ലണ്ടന്‍: ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ബാറ്റ്സ്മാന്മാരായ പൃഥ്വി ഷാ, സൂര്യകുമാര്‍ യാദവ്, സ്പിന്നര്‍ ജയന്ത് യാദവ് എന്നിവരെ ഉള്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഇംഗ്ലണ്ട് പര്യടനത്തില്‍ ഉള്‍പ്പെട്ടിരുന്ന ശുഭ്മാന്‍ ഗില്‍, വാഷിംഗ്ടണ്‍ സുന്ദറിര്‍, പേസര്‍ ആവേശ് ഖാന്‍ എന്നിവര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് പുതിയ താരങ്ങളെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
എന്നാല്‍ ബിസിസിഐ ഇതുവരെ ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം പൃഥ്വി ഷായും സൂര്യകുമാര്‍ യാദവും ടീമിന്‍റെ ഭാഗമായേക്കുമെന്നും എന്നാല്‍ ജയന്ത് യാദവിന്‍റെ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നുമാണ് ബിസിസിഐയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിക്കുന്നത്. നിലവില്‍ ഇന്ത്യന്‍ ടീമിന്‍റെ ശ്രീലങ്കന്‍ പര്യടനത്തിന്‍റെ ഭാഗമായ താരങ്ങളാണ് പൃഥ്വി ഷായും സൂര്യകുമാര്‍ യാദവും.
also read: 'രാജ്യത്തിന്‍റെ മകളെക്കുറിച്ച് അഭിമാനിക്കുന്നു'; ചാനുവിനെ അഭിനന്ദിച്ച് കിരണ്‍ റിജിജു
അതേസമയം പൃഥ്വി ഷായും ജയന്ത് യാദവും നേരത്തെ തന്നെ ടെസ്റ്റില്‍ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. എന്നാല്‍ ഓപ്പണിങ് ബാറ്റ്സ്മാന്‍ ശുഭ്മാന്‍ ഗില്ലിന് പകരക്കാരനായി പൃഥ്വി ഷായെ ഇംഗ്ലണ്ടിലേക്ക് അയക്കണമെന്ന് ടീം മാനേജ്മെന്‍റ് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ബിസിസിഐ വഴങ്ങിയിരുന്നില്ല.