മുംബൈ: മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണിന്‍റെ കടുത്ത വിമര്‍ശകരില്‍ ഒരാളായാണ് മുന്‍ താരം സുനില്‍ ഗാവസ്‌കര്‍. സഞ്‌ജുവിന്‍റെ സ്ഥിരതയില്ലായ്‌മയുള്‍പ്പെടെ നിരവധി കാര്യങ്ങളെ വിമര്‍ശിച്ച് ഗവാസ്‌കര്‍ രംഗത്തെത്തിയിരുന്നു. സഞ്‌ജുവിന്‍റെ കഴിവില്‍ തനിക്ക് സംശയമില്ലെന്നും ഷോട്ട് സെലക്ഷന്‍ മെച്ചപ്പെടുത്തിയാല്‍ താരത്തിന് ഇന്ത്യയുടെ ടി20 ടീമില്‍ സ്ഥിരസാന്നിധ്യമാകാന്‍ സാധിക്കുമെന്നുമാണ് ഗവാസ്‌കറിപ്പോള്‍ പറയുന്നത്.
''എല്ലാവരും കൂടുതല്‍ അവസരങ്ങള്‍ അര്‍ഹിക്കുന്നുണ്ട്, എന്നാല്‍ നിങ്ങളവ പരമാവധി പ്രയോജനപ്പെടുത്തണം. സഞ്ജു സാംസണിന്‍റെ കഴിവുകള്‍ നമുക്കെല്ലാവര്‍ക്കുമറിയാം. ഷോട്ട് സെലക്ഷനിലെ പിഴവുകളാണ് ഇന്ത്യയ്ക്കായി കളിക്കുമ്പോള്‍ സഞ്ജുവിനെ പിന്നോട്ടടിക്കുന്നത്. ആദ്യ പന്ത് മുതല്‍ ആക്രമിച്ച് കളിക്കാനാണ് അവന്‍ ശ്രമിക്കുന്നത്.
ടി20യില്‍ പോലും നിങ്ങള്‍ക്ക് നിലയുറപ്പിച്ച് കളിക്കാനുള്ള അവസരമുണ്ട്. അതിനാല്‍ തന്നെ ഷോട്ട് സെലക്ഷന്‍ മെച്ചപ്പെടുത്തിയാല്‍ ഇന്ത്യയ്ക്ക് വേണ്ടിയായാലും ഫ്രാഞ്ചൈസിക്ക് വേണ്ടിയായാലും അവന് കൂടുതല്‍ സ്ഥിരതയോടെ കളിക്കാനാകും. അങ്ങനെയാണെങ്കില്‍ ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന്‍റെ സ്ഥാനത്തെ ആരും തന്നെ ചോദ്യം ചെയ്യില്ല.'' ഗവാസ്‌കര്‍ പറഞ്ഞു.
ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയ സഞ്ജുവിനെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ പരിഗണിച്ചിരുന്നില്ല. എന്നാല്‍ ഈ മാസം അവസാനം അയർലൻഡിനെതിരെ രണ്ട് ടി20 മത്സരങ്ങൾ കളിക്കുന്ന ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിന്‍റെ ഭാഗമാണ് താരം.
also read: പന്ത് ടി20 ലോകകപ്പ് കളിക്കുമെന്ന് ഉറപ്പില്ല; സഞ്‌ജു ഉള്‍പ്പെടെ മൂന്ന് പേരുകള്‍ നിര്‍ദേശിച്ച് നെഹ്‌റ
2015 ജൂലൈയില്‍ അന്താരാഷ്‌ട്ര അരങ്ങേറ്റം നടത്തിയ സഞ്‌ജു ഇതേവരെ ഒരു ഏകദിനവും 13 ടി20 മത്സരങ്ങളുമാണ് ഇന്ത്യയ്‌ക്കായി കളിച്ചത്. ഏകദിനത്തില്‍ 46 റണ്‍സ് നേടിയ താരത്തിന് 174 റണ്‍സാണ് ടി20യില്‍ കണ്ടെത്താനായത്.