റായ്‌പൂര്‍: റോഡ് സേഫ്റ്റി വേള്‍ഡ് സീരീസില്‍ തിലകരത്‌നെ ദിൽഷന്‍റെ മികവില്‍ സൗത്ത് ആഫ്രിക്ക ലെജന്‍ഡ്‌സിനെതിരെ ശ്രീലങ്ക ലെജന്‍ഡ്‌സിന് ഒമ്പത് വിക്കറ്റ് വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്കയ്ക്ക് 18.5 ഓവറില്‍ 89 റണ്‍സിന് എല്ലാ വിക്കറ്റുകളും നഷ്ടമായി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലങ്ക 13.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടി. ലങ്കയ്ക്കായി ക്യാപ്റ്റന്‍ കൂടിയായ ദില്‍ഷന്‍ 40 പന്തിൽ നിന്ന് 50 റണ്‍സ് നേടുകയും നാല് ഓവറിൽ ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. 31പന്തില്‍ അഞ്ച് ഫോറുകള്‍ സഹിതം 27 റണ്‍സെടുത്ത തരംഗ ദില്‍ഷന് മികച്ച പിന്തുണയേകി. ഒമ്പത് പന്തില്‍ എട്ട് റണ്‍സ് നേടിയ ജയസൂര്യയുടെ വിക്കറ്റാണ് ലങ്കയ്ക്ക് നഷ്ടമായത്.
46 പന്തിൽ 39 റൺസ് നേടിയ ആൻഡ്രൂ പുട്ടിക്കാണ് സൗത്ത് ആഫ്രിക്കയുടെ ടോപ്പ് സ്കോറര്‍. 14 പന്തില്‍ 15 റണ്‍സെടുത്ത സാണ്ടർ ഡി ബ്രൂയിന് മാത്രമേ പുട്ടിക്കിന് പിന്നാലെ രണ്ടക്കം കടക്കാനായുള്ളൂ. ലങ്കയ്ക്കായി ഇടംകയ്യന്‍ സ്‌പിന്നര്‍ രംഗന ഹെരാത്ത്, സീമർ നുവാൻ കുലശേഖര, സനത് ജയസൂര്യ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. നാല് മത്സരങ്ങളില്‍ മൂന്ന് ജയവും ഒരു തോല്‍വിയുമായി പോയിന്‍റ് പട്ടികയില്‍ ഇന്ത്യയ്ക്ക് പിന്നിലാണ് ലങ്ക.