ദുബായ് : ടി20 ലോകകപ്പിൽ സൂപ്പർ 12 ഘട്ടത്തിലേക്ക് കടന്നതിന് പിന്നാലെ ടീം വിട്ട് ശ്രീലങ്കൻ ടീമിന്‍റെ ബാറ്റിങ് കണ്‍സൾട്ടന്‍റ് മഹേല ജയവർധന. ലോകകപ്പിനായി തുടർച്ചയായി ബയോബബിളിൽ കഴിയുന്നതിന്‍റെ സമ്മർദം താങ്ങാനാവാത്തതിനാലാണ് താരം നാട്ടിലേക്ക് ടിക്കറ്റെടുത്തത്. നാട്ടിലെത്തിയാൽ വെർച്വലായി ടീമിനെ സഹായിക്കുമെന്നും ജയവർധന അറിയിച്ചു.
'കഴിഞ്ഞ ജൂണ്‍ മുതൽ 135 ദിവസത്തോളമായി ക്വാറന്‍റൈനിലും ബയോബബിളിലും കഴിയുകയാണ് ഞാൻ. ഇത് വളരെ പ്രയാസമേറിയ കാര്യമാണ്. ഇത്രയും നാൾ ഞാൻ മകളെ കാണാതെയാണ് ഇരുന്നത്. അതിനാൽ ഇനി വീട്ടിലേക്ക് മടങ്ങിപ്പോകേണ്ടതുണ്ട്. എന്‍റെ അവസ്ഥ എല്ലാവർക്കും മനസിലാകുമെന്ന് കരുതുന്നു', ജയവർധന പറഞ്ഞു.
ALSO READ : മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് പിന്നാലെ രണ്‍വീർ- ദീപക ജോഡി; ഐപിഎൽ ടീം സ്വന്തമാക്കാനൊരുങ്ങി താരദമ്പതികൾ
ഇംഗ്ലണ്ടിലെ 100 പന്തുകളുടെ ടൂര്‍ണമെന്‍റായ 'ദി ഹന്‍ട്രഡില്‍' സതേണ്‍ ബ്രെയ്‌വ്‌സ് ടീമിന്‍റെ ബാറ്റിങ് കണ്‍സള്‍ട്ടന്‍റായിരുന്നു ജയര്‍വധന. അതിനുശേഷം ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം ചേര്‍ന്നു. രണ്ടിടത്തും ബയോ ബബിളും ക്വാറന്‍റൈനുമുണ്ടായിരുന്നു. ഇതിന് ശേഷമാണ് താരം ടി20 ലോകകപ്പ് ടീമിനൊപ്പം ചേർന്നത്. അതേസമയം ഗ്രൂപ്പ് എയിലെ യോഗ്യത മത്സരങ്ങളിൽ തകർപ്പൻ വിജയത്തോടെയാണ് ശ്രീലങ്ക സൂപ്പർ 12 ലേക്ക് കടന്നത്.