സിഡ്‌നി: ലൈംഗികാതിക്രമ കേസില്‍ പിടിയിലായ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ധനുഷ്‌ക ഗുണതിലകയ്ക്ക് ജാമ്യം. സിഡ്‌നി ഡൗണിങ് സെന്‍റര്‍ ലോക്കല്‍ കോടതിയാണ് താരത്തിന് ജാമ്യം അനുവദിച്ചത്. നവംബര്‍ ഏഴിനായിരുന്നു ശ്രീലങ്കന്‍ താരം അറസ്റ്റിലായത്.
ജാമ്യം നല്‍കിയതിന് പിന്നാലെ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും താരത്തെ വിലക്കിയിട്ടുണ്ട്. നാല് കുറ്റങ്ങളാണ് താരത്തിനെതിരെ ചുത്തിയിരിക്കുന്നത്. കേസ് ജനുവരി 12ന് കോടതി വീണ്ടും പരിഗണിക്കും. ഓൺലൈൻ ഡേറ്റിങ് ആപ്ലിക്കേഷൻ വഴി പരിചയപ്പെട്ട 29കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് താരത്തിനെതിരെയുള്ള കേസ്. പരാതിക്കാരിയായ യുവതിയും ഗുണതിലകയും റോസ് ബേയിലെ വസതിയിൽ വച്ച് കണ്ടുമുട്ടിയിരുന്നു. നവംബർ 2ന് വൈകിട്ട് താരം ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ ആരോപണം.
ലോകകപ്പിനിടെ ആരോപണം ഉയര്‍ന്നതിന് പിന്നാലെ തന്നെ ക്രിക്കറ്റിൻറെ എല്ലാ ഫോർമാറ്റിൽ നിന്നും ധനുഷ്‌ക ഗുണതിലകയെ സസ്പെൻഡ് ചെയ്യാന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചിരുന്നു. ആരോപിക്കപ്പെടുന്ന കുറ്റത്തെക്കുറിച്ച് ഉടൻ അന്വേഷണം നടത്തുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളും. കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞാൽ താരത്തിനെതിരെ കൂടുതൽ നടപടികളുണ്ടാവുമെന്നും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് പ്രസ്താവനയിൽ അറിയിച്ചിരുന്നു.