ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മിസ്റ്റർ ഐപിൽ സുരേഷ് റെയ്‌ന ഇന്ത്യൻ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു കാലത്ത് ഇന്ത്യൻ ടീമിന്‍റെയും ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്‍റെയും തുറുപ്പു ചീട്ടായ റെയ്‌ന വിരമിക്കലിന് പിന്നാലെ വിദേശ ലീഗുകളിൽ കളിക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ഉത്തർപ്രദേശ് ക്രിക്കറ്റ് ബോർഡിൽ നിന്ന് എൻഒസി വാങ്ങിയതായും ബിസിസിഐയോട് തന്‍റെ ഭാവി പദ്ധതികളെപ്പറ്റി സംസാരിച്ചിട്ടുണ്ടെന്നും റെയ്‌ന വ്യക്‌തമാക്കിയിട്ടുണ്ട്.
'എനിക്ക് അടുത്ത 2-3 വർഷം കൂടി ക്രിക്കറ്റ് കളിക്കണം. ഉത്തർപ്രദേശ് ടീമിന് കഴിവുള്ള ചില ക്രിക്കറ്റ് താരങ്ങളെ ലഭിച്ചിട്ടുണ്ട്, അവർ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുന്നുണ്ട്. എനിക്ക് യുപിസിഎയിൽനിന്ന് എൻഒസി ലഭിച്ചു, ബിസിസിഐ സെക്രട്ടറി ജയ് ഷായെയും വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ലയെയും അറിയിച്ചു. എന്‍റെ കരിയറിൽ ഉടനീളം എന്നെ പിന്തുണച്ചതിന് യുപിസിഎയ്ക്കും ബിസിസിഐക്കും ഞാൻ നന്ദി പറയുന്നു. ഇനി ഞാൻ ലോകമെമ്പാടുമുള്ള ടി20 ലീഗുകളിൽ കളിക്കും' വിരമിക്കൽ പ്രഖ്യാപനത്തിന് മുൻപ് റെയ്‌ന പറഞ്ഞിരുന്നു.
ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ ടി20 ലീഗും യുഎഇ ലീഗും ആരംഭിക്കാനിരിക്കെ ഇതിലേക്ക് ചേക്കേറുന്നതിനായാണ് റെയ്‌ന വിരമിക്കൽ പ്രഖ്യാപിച്ചത് എന്നാണ് സൂചന. ഈ ലീഗുകളിലെ മിക്ക ടീമുകളെയും സ്വന്തമാക്കിയത് ഇന്ത്യൻ ഫ്രഞ്ചൈസികളാണ്. ഐപിഎല്ലിലെ പ്രതിഫലം ലഭിക്കില്ലെങ്കിലും മറ്റു ലീഗുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഭേദപ്പെട്ട പ്രതിഫലം ഈ ലീഗുകളില്‍ നിന്നും ലഭിക്കും.
ആഭ്യന്തര മത്സരങ്ങളില്‍ നിന്നും വിരമിക്കാത്തവര്‍ക്ക് വിദേശ ലീഗുകളില്‍ കളിക്കാന്‍ ബിസിസിഐ അനുമതി നല്‍കാറില്ല. ബിസിസിഐയുടെ അനുമതിയില്ലാതെ വിദേശ ലീഗുകളില്‍ കളിക്കുകയാണെങ്കില്‍ പിന്നീട് ആ താരത്തിന് ക്രിക്കറ്റ് ബോര്‍ഡിന്‍റെ ആനുകൂല്യങ്ങളെല്ലാം നഷ്‌ടമാകും. അതിനാലാണ് 35 കാരനായ റെയ്‌ന വിരമിക്കൽ പ്രഖ്യാപിച്ചത് എന്നാണ് സൂചന.
മിസ്റ്റർ ഐപിഎൽ: ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിലും സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ താരമാണ് സുരേഷ് റെയ്‌ന. ഇന്ത്യൻ ടീമിലും ചെന്നൈ സൂപ്പർ കിങ്സിലും ധോണിയുടെ വിശ്വസ്‌തനായി അറിയപ്പെട്ടിരുന്ന താരത്തെ ആരാധകർ 'ചിന്ന തല' എന്നാണ് വിളിച്ചിരുന്നത്. 2008ൽ ഐപിഎൽ സീസൺ തുടങ്ങിയപ്പോൾ തന്നെ ചെന്നൈയുടെ വിജയങ്ങളിൽ പ്രധാനിയായിരുന്നു ഇടങ്കയ്യൻ താരമായ സുരേഷ് റെയ്‌ന. 421 റൺസാണ് ആദ്യ സീസണിൽ നേടിയത്.
8 സീസണുകളിൽ 400 റൺസിനു മുകളിൽ റെയ്‌ന സ്കോർ ചെയ്‌തു. ചെന്നൈക്കായി ഏറ്റവുമധികം റണ്‍സ് നേടിയ താരവും റെയ്‌ന തന്നെയാണ്. 4687 റണ്‍സ്. കൂടാതെ ചെന്നൈക്കായി ഏറ്റവുമധികം അർധ സെഞ്ച്വറി നേടിയ താരം(34) ഏറ്റവുമധികം ഫോറുകളും സിക്‌സറുകളും അടിച്ച താരം എന്നീ നേട്ടങ്ങളും സുരേഷ് റൈനെയുടെ പേരിലാണ്. താരത്തിന്‍റെ തകർപ്പൻ ഫീൽഡിങ് മികവും ചെന്നൈയെ പല മത്സരങ്ങളിലും വിജയത്തിലേക്കെത്തിച്ചിരുന്നു.
വിവാദം, തിരികെപ്പോക്ക്, പതനം: വാതുവെയ്‌പ്പ് വിവാദത്തെത്തുടർന്ന് 2 സീസണിൽ ചെന്നൈക്ക് വിലക്ക് വന്നപ്പോൾ ഗുജറാത്ത് ലയൺസിന്‍റെ നായകനായിരുന്നു റെയ്‌ന. പിന്നാലെ ചെന്നൈ തിരിച്ചെത്തിയതോടെ ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും മാനേജ്‌മെന്‍റുമായി അത്ര രസത്തിലായിരുന്നില്ല താരം. ദുബായിൽ നടന്ന ഐപിഎലിൽ ഹോട്ടൽ മുറിയുടെ സൗകര്യവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളെ തുടർന്ന് വ്യക്‌തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി റെയ്‌ന സീസണിന്‍റെ പാതിവഴിയിൽ നാട്ടിലേക്ക് തിരികെ പോയിരുന്നു.
തുടർന്ന് 2021ൽ ടീമിൽ തിരിച്ചെത്തിയെങ്കിലും എല്ലാ മത്സരങ്ങളിലും കളിക്കാനായില്ല. 12 മത്സരങ്ങളിൽ നിന്ന് 17.77 റൺസ് ശരാശരിയോടെ 160 റൺസ് നേടാനേ താരത്തിനായുള്ളു. തുടർന്ന് 2022ൽ നടന്ന മെഗാ ലേലത്തിൽ 2 കോടി രൂപ അടിസ്ഥാന വിലയിട്ട താരത്തെ സ്വന്തമാക്കാൻ ചെന്നൈ ഉൾപ്പെടെയുള്ള 10 ഫ്രാഞ്ചൈസികളും താൽപര്യം കാണിച്ചിരുന്നില്ല. ഐപിഎല്ലിലെ തന്നെ ഏറ്റവും മികച്ച താരത്തിന്‍റെ ദുരന്തപൂർണമായ പതനത്തിനാണ് ആരാധകർ ആ സീസണിൽ സാക്ഷ്യം വഹിച്ചത്.
READ MORE: 'അചഞ്ചലമായ പിന്തുണയ്‌ക്ക് നന്ദി'; ക്രിക്കറ്റ് മതിയാക്കി സുരേഷ് റെയ്‌ന
ഇന്ത്യയ്ക്കുവേണ്ടി 18 ടെസ്റ്റുകളും 226 ഏകദിനങ്ങളും 78 ടി20 മത്സരങ്ങളും റെയ്‌ന കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ 5,615 റണ്‍സും ടെസ്റ്റില്‍ നിന്നും 1,605 റണ്‍സും നേടി. ഐപിഎല്ലില്‍ 205 കളികളില്‍ നിന്നും 5,528 റണ്‍സാണ് സമ്പാദ്യം. നിർണായക ഘട്ടത്തിൽ ബോളിങ്ങിലും എതിരാളികളെ വീഴ്‌ത്താറുള്ള റെയ്‌ന ടെസ്റ്റിൽ 13 വിക്കറ്റുകളും, ഏകദിനത്തിൽ 36 വിക്കറ്റുകളും, ടി20യിൽ 13 വിക്കറ്റുകളും ഐപിഎല്ലിൽ 25 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.