ബെംഗളൂരു: ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം അവിസ്‌മരണീയമാക്കി മുംബൈ ബാറ്റര്‍ സുവേദ് പാര്‍ക്കര്‍. രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ ഉത്തരാഖണ്ഡിനെതിരായ മത്സരത്തില്‍ ഇരട്ട സെഞ്ചുറി നേടിയാണ് 21 കാരനായ സുവേദ് അരങ്ങേറ്റം ഗംഭീരമാക്കിയത്. ഐപിഎല്ലിനിടെ പരിക്കേറ്റ് പുറത്തായ അജിങ്ക്യ രഹാനെയ്ക്ക് പകരക്കാരനായാണ് സുദേവ് മുംബൈ ടീമിലെത്തിയത്.
മത്സരത്തില്‍ നാലാം നമ്പറിലെത്തി സുവേദ് 447 പന്തില്‍ നിന്ന് 21 ഫോറും നാല് സിക്സറും സഹിതം 252 റണ്‍സാണ് നേടിയത്. ഇതോടെ അമോൽ മജുംദാർക്ക് ശേഷം രഞ്ജി ട്രോഫി അരങ്ങേറ്റത്തിൽ ഇരട്ട സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമാവാനും സുവേദ് പാര്‍ക്കര്‍ക്ക് കഴിഞ്ഞു. 1993-94 സീസണിൽ ഹരിയാനയ്‌ക്കെതിരെ ബോംബെയ്ക്കായി അരങ്ങേറിയ അമോൽ മജുംദാർ 260 റൺസാണ് നേടിയിരുന്നത്.
also read: 174 പന്തില്‍ 36 റണ്‍സ്...!; ഗവാസ്‌കറുടെ 'അത്‌ഭുത മോശം' പ്രകടനത്തിന് ഇന്ന് 47 വയസ്
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ചുറി നേടുന്ന 12ാമത്തെ മാത്രം ഇന്ത്യന്‍ ബാറ്ററാണ് സുവേദ് പാര്‍ക്കര്‍. ഫസ്റ്റ് ക്ലാസ് അരങ്ങേറ്റത്തിൽ ട്രിപ്പിൾ സെഞ്ചുറി നേടിയ ഏക ഇന്ത്യൻ ബാറ്റര്‍ ബിഹാറിന്‍റെ സാക്കിബുള്‍ ഗനിയാണ്. ഈ വര്‍ഷം ഫെബ്രുവരിയില്‍ മിസോറാമിനെതിരായ അരങ്ങേറ്റ മത്സരത്തില്‍ 341 റൺസായിരുന്നു താരം അടിച്ചെടുത്തത്.