ഷാര്‍ജ: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ സ്കോട്‌ലന്‍ഡിനെതിരെ അഫ്ഗാനിസ്ഥാന് കൂറ്റന്‍ ജയം. ഗ്രൂപ്പ് രണ്ടില്‍ നടന്ന പോരാട്ടത്തില്‍ 130 റണ്‍സിനാണ് സ്കോട്‌ലന്‍ഡിനെ അഫ്‌ഗാന്‍ തകര്‍ത്തത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ അഫ്‌ഗാന്‍ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഉയര്‍ത്തിയ 191 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന സ്കോട്‌ലന്‍ഡ് 10.2 ഓവറില്‍ 60 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
നാല് ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത മുജീബ് ഉര്‍ റഹ്മാനും 2.2 ഓവറില്‍ ഒമ്പത് റണ്‍സിന് നാലു വിക്കറ്റെടുത്ത റാഷിദ് ഖാനുമാണ് സ്കോട്‌ലന്‍ഡിനെ തകര്‍ത്തത്. സ്കോര്‍: അഫ്ഗാനിസ്ഥാന്‍ - 190/4(20), സ്കോട്‌ലന്‍ഡ് - 60/10 (10.2).
വിക്കറ്റ് നഷ്ടമില്ലാതെ മൂന്നോവറില്‍ 28 റണ്‍സെന്ന നിലയില്‍ നിന്നാണ് സ്‌കോട്‌ലന്‍ഡ് ബാറ്റിങ്‌നിര തകര്‍ന്നടിഞ്ഞത്. എട്ട് ബാറ്റര്‍മാര്‍ രണ്ടക്കം കണ്ടില്ല. അഞ്ചുപേര്‍ പൂജ്യത്തിന് പുറത്തായി. 18 പന്തില്‍ 25 റണ്‍സെടുത്ത ജോര്‍ജ് മുന്‍സിയാണ് സ്കോട്‌ലന്‍ഡിന്‍റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ കൈൽ കോറ്റ്സർ (7 പന്തില്‍ 10), ക്രിസ് ഗ്രീവ്സ് (12 പന്തില്‍ 12) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് താരങ്ങള്‍.
അതേസമയം നജീബുള്ള സര്‍ദ്രാന്‍റെ അര്‍ധസെഞ്ചുറിയുടെ മികവിലാണ് അഫ്‌ഗാന്‍ മികച്ച ലക്ഷ്യം കുറിച്ചത്. 33 പന്തില്‍ 59 റണ്‍സാണ് താരം അടിച്ചെടുത്തത്. റഹ്മാനുള്ള ഗുർബാസ് (37 പന്തില്‍ 46), ഹസ്രത്തുള്ള സസായ് (30 പന്തില്‍ 44) എന്നിവരും തിളങ്ങി. സ്കോട്‌ലന്‍ഡിനായി സഫിയാൻ ഷെരീഫ് 33 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്‌ത്തി.
മാര്‍ക്ക് വാട്ട് നാല് ഓവറില്‍ 23 റണ്‍സ് വഴങ്ങിയും ജോഷ് ഡേവി നാല് ഓവറില്‍ 41റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റുകള്‍ വീതം വീഴ്‌ത്തി. റണ്‍സ് അടിസ്ഥാനത്തില്‍ ടി20 ലോകകപ്പിലെ ഒരു ടീമിന്‍റെ ഏറ്റവും വലിയ വിജയമാണിത്. ജയത്തോടെ ഇന്ത്യയും പാക്കിസ്ഥാനും ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്താനും അഫ്ഗാനായി.