ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരമാണ് സുനില്‍ ഗവാസ്‌കര്‍. ടെസ്റ്റ് ക്രിക്കറ്റില്‍ 10,000 റണ്‍സ് തികയ്‌ക്കുന്ന ആദ്യ ബാറ്ററെന്ന റെക്കോഡ് ഉള്‍പ്പെടെ നിരവധി നേട്ടങ്ങള്‍ ഗവാസ്‌കറുടെ പേരിലുണ്ട്. എന്നാല്‍ ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു ബാറ്ററുടെ ഏറ്റവും മോശം പ്രകടനം നടത്തിയ താരം കൂടിയാണ് ഗവാസ്‌കര്‍.
1975 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ 174 പന്തില്‍ വെറും 36 റണ്‍സ് നേടി പുറത്താവാതെ നിന്നാണ് ഗവാസ്‌കര്‍ ചീത്തപ്പേര് സമ്പാദിച്ചത്. ലണ്ടനിലെ ഐതിഹാസികമായ ലോർഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ഗവാസ്‌കറിന്‍റെ ഈ തുഴച്ചില്‍ പ്രകടനത്തിന് ഇന്നേക്ക് കൃത്യം 47 വയസായി. 1975 ലോകകപ്പിലെ ആദ്യ മത്സരത്തിലായിരുന്നു ഗവാസ്‌കറുടെ മോശം പ്രകടനമെന്നതും ശ്രദ്ധേയം.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് 60 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിന് 334 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഓപ്പണർ ഡെന്നിസ് അമിസ് 147 പന്തിൽ 18 ബൗണ്ടറികളോടെ 137 റൺസ് നേടി ത്രീ ലയൺസിനെ നയിച്ചു. കീത്ത് ഫ്ലെച്ചറും ക്രിസ് ഓൾഡും അർധസെഞ്ചുറി നേടി സംഘത്തിന് മുതല്‍ക്കൂട്ടാവുകയും ചെയ്‌തു.
മറുപടിക്കിറങ്ങിയ ഇന്ത്യയ്‌ക്ക് 60 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വെറും 132 റണ്‍സായിരുന്നു നേടാനായത്. ഇന്ത്യയ്‌ക്ക് വേണ്ടി ഗവാസ്‌കറുടെ പ്രകടനമാകട്ടെ 29 ഓവറില്‍ 20.68 സ്‌ട്രൈക്ക് റേറ്റില്‍ വെറും 36 റണ്‍സ്. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ തന്നെ ഏറ്റവും മോശം ദിനമായാണ് ഇന്നും 1975ലെ ഈ ജൂണ്‍ ഏഴ് വിലയിരുത്തപ്പെടുന്നത്.
also read: 'എന്‍റെ ഉള്ളിൽ എന്തോ മരണപ്പെട്ടു'; ബയേൺ വിടാനുറച്ച് ലെവന്‍ഡോവ്‌സ്‌കി