ഹൈദരാബാദ് : നിലവില്‍ ഇന്ത്യയുടെ മികച്ച ടി20 ബാറ്റര്‍മാരിലൊരാളാണ് സൂര്യകുമാര്‍ യാദവ്. ടീമിലെത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ അദ്ദേഹത്തിന് ടീമിന്‍റെ അഭിവാജ്യഘടകമായി മാറാന്‍ സാധിച്ചിട്ടുണ്ട്. ആദ്യ പന്ത് മുതല്‍ ആക്രമിച്ച് കളിക്കുന്ന സൂര്യകുമാര്‍ യാദവിന്‍റെ ബാറ്റിങ് ശൈലിയെ ഇതിനോടകം തന്നെ നിരവധി മുന്‍ താരങ്ങളാണ് പ്രശംസിച്ചത്.
ക്രീസിലെത്തുമ്പോള്‍ മുതലുള്ള തന്‍റെ മനോഭാവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് 32 കാരനായ സൂര്യകുമാര്‍ യാദവ്. ആക്രമണമാണ് ഏറ്റവും മികച്ച പ്രതിരോധരൂപമെന്ന് തനിക്ക് എല്ലായ്‌പ്പോഴും തോന്നിയിട്ടുണ്ടെന്ന് യാദവ് അവകാശപ്പെട്ടു. ഇഎസ്‌പിഎന്‍ ക്രിക് ഇന്‍ഫോയ്‌ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു താരത്തിന്‍റെ പ്രതികരണം.
തന്‍റെ പ്രകടനം മെച്ചപ്പെടുത്താന്‍ വേണ്ടി എല്ലാ ഫോര്‍മാറ്റിലെയും മികച്ച ഇന്നിങ്സുകള്‍ വീക്ഷിക്കാറുണ്ട്. അത്തരം സാഹചര്യങ്ങളില്‍ താരങ്ങള്‍ എന്താണ് ചെയ്‌തതെന്ന് കാണാനും പഠിക്കാനും ആഗ്രഹിക്കുന്നുണ്ട്. ഇതിലൂടെ സ്വയം മെച്ചപ്പെടാനും, തന്‍റെ പ്രകടനത്തെ ടീമിന് എങ്ങനെ ഉപകാരപ്പെടുത്താമെന്നുമാണ് ചിന്തിക്കുന്നതെന്നും സൂര്യ പറഞ്ഞു.
സ്റ്റീവ് വോയുടെ ആരാധകനാണ് താനെന്നും അഭിമുഖത്തില്‍ സൂര്യകുമാര്‍ യാദവ് വെളിപ്പെടുത്തി. 1994-95ല്‍ വെസ്‌റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ ഓസ്‌ട്രേലിയയുടെ സ്‌റ്റീവ് വോയുടെ ബാറ്റിങ്ങാണ് തന്നെ കൂടുതല്‍ പ്രചോദിപ്പിച്ചിട്ടുള്ളത്. ഇതേ തുടര്‍ന്നാണ് താനും സാഹചര്യം നോക്കാതെ തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച് എതിര്‍ ടീമിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കാന്‍ ശ്രമിക്കുന്നതെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ടി20 റാങ്കിങ്ങില്‍ ആദ്യ അഞ്ചിലുള്ള ഏക ഇന്ത്യന്‍ ബാറ്ററാണ് സൂര്യകുമാര്‍ യാദവ്. ഈ വര്‍ഷം ഇന്ത്യയ്‌ക്കായി 25 ടി20 മത്സരങ്ങള്‍ കളിച്ച സൂര്യകുമാര്‍ യാദവ് 866 റണ്‍സാണ് നേടിയിട്ടുള്ളത്.