്നു.
ഓസീസിനായി രണ്ട് ഓവറില്‍ 14 റണ്‍സ് വഴങ്ങിയ ആഷ്ടൺ ആഗർ ഒരു വിക്കറ്റ് വീഴ്‌ത്തി. നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങിയ പാറ്റ് കമ്മിന്‍സ് നിറം മങ്ങി.
അതേസമയം തുടക്കത്തില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ കുഴക്കിയ ഒസീസിന് സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്സ്‌വെല്‍, മാര്‍ക്കസ് സ്റ്റോയ്നിസ് എന്നിവരുടെ പ്രകനമാണ് തുണയായത്. 48 പന്തില്‍ 57 റണ്‍സെടുത്ത സ്റ്റീവ് സ്മിത്താണ് ഓസീസിന്‍റെ ടോപ് സ്കോറര്‍. മാക്സ്‌വെല്‍ 28 പന്തില്‍ 37 റണ്‍സും സ്റ്റോയ്നിസ് 25 പന്തില്‍ 41 റണ്‍സും നേടി.
also read: ടി20 ലോകകപ്പില്‍ ഹര്‍ദിക് പന്തെറിയുമെന്നാണ് പ്രതീക്ഷിക്കുന്നത്: രോഹിത് ശര്‍മ
ഇന്ത്യയ്‌ക്കായി ആര്‍ അശ്വിന്‍ രണ്ട് ഓവറില്‍ എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍, രാഹുല്‍ ചഹാര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഒരോ വിക്കറ്റും കണ്ടെത്തി. ഇംഗ്ലണ്ടിനെതിരായ ആദ്യ സന്നാഹ മത്സരത്തിലും ഇന്ത്യ ഏഴ് വിക്കറ്റുകള്‍ക്ക് വിജയം പിടിച്ചിരുന്നു.