ക്വലാലംപുര്‍: അന്താരാഷ്‌ട്ര പുരുഷ ടി20-യില്‍ ലോക റെക്കോഡ് പ്രകടനവുമായി മലേഷ്യന്‍ ഫാസ്റ്റ് ബോളര്‍ സിയാസ്‌റുള്‍ ഇസാത് ഇദ്രസ്. ഒരു ടി20 മത്സരത്തില്‍ ഏഴ് വിക്കറ്റുകള്‍ നേടുന്ന ആദ്യ പുരുഷ താരമെന്ന റെക്കോഡാണ് മേലേഷ്യന്‍ താരം സ്വന്തമാക്കിയത്. 2024-ലെ ടി20 ലോകകപ്പിന്‍റെ ഏഷ്യന്‍ യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തില്‍ ചൈനയ്‌ക്ക് എതിരെയാണ് ഇദ്രസിന്‍റെ മിന്നും പ്രകടനം.
മികച്ച ഇന്‍സ്വിങ്ങറുകളാല്‍ ചൈനീസ് ബാറ്റര്‍മാരെ കുഴക്കിയ താരം നാല് ഓവറില്‍ വെറും എട്ട് റണ്‍സ് മാത്രം വഴങ്ങിയാണ് ഏഴ് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ഏഴ് പേരെയും സിയാസ്‌റുള്‍ ഇസാത് ഇദ്രസ് ബൗള്‍ഡാക്കുകയായിരുന്നു. താരത്തിന്‍റെ നാല് ഓവറുകളിലെ 24 പന്തുകളില്‍ 20-ലും റണ്‍സ് നേടാന്‍ ചൈനീസ് ബാറ്റര്‍മാര്‍ക്ക് കഴിഞ്ഞിരുന്നില്ല.
ഇതിന് മുന്നെ നൈജീരിയന്‍ ബോളര്‍ പീറ്റര്‍ അഹോയായിരുന്നു പുരുഷ ടി20 ക്രിക്കറ്റില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ ബോളറെന്ന നേട്ടം കയ്യടക്കി വച്ചിരുന്നത്. 2021-ല്‍ സിയാറ ലിയോണിനെതിരേ അഞ്ച് റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റുകളായിരുന്നു നൈജീരിയന്‍ ബോളര്‍ സ്വന്തമാക്കിയത്. നിലവിലെ പട്ടികയില്‍ ഇന്ത്യയുടെ ദീപക് ചഹാറിനാണ് മൂന്നാം സ്ഥാനം.
2019-ല്‍ ബംഗ്ലാദേശിനെതിരെ ഏഴ് റണ്‍സിന് ആറ് വിക്കറ്റായിരുന്നു ദീപക് ചഹാര്‍ വീഴ്‌ത്തിയത്. ഐസിസിയുടെ പൂര്‍ണ അംഗ രാജ്യങ്ങളുടെ കാര്യം പരിഗണിച്ചാല്‍ ടി20-യില്‍ മികച്ച പ്രകടനമെന്ന റെക്കോഡ് ദീപക് ചഹാറിന് സ്വന്തമാണ്. 2021-ല്‍ ലെസോത്തോയ്‌ക്ക് എതിരെ ഏഴ് റണ്‍സിന് ആറ് വിക്കറ്റ് വീഴ്‌ത്തിയ ഉഗാണ്ടയുടെ ദിനേശ് നക്രാണിയാണ് പട്ടികയില്‍ നാലാം സ്ഥാനത്ത്.
ശ്രീലങ്കയുടെ അജാന്ത മെന്‍ഡിസ് എട്ട് റണ്‍സിന് ആറ് വിക്കറ്റ് വീഴ്‌ത്തിയതാണ് ടി20 ചരിത്രത്തില്‍ മികച്ച അഞ്ചാമത്തെ ബോളിങ് പ്രകടനം. 2012-ല്‍ സിംബാബ്‌വെയ്‌ക്ക് എതിരെയായിരുന്നു മെന്‍ഡീസ് ആറ് വിക്കറ്റുകള്‍ വീഴ്‌ത്തിയത്.
മൊത്തത്തിലുള്ള കണക്കെടുത്താല്‍ നെതര്‍ലന്‍ഡ്സിന്‍റെ വനിത താരമായ ഫ്രെഡറിക് ഓവര്‍ഡ്‌ജിക്, അര്‍ജന്‍റീനയുടെ വനിത താരമായ അലിസണ്‍ സ്റ്റോക്‌സ് എന്നിവരുടെ പേരിലാണ് അന്താരാഷ്‌ട്ര ടി20-യിലെ ഏറ്റവും മികച്ച പ്രകടനമുള്ളത്. ഫ്രെഡറിക് ഓവര്‍ഡ്‌ജിക് 2021 ഓഗസ്റ്റില്‍ ഫ്രാന്‍സ് വനിതകള്‍ക്ക് എതിരെ മൂന്ന് റണ്‍സ് മാത്രം വഴങ്ങി ഏഴ് വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ 2022 ഒക്‌ടോബറില്‍ പെറുവിനെതിരെ അലിസണ്‍ സ്റ്റോക്‌സും മൂന്നിന് ഏഴ് വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു.
അതേസമയം മത്സരത്തില്‍ എട്ട് വിക്കറ്റിന്‍റെ തകര്‍പ്പന്‍ വിജയം നേടാന്‍ മലേഷ്യയ്‌ക്ക് കഴിഞ്ഞിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത ചൈനയ സിയാസ്‌റുള്‍ ഇസാത് ഇദ്രസ് മിന്നിയതോടെ 11.2 ഓവറില്‍ 23 റണ്‍സിന് ഓള്‍ ഔട്ട് ആയിരുന്നു. ചൈനീസ് നിരയില്‍ ഒരു താരത്തിന് പോലും രണ്ടക്കം കാണാന്‍ കഴിഞ്ഞില്ല. 15 പന്തുകളില്‍ ഏഴ് റണ്‍സെടുത്ത ഓപ്പണര്‍ വീ ഗൗലീയാണ് ടീമിന്‍റെ ടോപ് സ്‌കോറര്‍. ആറ് താരങ്ങള്‍ പൂജ്യത്തിനാണ് പുറത്തായത്. മറുപടിക്കിറങ്ങിയ മലേഷ്യ 4.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 24 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്.