കേപ്‌ടൗണ്‍ : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ടീം ഇന്ത്യയ്‌ക്ക് ജയം സ്വന്തമാക്കാന്‍ സാധിക്കുമെന്ന് മുന്‍ താരവും കമന്‍റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍ (Sunil Gavaskar Predicts SA vs IND 2nd Test Result). ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് നിരയ്‌ക്ക് രോഹിത് ശര്‍മയേയും സംഘത്തെയും പ്രതിരോധത്തിലാക്കാന്‍ സാധിക്കില്ലെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. കേപ്‌ടൗണ്‍ ടെസ്റ്റിന്‍റെ ഒന്നാം ദിനം രണ്ടാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക 62-3 എന്ന നിലയില്‍ കളിയവസാനിപ്പിച്ചതിന് പിന്നാലെയാണ് ഗവാസ്‌കറുടെ പ്രതികരണം.
'ദക്ഷിണാഫ്രിക്കയ്‌ക്ക് ഇപ്പോള്‍ തന്നെ മൂന്ന് വിക്കറ്റ് നഷ്‌ടപ്പെട്ടിട്ടുണ്ട്. ഇന്ത്യയ്‌ക്ക് ഇപ്പോഴും ഒന്നാം ഇന്നിങ്‌സിന്‍റെ ലീഡ് ഉണ്ട്. ഇന്ത്യ ഈ മത്സരം പിടിവിടില്ലെന്നാണ് ഞാന്‍ കരുതുന്നത്.
ഇന്നിങ്‌സ് വിജയം ഉണ്ടാകുമെന്ന് ഒരിക്കലും പറയാന്‍ സാധിക്കില്ല. രണ്ടാം ഇന്നിങ്‌സില്‍ അവര്‍ക്ക് കുറച്ചെങ്കിലും ബാറ്റ് ചെയ്യേണ്ടി വന്നേക്കാം. 150-200 റണ്‍സിന്‍റെ ലീഡ് സ്വന്തമാക്കി ഇന്ത്യയെ പ്രതിരോധത്തിലാക്കാന്‍ ശേഷിയുള്ള ബാറ്റര്‍മാര്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് ഇപ്പോള്‍ ഇല്ലെന്നാണ് ഞാന്‍ കരുതുന്നത്'- സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.
കേപ്‌ടൗണില്‍ ഇന്ന് രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിക്കുമ്പോള്‍ എയ്‌ഡന്‍ മാര്‍ക്രം (51 പന്തില്‍ 36), ഡേവിഡ് ബെഡിങ്‌ഹാം (6 പന്തില്‍ 7) എന്നിവരാണ് ക്രീസിലേക്ക് എത്തുക. ഡീന്‍ എല്‍ഗര്‍ (12), ടോണി ഡി സോര്‍സി (1), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (1) എന്നിവരുടെ വിക്കറ്റുകളാണ് പ്രോട്ടീസിന് നഷ്‌ടമായത് (South Africa vs India 2nd Test Day 1). ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്കോറിനേക്കാള്‍ 36 റണ്‍സ് പിന്നിലാണ് നിലവില്‍ ആതിഥേയര്‍.
നേരത്തെ, മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്ക 55 റണ്‍സില്‍ ഓള്‍ ഔട്ട് ആകുകയായിരുന്നു (South Africa 1st Innings Score In Cape Town Test). ആറ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറജാണ് കേപ്‌ടൗണില്‍ ദക്ഷിണാഫ്രിക്കയെ കുഞ്ഞന്‍ സ്കോറില്‍ എറിഞ്ഞിട്ടത്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 153 റണ്‍സില്‍ ഓള്‍ ഔട്ട് ആകുകയായിരുന്നു.
46 റണ്‍സ് നേടിയ വിരാട് കോലിയായിരുന്നു (Virat Kohli) ഇന്ത്യയുടെ ടോപ് സ്കോറര്‍. മികച്ച തുടക്കത്തിന് ശേഷമാണ് ഇന്ത്യയും കേപ്‌ടൗണില്‍ കൂട്ടത്തകര്‍ച്ച നേരിട്ടത്. 153ന് അഞ്ച് എന്ന നിലയില്‍ നിന്നാണ് 153-10 ലേക്ക് മത്സരത്തില്‍ ടീം ഇന്ത്യ വീണത്.
Also Read : കേപ്‌ടൗണില്‍ ഒറ്റ ദിവസം വീണത് 23 വിക്കറ്റുകള്‍ ; 'ഞെട്ടലോടെ' സച്ചിന്‍ ടെണ്ടുല്‍ക്കറും