ദുബൈ: കുട്ടിക്രിക്കറ്റിലെ ലോക ചാമ്പ്യൻമാരെ കണ്ടെത്തുന്നതിനുള്ള പോരാട്ടത്തിന് നാളെ കൊടിയേറ്റം. 23 നാളുകൾ നീണ്ടുനിൽക്കുന്ന ക്രിക്കറ്റ് പൂരത്തിന് ഓസ്ട്രേലിയ- സൗത്ത് ആഫ്രിക്ക മത്സരത്തോടെ അബുദബിയിൽ തുടക്കമാകും. ടി20 ലോകകപ്പിന്‍റെ എട്ടാം പതിപ്പിൽ 12 ടീമുകളാണ് ഇത്തവണ കിരീടത്തിനായി പോരാടുന്നത്.
ആറ് ടീമുകളായുള്ള രണ്ട് ഗ്രൂപ്പുകളായാണ് സൂപ്പർ 12 മത്സരങ്ങൾ നടക്കുക. ഒരു ടീമിന് അഞ്ച് മത്സരം വീതം ലഭിക്കും. ഒന്നാമത്തെ ഗ്രൂപ്പിൽ കരുത്തരായ ടീമുകളാണ് മാറ്റുരക്കുന്നത്. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, സൗത്ത്ആഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ വമ്പൻമാർ തമ്മിലാണ് ഒന്നാം ഗ്രൂപ്പിലെ മത്സരം.
രണ്ടാം ഗ്രൂപ്പിലാണ് ഇന്ത്യയുടെ സ്ഥാനം. പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ന്യൂസിലൻഡ്, സ്കോട്‌ലൻഡ് എന്നീ ടീമുകൾക്കൊപ്പം യോഗ്യത മത്സരം കളിച്ചെത്തിയ നമീബിയയും ഉൾപ്പെട്ടതാണ് രണ്ടാം ഗ്രൂപ്പ്. ചിരവൈരികളായ പാകിസ്ഥാനുമായി ഞായറാഴ്‌ചയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
സ്കോട്‌ലൻഡ്, നമീബിയ എന്നീ ടീമുകൾ ആദ്യമായാണ് ടി20 ലോകകപ്പിൽ മാറ്റുരക്കുന്നത്. യോഗ്യത മത്സരത്തിൽ മികച്ച പ്രകടനം കാഴ്‌ചവെച്ചാണ് ഇരു ടീമുകളും സൂപ്പർ 12 ലേക്ക് യോഗ്യത നേടിയത്. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തിൽ ആറ് റണ്‍സിന് അട്ടിമറിച്ച് ഞെട്ടിച്ചുകൊണ്ടാണ് സ്കോട്‌ലൻഡിന്‍റെ വരവ്.
പോയിന്‍റ് പട്ടികയില്‍ ആദ്യത്തെ രണ്ടു സ്ഥാനങ്ങളിലെത്തുന്നവരാണ് സെമി ഫൈനലിലേക്കു യോഗ്യത നേടുക. നവംബര്‍ 10നാണ് ഗ്രൂപ്പ് എയിലെ ഒന്നാംസ്ഥാനക്കാരും ഗ്രൂപ്പ് ബിയിലെ രണ്ടാംസ്ഥാനക്കാരും തമ്മിലുള്ള ആദ്യത്തെ സെമി ഫൈനല്‍. ഗ്രൂപ്പ് എയിലെ രണ്ടാംസ്ഥാനക്കാരും ബിയിലെ ഒന്നാംസ്ഥാനക്കാരും മത്സരിക്കുന്ന രണ്ടാം സെമി ഫൈനൽ നവംബർ 11 ന് നടക്കും. രണ്ടു സെമി ഫൈനലുകള്‍ക്കും ഓരോ റിസര്‍വ് ദിനവുമുണ്ടാവും.
ഇന്ത്യ X പാകിസ്ഥാൻ
യുദ്ധ സമാനമാണ് ഓരോ ഇന്ത്യ- പാക് മത്സരവും. ലോകകപ്പ് മത്സരങ്ങളിൽ പാകിസ്ഥാന് ഇന്ത്യയെ ഒരിക്കൽ പോലും തോൽപ്പിക്കാൻ സാധിച്ചിട്ടില്ല. ഏകദിന ലോകകപ്പിൽ ഏഴ് തവണയും ടി-20 ലോകകപ്പിൽ അഞ്ച് തവണയുമാണ് ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയത്. അതിൽ എല്ലാ മത്സരത്തിലും സമ്പൂർണ ആധിപത്യം ഇന്ത്യക്കായിരുന്നു.
ഏകദിന ലോകകപ്പിൽ ചരിത്രത്തില്‍ ഏഴ് തവണ മുഖാമുഖം വന്നപ്പോള്‍ ആറ് തവണയും ആദ്യം ബാറ്റുചെയ്തത് ഇന്ത്യയായിരുന്നു. ലോകകപ്പില്‍ ഇന്ത്യ നൂറൂശതമാനം വിജയം നേടിയതും പാകിസ്ഥാനെതിരെയാണ്.
ക്രിക്കറ്റ് പിച്ചില്‍ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരുന്നത് രണ്ട് വര്‍ഷത്തോളം നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് എന്ന പ്രത്യേകതയുണ്ട്. ഇംഗ്ലണ്ടില്‍ 2019ല്‍ നടന്ന ഏകദിന ലോകകപ്പിന് ശേഷം ഇരു ടീമും ഇതുവരെ മുഖാമുഖം വന്നിട്ടില്ല.
ഇന്ത്യൻ ടീം
വിരാട് കോലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ(വൈസ് ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചഹാര്‍, രവിചന്ദ്ര അശ്വിന്‍, ഷർദ്ദുൽ താക്കൂർ, വരുണ്‍ ചക്രവര്‍ത്തി, ജസ്‌പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.
ALSO READ : മകളെ കാണാൻ കഴിയുന്നില്ല, 135 ദിവസത്തോളമായി ക്വാറന്‍റൈനിൽ; ശ്രീലങ്കൻ ടീം വിട്ട് ജയവർധന